04 August Tuesday

ജീവന്റെ വില; നിസാറിന്‌ പെരുന്നാൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

ആന്റിജൻ ടെസ്‌റ്റ്‌ നടക്കുന്ന സ്ഥലത്ത്‌ നിസാർ

 

സ്വന്തം ലേഖകൻ
തൃശൂർ
വീട്ടിൽ  ബലിപെരുന്നാൾ ഒരുക്കങ്ങൾ നടക്കുമ്പോഴും  നിസാർ തൃശൂർ ശക്തൻമാർക്കറ്റിൽ കോവിഡിന്‌ നടുവിലായിരുന്നു. നാടിന്റെ ആരോഗ്യം കാക്കാലാണ്‌ മുഖ്യം. സ്വന്തം ആരോഗ്യം നോക്കാനും നേരം കിട്ടില്ല. കോർപറേഷനിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടറായ നിസാർ  കോവിഡ്‌ മുക്തനായി ഇറങ്ങിയതേയുള്ളു. വീണ്ടും കർമനിരതൻ‌. 
പെരുന്നാളായതിനാൽ വ്യാഴാഴ്‌ച‌ നേരത്തെ വീട്ടിലെത്താമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ശക്തൻമാർക്കറ്റിൽ രണ്ട്‌ ചുമട്ടുതൊഴിലാളികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ രംഗം മാറി. 349 പേർക്ക്‌ ആന്റിജൻടെസ്‌റ്റ്‌ നടത്താൻ നിർദേശം വന്നു.  കഴിഞ്ഞപ്പോൾ നേരം ഇരുട്ടി.  രോഗലക്ഷണം കണ്ട എട്ടുപേരെ ആംബുലൻസ്‌ വരുത്തി ആശുപത്രിയിലേക്ക്‌ വിടേണ്ടിവന്നു. ഇതിനിടെ വീട്ടിൽനിന്ന്‌ വിളികൾ വന്നെങ്കിലും രാത്രി ഒമ്പതോടെ മാത്രമേ മടങ്ങാനായുള്ളു‌. ഭാര്യ റഫീനയോടും മക്കളായ ഇഷാൻ ഫതഖ്‌, റഷാ പർവീൻ എന്നിവരോട്‌  കാര്യങ്ങൾ ബോധ്യപ്പെടുത്തി ആഘോഷങ്ങളില്ലാതെ പെരുന്നാളിലേക്ക്‌ കടന്നു. 
കോഴിക്കോട്‌ സ്വദേശിയായ നിസാർ ചേർപ്പിനടുത്ത്‌  പെരുമ്പിള്ളിശേരി അരിയിൽ വീട്ടിലാണ്‌ താമസം.  പുലർച്ചെ മൂന്നുമുതൽ നിസാറുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ശക്തൻമാർക്കറ്റിലെത്തും. മത്സ്യം ഉൾപ്പെടെ പരിശോധിച്ച്‌ മോശമായത്‌ ഇറക്കാൻ അനുവദിക്കാറില്ലെന്ന്‌ നിസാർ പറഞ്ഞു.  ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്‌ സാധനങ്ങൾ എത്തിക്കാനും പോകും. ലോഡ്‌ജിൽ തൂങ്ങിമരിച്ചയാളുടെ മുറി ശുചീകരിക്കാനും പോയി.  ഇതിനിടെ കോർപറേഷൻ ശുചീകരണ തൊഴിലാളികൾക്കും ജീവനക്കാരിക്കും‌ കോവിഡ്‌ പോസിറ്റീവായി.  കഴിഞ്ഞ ജൂൺ 29ന്‌  നടത്തിയ പരിശോധനയിൽ തനിക്കും പോസിറ്റീവ്‌. ജൂലായ്‌ ഒമ്പതിന്‌  ആശുപത്രിവിട്ടു.  നിരീക്ഷണ കാലാവധിക്കുശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചു. 
ജൂലൈ 27ന്‌  കുരിയച്ചിറ അറവ്ശാല പരിസരം ശുചീകരിക്കുന്നതിനിടെ  കരാർ ജീവനക്കാരൻ മജീദ്‌  കിണറ്റിൽവീണു. മറ്റാരും കിണറ്റിൽ ഇറങ്ങാൻ തയ്യാറായില്ല. എന്നാൽ നിസാർ എടുത്തുചാടി. മജീദ്‌ കിണറിന്റെ അങ്കിനുള്ളിൽ കുടുങ്ങിയതിനാൽ  രക്ഷിക്കാനായില്ല. പക്ഷെ, ആ ശ്രമത്തെ നാട്‌ ആദരപൂർവ്വം കണ്ടു. മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യണമെന്നു തന്നെയാണ്‌ നിസാറിന്റെ‌ ബലിപെരുന്നാൾ സന്ദേശവും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top