ആലപ്പുഴ
കുട്ടനാട് മേഖലയിലെ പുനരധിവാസം വേഗത്തിലാക്കുന്നതിന് ജലനിരപ്പ് താഴ്ത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലെ നെഹ്റുട്രോഫി വാർഡിന്റെ ചില ഭാഗങ്ങളിലും വെള്ളം വറ്റിക്കുന്നതിന് വെള്ളത്തിൽ മുങ്ങി നശിച്ച പമ്പുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട പാടശേഖരസമിതികൾക്ക് 20,000 രൂപ വരെ നൽകാൻ കലക്ടർ നിർദ്ദേശം നൽകി.
പുനരധിവാസത്തിന് വെള്ളം വറ്റിക്കേണ്ടത് അത്യാവശ്യമുള്ള ഭാഗങ്ങളിലാണ് ഇത് അനുവദിക്കുക. ഈ തുക ഉപയോഗിച്ച് അടിയന്തരമായി അത്തരം സ്ഥലങ്ങളിൽ മോട്ടോർ അറ്റകുറ്റപ്പണി നടത്തി വെള്ളം വറ്റിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതികളോട് ആവശ്യപ്പെട്ടു.
ഇതിന് തയ്യാറാകാത്ത സമിതികൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. എത്രയും പെട്ടെന്ന് മോട്ടോർ തറകൾ നിൽക്കുന്നിടത്ത് വൈദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ കെഎസ്ഇബിയോട് കലക്ടർ ആവശ്യപ്പെട്ടു.