11 September Wednesday

മനം കീഴടക്കി സ‌്നേഹം പങ്കുവച്ച‌്

അനോബ‌് ആനന്ദ‌്Updated: Monday Apr 1, 2019
കിളിമാനൂർ
അനൗൺസ്മെന്റുമായി പൈലറ്റ് വാഹനം കടന്നുവരുന്ന വഴിയോരങ്ങളിൽ കൊന്നപ്പൂവുമായോ, റോസാ പുഷ്പമായോ സമ്പത്ത‌ിന്റെ ഒരു ചെറുപുഞ്ചിരിക്കായി കാത്തുനിൽക്കുന്ന നൂറുകണക്കിന് കുരുന്നുകൾക്ക് ഒട്ടുമേ നിരാശയില്ല.  തങ്ങളുടെ പ്രിയ സമ്പത്ത് മാമൻ കൈവീശി മാലയെറിഞ്ഞ് നിറചിരി സമ്മാനിക്കുന്നു. കർഷക തൊഴിലാളികളുടേയും കശുവണ്ടി തൊഴിലാളികളുടേയും സമരപോരാട്ടങ്ങൾകൊണ്ട് ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിവേരുള്ള വർക്കല മണ്ഡലത്തിലെ മടവൂർ, പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളിലായിരുന്നു ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എ സമ്പത്തിന്റെ സ്വീകരണം. കടുത്തചൂടിനെ വകവയ‌്ക്കാതെ നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയസ്ഥാനാർഥിയെ വരവേൽക്കാൻ എത്തിയത്.  
 
സ്വീകരണ പര്യടനം മടവൂർ പഞ്ചായത്തിലെ കൊല്ലായിൽ ജങ‌്ഷനിൽ ആരംഭിച്ചു. സ്വീകരണ പരിപാടി ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി പി മുരളി ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് ഇ എം റഷീദ് അധ്യക്ഷനായി. ഉദ്ഘാടനശേഷം സമ്പത്ത് തുറന്ന വാഹനത്തിലേക്ക് കയറി... അനൗൺസ്മെന്റ് വാഹനത്തിന് പുറകെ  ജനഹൃദയങ്ങൾ കീഴടക്കി യാത്രതുടർന്നു. മടവൂർ വൈഎംഎ ജങ‌്ഷനിൽ എത്തിയപ്പോൾ സിഡിഎസ് വൈസ് ചെയർപേഴ്സൺ ദീപ തന്റെ കൃഷിയിടത്തിൽ വിളയിച്ച ഒരു പാളനിറയെ നാടൻ പച്ചക്കറികളുമായി സമ്പത്തിനെ സ്വീകരിച്ചു. മടവൂർ മിച്ചഭൂമി കോളനിയിൽ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട മോഹനൻ സമ്പത്തിനെ സ്വീകരിക്കാനായി കാത്തുനിന്നു. സമ്പത്ത് എത്തിയയുടൻ മുദ്രാവാക്യം വിളിയുമായി മോഹനൻ സ്ട്രെച്ചസിൽ എത്തി രക്തഹാരം അണിയിച്ചു. മോഹനനോട് കുശലാന്വേഷണം നടത്താനും സമ്പത്ത് മറന്നില്ല. മീനവെയിലിൽ സൂര്യാഘാതസാധ്യതയുണ്ടെന്നും കുരുന്നുകളെ 11 മുതൽ 3 വരെ വെയിലത്ത് കളിക്കാൻ വിടരുതെന്നും രക്ഷിതാക്കളോട് സ്നേഹപൂർവം  പറഞ്ഞതിന് ശേഷം ചുരുക്കും വാക്കുകളിൽ വോട്ട് അഭ്യർഥിച്ചു. തുടർന്ന് അടുത്ത കേന്ദ്രത്തിലേക്ക്...വഴിവക്കിൽ കാത്തുനിൽക്കുന്നവർക്കെല്ലാം തനിക്ക് സമ്മാനമായി ലഭിച്ച പൂക്കളും മാലകളും സ്നേഹത്തോടെ സമ്പത്ത് നൽകി. മടവൂരിലെ സ്വീകരണത്തിനിടെ നക്രാംകോണത്ത് പുതുതായി തുടങ്ങിയ ഹക്കീമിന്റെ ചായക്കടയും ഉദ്ഘാടനം ചെയ്ത് ഹക്കീം സ്നേഹത്തോടെ പകർന്ന് നൽകിയ ചായയും കുടിച്ച‌ാണ‌് സമ്പത്ത് യാത്രയായത്... 
 
കക്കോടേക്കുള്ള സ്വീകരണത്തിനിടെ പുതുതായി പാലുകാച്ചുന്ന വീട്ടിലെത്താനും ഒപ്പം അവിടെ കൂടിനിന്നവരോട് വോട്ട് അഭ്യർഥിക്കാനും സമ്പത്ത് മറന്നില്ല. അയണിക്കാട്ടുകോണം, മാവിൻമൂട്, വേമൂട്, മാങ്കോണം, പുലിയൂർകോണം എല്ലിക്കുന്നാംമുകൾ, വട്ടക്കൈത, ചാങ്ങയിൽകോണം, ചാലാംകോണം, കൈപ്പള്ളിക്കോണം, തുമ്പോട്, വലിയകുന്ന്, മൂന്നാംവിള, റേഷൻകടമുക്ക്, കൊച്ചാലുംമുട്, ലക്ഷംവീട് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പള്ളിക്കൽ പഞ്ചായത്തിലേക്ക് പ്രവേശിച്ചു. ചെണ്ടമേളം, നാസിക് ദോൾ, നൂറ് കണക്കിന് യുവാക്കൾ അണിനിരന്ന ഇരുചക്രവാഹനറാലി എന്നിവയുടെ അകമ്പടിയോടെ കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളോടെ പള്ളിക്കലിലേക്ക് സമ്പത്തിനെ ആനയിച്ചു. 
 
നട്ടുച്ചയ‌്ക്ക് പോലും പള്ളിക്കലിലെ സ്വീകരണകേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ കാത്തുനിന്നു. ചാവരുകുന്ന്, കെ കെ കോണം, വല്ലഭൻകുന്ന്, മൂലഭാഗം, മൂതല, ചെമ്പകത്തിൻമൂട്, പകൽകുറി, ആറയിൽ, അപ്പൂപ്പൻനട, കൊട്ടിയംമുക്ക്, പ്ലാച്ചിവിള, പൈവേലി, ഉളവൂർകോട്, ചെങ്കോട്, കാട്ടുപുതുശേരി, മുദിയിൽകോണം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാവായിക്കുളം പഞ്ചായത്തിലെ കുടവൂരിലേക്ക് പ്രവേശിച്ചു. ഇതിനിടയിൽ പള്ളിക്കൽ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കെ എസ് മുഹമ്മദ് ബഷീർ സ്വീകരിക്കാനെത്തിയതും പ്രവർത്തകരിൽ ആവേശമുളവാക്കി. തുടർന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് കുടവൂർ മേഖലയിലെ മുല്ലനല്ലൂർ, മരുതിക്കുന്ന്, മുക്കുകട, നൈനാംകോണം, വൈരമല, ഡീസന്റ്മുക്ക്, കപ്പാംവിള, കരിമ്പുവിള, പുലിക്കുഴിമുക്ക്, കോട്ടറക്കോണം, പുളിയറക്കോണം, ഇടവൂർകോണം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി നാവായിക്കുളം മേഖലയിലെ കല്ലമ്പലം മേനാപ്പാറ ഉദയഗിരി പറകുന്ന്, കാഞ്ഞിരംവിള, കുന്നുവിള എത്തിയതോടെ സന്ധ്യയായി...  വെട്ടിയറ, കിഴക്കനേല, പലവക്കോട്, പുന്നോട്, കുഴക്കാട്ടുകോണം, പൈവേലിക്കോണം, ഇരുപത്തിയെട്ടാം മൈൽ, വടക്കേവയൽ, മുള്ളുകാട്, ആശാരികോണം സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി വൈകി എതുക്കാട് ജങ‌്ഷനിൽ സമാപിച്ചു.  
സ്വീകരണത്തിന് സ്ഥാനാർഥിക്കൊപ്പം വി ജോയി എംഎൽഎ, അഡ്വ. മടവൂർ അനിൽ, അഡ്വ. എസ് ഷാജഹാൻ, ഇ എം റഷീദ്,  ശ്രീജാ ഷൈജുദേവ്, ഷൈജുദേവ്, എം എ റഹിം, സജീബ് ഹാഷിം, രവീന്ദ്രൻപിള്ള, രഞ്ചിത്ത്, ഇ ജലാൽ, അഡ്വ. സുധീർ, മുല്ലനെല്ലൂർ ശിവദാസൻ, സജീർ രാജകുമാരി, ജി വിജയകുമാർ, അഡ്വ. ജി രാജു, എൻ രവീന്ദ്രനുണ്ണിത്താൻ, എസ് ഹരിഹരൻപിള്ള തുടങ്ങിയവരുമുണ്ടായിരുന്നു.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top