ചെങ്ങന്നൂർ
പതിനൊന്നു വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ കേസുകളിൽ പ്രതികളായ പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
ലിഫ്റ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി വെൺമണി സ്വദേശിയുടെ പക്കൽനിന്ന് 1,95,000 രൂപ വാങ്ങി കടന്നുകളഞ്ഞതിന് 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആലുവ അമ്പാട്ടുകാവ് പട്ടരുമഠത്തിൽ സെന്തിൽ വെങ്കിടേശനാണ് (56) അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാകുന്നതിന് നിരവധി തവണ വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരായില്ല. തുടർന്ന് 2018 ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മേൽവിലാസവും ഫോണ്‍ നമ്പരും സ്ഥിരമായി മാറ്റിക്കൊണ്ടിരുന്നതിനാൽ ദീർഘനാളത്തെ ശ്രമത്തിനൊടുവിലാണ് അറസ്‌റ്റ് ചെയ്യാനായത്. ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാർ രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡാണ് ആലുവയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. -
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..