08 August Saturday

കേരള‌ കാഷ്യൂ വര്‍ക്കേഴ്സ് സെന്ററിന്‌ അമ്പത്‌ വയസ്സ്‌ ഉജ്വലം, ഇന്നലെകൾ

ജയന്‍ ഇടയ്ക്കാട്Updated: Wednesday Jul 1, 2020

  

കൊല്ലം
കശുവണ്ടി വ്യവസായമേഖലയിലെ സംഘടിത ശക്‌തിയായ കേരള കാഷ്യു വര്‍ക്കേഴ്സ് സെന്ററി(സിഐടിയു)‌ന്‌  ബുധനാഴ്‌ച അമ്പത്‌ വയസ്സ്‌‌. കശുവണ്ടി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാന്‍ നിരന്തരമായി നടത്തിയ പോരാട്ടങ്ങളുടെ ഇന്നലെകളാണ്‌‌ കാഷ്യു വര്‍ക്കേഴ്സ് സെന്ററിന്റെ ചരിത്രം. ‌അരനൂറ്റാണ്ടിനിടെ കശുവണ്ടി തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നൂറുകണക്കിന്‌ ഉശിരൻ ചെറുത്തുനിൽപ്പുകൾക്ക് സംഘടന നേതൃത്വം നൽകി.
സിഐടിയു ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി പ്രവർത്തിക്കാൻ തീരുമാനമെടുത്തശേഷമാണ്‌ വിവിധ വ്യവസായങ്ങളിൽ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്‌. അതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടിത്തൊഴിലാളി രംഗത്ത് രൂപീകരിച്ച ഫെഡറേഷനാണ് കേരള കാഷ്യു വർക്കേഴ്സ് സെന്റർ. 
കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കശുവണ്ടി രംഗത്തെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമ്മേളനം കൊല്ലത്ത് ചേര്‍ന്നാണ് സിഐടിയുനേതൃത്വത്തിലുള്ള ഫെഡറേഷനായി മാറിയത്‌. 1965 ൽ രൂപംകൊണ്ട കൊല്ലം ജില്ലാ കശുവണ്ടിത്തൊഴിലാളി യൂണിയനാണ് ഇതിന്റെ മുന്നോടിയായി പ്രവര്‍ത്തിച്ചിരുന്നത്. 1970 ജൂലൈ ഒന്നിന്‌ ‌‘കേരളാ കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍’ രൂപം കൊണ്ടു. കൊല്ലം കിളികൊല്ലൂര്‍ ഈശ്വര്‍ ടാക്കീസിലായിരുന്നു ആദ്യ സമ്മേളനം. സി പി കരുണാകരന്‍പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണസമ്മേളനം സിഐടിയു നേതാവ് ഇ ബാലാനന്ദനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. സംഘടനാ രൂപീകരണം കശുവണ്ടി മേഖലയ്‌ക്കാകെ ആവേശംപകര്‍ന്നു. തുടര്‍ന്ന്, കശുവണ്ടി മേഖല ഉള്‍പ്പെടുന്ന ജില്ലകളിലും താലൂക്കുകളിലും യൂണിയനുകള്‍ രൂപീകരിച്ചു. പിന്നീട് തീക്ഷ്‌ണ സമരങ്ങളുടെ നാൾവഴി. 1986 ലെ കശുവണ്ടി തൊഴിലാളി സമരം ഏക്കാലവും ജ്വലിക്കുന്ന  തൊഴിലാളി 
മുന്നേറ്റമാണ്‌. 
പൂര്‍ണ ഡിഎയ്‌ക്ക്‌ വേണ്ടി അന്ന്‌ നടന്ന സമരം മൂന്നുമാസം നീണ്ടു. 93 ല്‍ കോര്‍പറേഷന്‍ തൊഴിലാളികളുടെ ബോണസിനുവേണ്ടിയുള്ള സമരവും 2014ല്‍ കൂലി പുതുക്കലിനു വേണ്ടി നടത്തിയ സമരവും കശുവണ്ടി മേഖലയിലെ തിളങ്ങുന്ന ഏടുകൾ. ബഹുഭൂരിപക്ഷവും (95%) സ്ത്രീ തൊഴിലാളികള്‍ ജോലിയെടുക്കുന്ന വ്യവസായമെന്ന നിലയില്‍ കടുത്ത ചൂഷണത്തിനുള്ള ശ്രമം   മുതലാളിമാര്‍ നടത്താറുണ്ട്‌. വലതുപക്ഷ സർക്കാർ അധികാരത്തില്‍ വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തു. ആ ഘട്ടത്തിലെല്ലാം പൊതുമേഖലയെ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ കൂലി സംരക്ഷിക്കുന്നതിനും മുന്നിൽനിന്ന്‌ പോരാടി. കലക്ടറേറ്റും സെക്രട്ടറിയറ്റും വളഞ്ഞും ഫാക്ടറിതോറും തുടര്‍ച്ചയായി നിരാഹാരം നടത്തിയും കാഷ്യൂ വർക്കേഴ്‌സ്‌ സെന്റർ ജനഹൃദയങ്ങളിൽ ഇടംനേടി. 
ഇപ്പോള്‍ കൊല്ലത്തെ ആറ്‌ താലൂക്ക് യൂണിയനും ആലപ്പുഴയിലെ രണ്ട്‌ താലൂക്ക് യൂണിയനും തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ യൂണിയനുകളും, സ്റ്റാഫ് ജീവനക്കാരുടെ സംഘടനയായ കാഷ്യു സ്റ്റാഫ്സ് സെന്ററുമാണ് കാഷ്യു സെന്ററില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.
അരനൂറ്റാണ്ടിനിടയില്‍ വ്യവസായത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസായത്തിന്റെ ഘടനയില്‍ മാത്രമല്ല, സാമൂഹ്യവുംവ്യവസായികവുമായ ഘടകങ്ങളിലും മാറ്റം പ്രതിഫലിച്ചു. വ്യവസായത്തിലെ മൊത്തം തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളുമാണ് എക്കാലവും കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ 
ഉയര്‍ത്തുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top