22 October Thursday

600 കടന്ന്‌ ഭീതിപ്പകർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020

 ആലപ്പുഴ

ജില്ലയിൽ കോവിഡ് വ്യാപനത്തിൽ പേടിപ്പെടുത്തുന്ന ഒരു ഘട്ടംകൂടി. പ്രതിദിന രോഗികൾ 600 കടന്നു. ആകെ രോഗികൾ 14,000 ലേറെയും സമ്പർക്കബാധിതർ 12,000ൽ ഏറെയുമായി. 
    679 പേർക്കാണ് ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന നിരക്ക്. സമ്പർക്കം 658. 96.90 ശതമാനം. 
ആറുപേർ വിദേശത്തുനിന്ന്‌ 12 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവരാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. അമ്പലപ്പുഴ, ആലപ്പുഴ, ചെട്ടികാട് മേഖലകളിലെ സ്ഥിതി അതീവ ഗൗരവത്തിലേക്ക്‌. 
   വെള്ളിയാഴ്‌‌ചത്തെ 551 ആയിരുന്നു ഇതുവരെയുള്ള കൂടിയ നിരക്ക്. ചൊവാഴ്‌ച 524. അഞ്ഞൂറിലേറെ നാല്‌ തവണയും നാനൂറിലേറെ എട്ടുവട്ടവും മുന്നൂറിലേറെ 12 പ്രാവശ്യവും വന്നു. നൂറിലേറെ 50 തവണയായി എന്നതും ആശങ്ക കൂട്ടുന്നു. 
ആകെ രോഗികൾ 14,260. സമ്പർക്കം ആകെ 12,113.  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ (ഹെൽത്ത് ബ്ലോക്ക് അടിസ്ഥാനത്തിൽ):
 അമ്പലപ്പുഴ (ആലപ്പുഴ ഉൾപ്പെടെ) 174, ചെട്ടികാട് 79, മുഹമ്മ (ചേർത്തല ഉൾപ്പെടെ) 78, കുറത്തികാട് (മാവേലിക്കര ഉൾപ്പെടെ) 60,  മുതുകുളം( കായംകുളം ഉൾപ്പെടെ) 59, ത‌ൃക്കുന്നപ്പുഴ (ഹരിപ്പാട് ഉൾപ്പെടെ) 50,പാണ്ടനാട് (ചെങ്ങന്നൂർ ഉൾപ്പെടെ) 46, തുറവൂർ 40,ചെമ്പുംപുറം 31, അരൂക്കുറ്റി 17, ചുനക്കര 11, വെളിയനാട് ആറ്.   
ബുധനാഴ്‌ച 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9678 പേർ രോഗമുക്തരായി. 4570 പേർ ചികിത്സയിലുണ്ട്.
 

കോവിഡ് ബാധിതര്‍ക്കായി ‘പുനര്‍ജീവനം’ 

ആലപ്പുഴ
കോവിഡ് ബാധിതർക്കും രോഗമുക്തി നേടിയവർക്കുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ പുനർജീവനം പദ്ധതി. 
ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിക്കുന്നവർക്ക് പിന്നീട് ശ്വാസകോശരോഗങ്ങൾ ഉൾപ്പെടെ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ഇത്‌ തടയുകയാണ്‌  പദ്ധതിയുടെ പ്രധാനലക്ഷ്യം. 
 വിദഗ്ധ വൈദ്യ ഉപദേശത്തോടൊപ്പം യോഗ, ജീവിതശൈലി ക്രമീകരണം, പ്രാണായാമം, ലഘു വ്യായാമങ്ങൾ എന്നിവയിലൂടെ ശാരീരിക–- മാനസികക്ഷമത വർധിപ്പിക്കുന്നതിനാണ്‌ ഊന്നൽ. ജില്ലാ ആയുർവേദ കോവിഡ് റസ്‌പോൺസ് സെല്ലിന്റെ സഹകരണത്തോടെയാണ്‌ പദ്ധതി. 
പരിശീലനവും ബോധവൽക്കരണ ക്ലാസുകളും ഓൺലൈനായാണ് .ആഗസ്‌തിൽ ആരംഭിച്ച പദ്ധതിയിലൂടെ രണ്ട് ബാച്ച് പരിശീലനം പൂർത്തിയാക്കി. 
21 ദിവസമാണ് പരിശീലന കാലയളവ്. 471 പേർ ഇതേവരെ പരിശീലനം നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top