03 August Monday

പെരുന്നാൾ ദിനത്തിലും വിശ്രമമില്ലാതെ കലക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കലക്ടർ ഡോ. ഡി സജിത്‌ബാബുവിന്റെ നേതൃത്വത്തിൽ മിച്ചഭൂമി സംബന്ധിച്ച ഫയലുകൾ പരിശോധിക്കുന്നു

 
കാസർകോട്‌
സർക്കാർ ഓഫീസിന്റെ ചുവരുകൾക്കിടയിൽ പൊടിപിടിച്ച്‌ കിടന്ന ഫയലുകളിൽ ചിലരുടെ ജീവിതസ്വപ്‌നമായ ഇത്തിരി മണ്ണിന്റെ രേഖകളും ഉറങ്ങുന്നുണ്ട്‌. ചുവപ്പുനാടക്കുരുക്കിൽ അവ വിശ്രമിക്കുമ്പോഴും തലചായ്‌ക്കാൻ ഇടംതേടിയവർ മണ്ണിനടിയിലായി. ഉത്തരവാദപ്പെട്ടവർ മനസുവച്ചിരുന്നെങ്കിൽ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ചില സ്വപ്‌നങ്ങൾ തളിർക്കുമായിരുന്നു. അവ തിരിച്ചെടുത്ത്‌ അർഹതപ്പെട്ടവർക്ക്‌ കൈമാറാനുള്ള തീവ്രയജ്ഞത്തിലാണ്‌ കലക്ടർ ഡോ. ഡി സജിത്‌ബാബു. 
വലിയ പെരുന്നാൾ ദിവസം സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നപ്പോൾ  ഇതുവരെ ഏറ്റെടുക്കാത്ത ഭൂമിയുടെ ഫയലുകൾ ഓരോന്നായി പരിശോധിക്കുന്ന തിരക്കിലായിരുന്നു കലക്ടറും അഞ്ച്‌ ജീവനക്കാരും. വെള്ളരിക്കുണ്ട്‌ താലൂക്ക്‌ ലാൻഡ്‌ ബോർഡ്‌ ചെയർമാൻ സജി മെൻഡസ്‌, ലാൻഡ്‌ ബോർഡ്‌ ക്ലർക്കുമാരായ നാൻസി, പ്രവീൺ, നമിത, അജയൻ ബങ്കളം എന്നിവരാണ്‌ കലക്ടറേറ്റിൽ കലക്ടർക്കൊപ്പമുണ്ടായത്‌.
1963ലെ മിച്ചഭൂമി നിയമപ്രകാരം സർക്കാരിലേക്ക്‌ കണ്ടുകെട്ടേണ്ട ഭൂമി സംബന്ധിച്ച ഫയലുകളാണ്‌ പരിശോധിച്ചത്‌. 1971 മുതലുള്ള ഇരുന്നൂറിലധികം ഫയലുകളാണ്‌ അഞ്ച്‌ പതിറ്റാണ്ടായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നത്‌. നിരവധി ജന്മിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും കൈവശം കണക്കിലധികമുണ്ടായിരുന്ന ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടിയിരുന്നത്‌.  ഭൂമി കൈവശം വച്ചിരുന്നവരിൽ പലരും ജീവിച്ചിരിപ്പില്ലെന്നതാണ്‌ മറ്റൊരു യാഥാർഥ്യം. 
ഫയലുകളിൽ ഉറങ്ങുന്ന ഭൂമി സംബന്ധിച്ച കണക്കെടുപ്പ്‌ നടത്തി ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾക്ക്‌ വിതരണം ചെയ്യാനുള്ള ഊർജിതശ്രമമാണ്‌ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്നത്‌. വെള്ളരിക്കുണ്ട്‌ താലൂക്കിൽ മാത്രം 122 ഫയലാണുള്ളത്‌. മഞ്ചേശ്വരം താലൂക്കിലാകട്ടെ എൺപതോളവും‌. ഇവയെല്ലാം സൂക്ഷ്‌മമായി പരിശോധിച്ച്‌ അനധികൃതമായി കൈവശം വച്ച മുഴുവൻ ഭൂമിയും ഏറ്റെടുക്കും.
വെള്ളിയാഴ്‌ച രാവിലെ തുടങ്ങിയ ഫയൽ പരിശോധനയിൽ നൂറിലേറെ ഏക്കർ ഭൂമിയാണ്‌  കണ്ടെത്തിയത്‌. ആഗസ്‌ത്‌ 15ന്‌ മുമ്പ്‌ ഏറ്റെടുക്കാനുള്ള ഭൂമിയുടെ  കണക്ക്‌ തയ്യാറാക്കാനാകുമെന്ന്‌ ഡോ. ഡി സജിത്‌ബാബു "ദേശാഭിമാനി'യോട്‌ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top