04 August Tuesday

മിനാരങ്ങളിൽ കരുതലിന്റെ ബാങ്ക്‌വിളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

അന്തിക്കാട് ജുമ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മുന്നോടിയായി മഹല്ല് ഖത്തീബ് ബഷീർ സഖാഫി ഈദ് സന്ദേശം നൽകുന്നു

മണലൂർ
മൈലാഞ്ചിയണിഞ്ഞുള്ള സദസ്സുകളില്ല. ‌ജീവന്റെ വിലയുള്ള കരുതലിന്റെ ഭാഗമായി ആശ്ലേഷണവും ഒഴിവാക്കി. ബലി പെരുന്നാൾ  പ്രസംഗങ്ങളിൽ കോവിഡ്‌ മുന്നറിയിപ്പുകൾ നിറഞ്ഞു. ത്യാഗസ്മരണ മനസ്സിലൊതുക്കി മുസ്ലിം സമൂഹം വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷമില്ലാതെ ആഘോഷിച്ചു.
ബന്ധുവീടുകളിലേക്കുള്ള യാത്രയും പെൺകുട്ടികൾ ഒന്നിച്ചുള്ള മൈലാഞ്ചിയണിഞ്ഞുള്ള സദസ്സുകളും  കൊവിഡ് പ്രൊട്ടോക്കോളിന്റെ ഭാഗമായി ഒഴിവാക്കിയതോടെ ആഹ്ലാദം അലത്തല്ലാറുള്ള വീട്ടകങ്ങളിൽ ഏറെയും നടന്നത് ചടങ്ങുകൾ മാത്രം. പെരുന്നാൾ നമസ്കാരത്തിന് ശേഷം പരസ്പരം നടത്താറുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ആശ്ലേഷണം ജീവന്റെ വിലയുള്ള കരുതലിന്റെ ഭാഗമായി വിശ്വാസികൾ ഒഴിവാക്കിയതും ശ്രദ്ധേയമായി. പള്ളികളിൽനിന്ന് പിരിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കുമ്പോഴും കുടുംബങ്ങൾ ഒന്നിച്ചിരുന്നുള്ള തീൻമേശ സൗഹൃദങ്ങളും ഒഴിവാക്കപ്പെട്ടു.
പെരുന്നാൾ ഖുതബയും വെള്ളിയാഴ്ച ജുമുഅയും ഒറ്റ ദിവസമെത്തിയത് വിശ്വാസികൾക്ക് ഇരട്ടി മധുരമായി. പുതുവസ്ത്രങ്ങളണിഞ്ഞും  മനം മയക്കുന്ന മണമുള്ള അത്തർ പുരട്ടിയും നിശ്ചിത കണക്കിൽ കവിയാതെ വിശ്വാസികൾ മസ്ജിദുകളിൽ സാമൂഹിക അകലം പാലിച്ച്‌ അണിനിരന്നപ്പോൾ മഹല്ല് ഖത്തീബുമാർ തങ്ങളുടെ പെരുന്നാൾ  പ്രസംഗങ്ങളിൽ കോവിഡ്‌ മഹാമാരിയെ കുറിച്ചും വലിയ മുന്നറിയിപ്പുകൾ നൽകിയതും ശ്രദ്ധേയമായി. പ്രായമേറിയവരെ കൊണ്ട്‌ നിറഞ്ഞ് കവിയാറുള്ള മസ്ജിദുകളിലെ ആദ്യവരികളിൽ ഇക്കുറി ചെറുപ്പക്കാർ മാത്രം ഇരിപ്പുറപ്പിക്കുന്നതിനും പള്ളി മിനാരങ്ങൾ സാക്ഷിയായി. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തിയും നമസ്കാരത്തിന് മുസല്ലകൾ കരുതിയുമാണ്‌ വിശ്വാസികൾ എത്തിയത്‌. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം വീട്ടിൽ പോയ വിശ്വാസികൾ ഉച്ചക്ക് വീണ്ടുമെത്തി പാവങ്ങളുടെ ഹജ്ജെന്ന്‌ പ്രവാചകൻ വിശേഷിപ്പിച്ച വെള്ളിയാഴ്ച ജുമുഅയിലും പങ്കെടുത്തു.
കോവിഡിനെ തുടർന്ന്‌ തൃശൂർ നഗരത്തിലെ ചെട്ടിയങ്ങാടി, കൂർക്കഞ്ചേരി, ശക്തൻ നഗർ എംഐസി എന്നിവിടങ്ങളിൽ കോവിഡ്‌ പശ്ചാത്തലത്തിൽ നിസ്കാര ചടങ്ങുകൾ ഉണ്ടായില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top