കുറവിലങ്ങാട്
ഉഴവൂർ മോനിപ്പള്ളി റോഡിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി ട്രാൻസ്ഫോർമറിലേക്കിടിച്ചുകയറി അഗ്നിക്കിരയായി. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയ യാത്രികനെ സംഭവസ്ഥലത്തെത്തിയ കിടങ്ങൂർ സ്റ്റേഷനിലെ പൊലീസുകാരൻ സാഹസികമായി രക്ഷപെടുത്തി.
ഞായറാഴ്ച പകൽ 3.15ന് ഉഴവൂർ മോനിപ്പള്ളി റോഡിൽ കരുനെച്ചി സെൻട്രൽ ഭാഗത്താണ് അപകടം. ഷാപ്പ് കോൺട്രാക്ടറായ മോനിപ്പള്ളി സ്വദേശി റെജി ഉഴവൂരിൽനിന്ന് മോനിപ്പള്ളിയിലേക്കുപോകുമ്പോഴാണ് കാർ നിയന്ത്രണംവിട്ട് ട്രാൻസ്ഫോർമറിലിടിച്ചത്. കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ സിവിൽപൊലീസ് ഉദ്യോഗസ്ഥനായ എബി ജോസഫാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവ സ്ഥലത്തിനടുത്തുള്ള പുരയിടത്തിൽ വീടിന്റെ നിർമാണജോലിയിൽ ഏർപ്പെട്ടിരിക്കയായിരുന്നു എബിജോസഫ്. വൻശബ്ദം കേട്ടാണ് ജോലിസ്ഥലത്തുനിന്ന് എബി റോഡിലേക്ക് ഓടിയെത്തിയത്. അപകടത്തിൽ ട്രാൻസ്ഫോർമർ കാറിനു മുകളിലേക്കുവീണു. ബോണറ്റിൽ നിന്ന് തീയും പുകയും ഉയർന്നു. സമീപവാസികളും ഇതുവഴി എത്തിയ വാഹനയാത്രക്കാരും ഉണ്ടായിരുന്നെങ്കിലും പെട്രോൾ കാറായതിനാൽ സ്ഫോടനം പേടിച്ച് ആരും അപകടസ്ഥലത്തേക്ക് അടുത്തില്ല.
ഈ സാഹചര്യത്തിലാണ് കാറിനടുത്തേക്ക് എത്തിയ എബി കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് കൈകൊണ്ട് ഇടിച്ചുപൊട്ടിച്ച് കാറിനുള്ളിലെ യാത്രക്കാരനോട് പുറത്തിറങ്ങാനാവശ്യപ്പെട്ടു. അപകടത്തിൽ ഡ്രൈവറുടെ ഭാഗത്തെ ഡോർ തുറക്കാൻ കഴിഞ്ഞിരുന്നില്ല. എബിതന്നെ മറുവശത്തെ ഡോർ തുറന്നുനൽകി കാറോടിച്ചിരുന്ന റെജിയെ പുറത്തെത്തിച്ചു. ഡ്രൈവർ പുറത്തെത്തി മിനിട്ടുകൾക്കുള്ളിൽ കാർ പൂർണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനത്തിനിടെ എബിയുടെ കൈയ്ക്ക് പരിക്കേറ്റു. ഉഴവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കൈയ്ക്ക് രണ്ട് തുന്നലുണ്ട്.
രക്ഷാപ്രവർത്തനത്തിനുശേഷം എബി അപകടവിവരം കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും ഫയർഫോഴ്സിലും അറിയിച്ചു. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. സ്വന്തം ജീവൻ കണക്കിലെടുക്കാതെ തീപിടിച്ചകാറിൽ നിന്നും യാത്രക്കാരനെ രക്ഷപെടുത്തിയ പൊലീസുദ്യോഗസ്ഥൻ എബിയെ പൊലീസ്, ഫയർഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..