07 August Friday

ജില്ലയ്‌ക്ക്‌ A+ നൂറിലെത്തിയത്‌ 155; 35 സർക്കാർ സ്‌കൂൾ

സ്വന്തം ലേഖകന്‍Updated: Wednesday Jul 1, 2020
തൃശൂർ
മഹാമാരിക്കാലത്തും അതിനു മുമ്പും രണ്ടു ഘട്ടങ്ങളിലായി നടന്ന എസ്എസ്എൽസി പരീക്ഷയിൽ ജില്ലയ്ക്ക് ചരിത്ര വിജയം. പരീക്ഷയെഴുതിയ 98.93 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം കുട്ടികൾ ഉപരിപഠന യോഗ്യത നേടുന്നത്. 155 സ്കൂളുകൾ നൂറുശതമാനം വിജയംനേടി. ഇതിൽ 35 എണ്ണം സർക്കാർ സ്കൂളുകളാണ്.   
ജില്ലയിൽ പരീക്ഷയെഴുതിയ 35,147 വിദ്യാർഥികളിൽ 34,771 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 27,862 പെൺകുട്ടികളും, 17,509 ആൺകുട്ടികളുമാണ്. 376 പേർ മാത്രമാണ് ഉപരിപഠനത്തിന് അർഹരാവാത്തത്. കഴിഞ്ഞ വർഷത്തേതിൽനിന്ന് ജില്ലയുടെ വിജയശതമാനത്തിൽ 0.15 വർധനവുണ്ടായി. അതേസമയം, എസ്എസ്എൽസി ഫലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ തവണ ജില്ല നേടിയ അഞ്ചാംസ്ഥാനം ഇക്കുറി നിലനിർത്താനായില്ല. ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും നേരിയ കുറവുണ്ടായി. 
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായി. 3416 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 2414 പെൺകുട്ടികളും 1002 ആൺകുട്ടികളുമാണ് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 2946 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്. ഇക്കുറി 470 പേർ അധികമായി എ പ്ലസ് നേടി. കൂടുതൽ എ പ്ലസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലാണ്. 962 പെൺകുട്ടികളും 440 ആൺകുട്ടികളും അടക്കം ഇരിങ്ങാലക്കുടയ്‌ക്ക് 1402 എ പ്ലസ് ലഭിച്ചു. തൃശൂരിന് 1095ഉം ചാവക്കാടിന് 919 എ പ്ലസുമാണ് ലഭിച്ചത്.
മൂന്ന്‌ വിദ്യാഭ്യാസ ജില്ലകളിൽ 99.43 ശതമാനം വിജയം നേടിയ ഇരിങ്ങാലക്കുടയാണ് മുന്നിൽ. 99.24 ശതമാനം വിജയം നേടിയ തൃശൂർ രണ്ടാമതും 98.34 ശതമാനം നേടിയ ചാവക്കാട് മൂന്നാമതുമാണ്. കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച സ്കൂൾ മമ്മിയൂർ ലിറ്റിൽ ഫ്ളവർ സിജി എച്ച്എസ്എസ് ആണ്. ഇവിടെ പരീക്ഷയെഴുതിയ 436 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. സേക്രഡ്ഹാർട്ട്‌ സിജി എച്ച്എസ്എസ്–- 403, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്–- 401, ലിറ്റിൽഫ്ലവർ സ്കൂൾ ചേലക്കര–- 395, നാഷണൽ എച്ച്എസ്എസ്–- 354 എന്നിവരാണ് കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം നേടിയ സ്കൂളുകളിൽ യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനക്കാർ. 
സർക്കാർ സ്കൂളുകളിൽ 277 പേരെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച ജിജി എച്ച്എസ്എസ് കൊടുങ്ങല്ലൂരാണ് ഒന്നാം സ്ഥാനത്ത്. 233 പേരെ വിജയിപ്പിച്ച പാഞ്ഞാൾ ഗവ. സ്കൂളാണ് രണ്ടാം സ്ഥാനത്ത്. വിജയ ശതമാനത്തിൽ ചരിത്രനേട്ടം കുറിച്ചതാണ് എസ്എസ്എൽസി ഫലത്തിലെ ഇത്തവണത്തെ പ്രത്യേകത. 35 സർക്കാർ സ്കൂളുകൾ നൂറു ശതമാനം വിജയം നേടി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top