03 August Monday

തിളക്കം കൂട്ടിയത്‌ ‘ബി പോസിറ്റീവ്‌’

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
 കണ്ണൂർ
ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ മിന്നും പ്രകടനത്തിന്‌ മാറ്റ്‌ കൂട്ടിയത്‌‌ ജില്ലാ പഞ്ചായത്തിന്റെ ‘ബി പോസിറ്റീവ്’‌ പദ്ധതി. വിദ്യാർഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, ആരോഗ്യ–-കായികക്ഷമത കൈവരിക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, നൈപുണ്യംവളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌. എല്ലാ വിദ്യാലയങ്ങളും നൂറുശതമാനം വിജയം നേടുകയെന്നതിനപ്പുറം വിദ്യാർഥികളെ കുറഞ്ഞത്‌ ബി ഗ്രേഡ്‌ നേടാൻ പ്രാപ്‌തരാക്കാനാണ്‌ ബി പോസിറ്റീവ്‌ ശ്രമിച്ചത്‌.  ഡയറ്റും സാമൂഹ്യനീതി–- എക്‌സൈസ്‌ വകുപ്പുകളും ജില്ലാ പഞ്ചായത്തിനൊപ്പം കൈകോർത്തു. 
പരീക്ഷയെ സധൈര്യം നേരിടാൻ ‌വിദ്യാർഥികൾക്ക്‌ നൽകിയ കൗൺസലിങ്ങാണ്‌ ബി പോസിറ്റീവ്‌ പദ്ധതിയെ കൂടുതൽ ഫലപ്രദമാക്കിയത്‌. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂൾ കൗൺസിലർമാരാണ്‌ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയെഴുതുന്നവർക്കായി കൗൺസലിങ്‌ നൽകിയത്‌. സർക്കാർ സ്‌കൂളുകൾക്കു‌ പുറമേ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്കും ജില്ലാ പഞ്ചായത്ത്‌ കൗൺസിലർമാരെ അയച്ചു. 
അമ്മമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാൻ മദർ പിടിഎ സംഗമങ്ങളും നടത്തി. അധിക പഠനക്ലാസുകൾ, രക്ഷാകർതൃസംഗമങ്ങൾ, മുകുളം മാതൃകാ പരീക്ഷകൾ, വീഡിയോ ക്ലാസുകൾ, യൂണിറ്റ്‌ പരീക്ഷകൾ തുടങ്ങിയവ ബി പോസിറ്റീവിന്റെ ഭാഗമായി നടന്നു. ജില്ലയ്‌ക്ക്‌ മികച്ച ഫലം നൽകിയ വിദ്യാർഥികളെ അഭിനന്ദിക്കുന്നതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top