03 August Monday

‘രോഗിയല്ല; രോഗമാണ്‌ ശത്രു’

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കാഞ്ഞങ്ങാട്
അശ്വമേധം എന്ന നാടകം ഉയർത്തിയ‘രോഗം ഒരു കുറ്റമാണോ’ എന്ന ചോദ്യം   സമൂഹമനഃസാക്ഷിയെ ഇന്നും പൊള്ളിക്കുന്നു. രോഗിയല്ല, രോഗമാണ് നമ്മുടെ ശത്രുവെന്ന് ആരോഗ്യ പ്രവർത്തകർ ആവർത്തിക്കുമ്പോഴും അത് തിരിച്ചറിയാത്തവർ നമ്മുടെ ചുറ്റുമുള്ളവരോട്‌ ശത്രുതാമനോഭാവത്തോടെ പെരുമാറുന്നത്‌ വർധിച്ചുവരികയാണ്‌. കോവിഡ് സമൂഹവ്യാപനം തീവ്രമാകുമ്പോൾ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരായ  ഒറ്റപ്പെടുത്തലുകൾ വർധിച്ചു വരുന്ന പ്രവണത ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നു.ക്വാറന്റൈനിൽ കഴിഞ്ഞുവെന്ന പേരിൽ അകറ്റി നിർത്തുന്നു. രോഗം പടരുമോ എന്ന ഭയത്തിൽ മറ്റു രോഗികളെ സഹായിക്കാൻ തയ്യാറാവുന്നില്ല. കാഞ്ഞങ്ങാട്‌ മാവുങ്കാലിൽ രോഗമില്ലാത്തയാളെ രോഗം സംശയിച്ചു ഒറ്റപ്പെടുത്തുന്ന സംഭവമുണ്ടായി. രോഗികളെയല്ല രോഗത്തെയാണ് അകറ്റി നിർത്തേണ്ടത് എന്നത്‌ മറന്നു പോകുന്നതായാണ്‌ ഇത്തരം അനുഭവങ്ങൾ തെളിയിക്കുന്നത്‌. പൊതുശത്രുവിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രതിരോധ പ്രവർത്തനത്തിലാണ് നാട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മാനസിക സംഘർഷം കുറയ്ക്കാനുള്ള പിന്തുണയും സഹായവും നൽകാനുള്ള ബാധ്യതസമൂഹത്തിനുണ്ട്‌.
    അതേസമയം മാനദണ്ഡങ്ങളൊക്കെ പാടെ തകിടം മറിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. ജില്ലയിലെ മൂന്ന് പ്രദേശങ്ങളിൽ നടന്ന കല്യാണങ്ങളിൽ പങ്കെടുത്തവരിൽനിന്ന് മാത്രം എൺപതോളം പേർക്കും ഒരു മരണവീട്ടിൽ ഒത്തുകൂടിയവരിൽ 49 പേർക്കും കോവിഡ്  സ്ഥിരീകരിക്കപ്പെട്ടു. 
 പ്രതിരോധ മാർഗങ്ങളെക്കുറിച്ചു നിരന്തരമായി ആരോഗ്യ വകുപ്പിൽനിന്ന്  അറിയിപ്പുകൾ ലഭിക്കുമ്പോഴും അവയൊന്നും പാലിക്കാതെ രോഗവ്യാപനത്തിന് ആക്കം കൂട്ടുന്ന നടപടികളുമായി പോവുകയാണ് ഇപ്പോഴും ചിലർ. ശാരീരിക അകലം പാലിച്ചു, സാമൂഹിക ഒരുമ കാത്തുസൂക്ഷിച്ച്‌ മഹാമാരിയെ നേരിടാനാണ്‌  സർക്കാറും ആരോഗ്യവകുപ്പും നൽകുന്ന സന്ദേശം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top