30 March Thursday
ഗെയില്‍ പൈപ്പ്‍ലൈന്‍ യാഥാര്‍ഥ്യമായി

പൈപ്പിലൂടെ ​ഗ്യാസ് 
വീട്ടിലെത്തിച്ച് സര്‍ക്കാര്‍

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023
പാലക്കാട്
വീടുകളിലേക്ക് പൈപ്പിലൂടെ ​ഗ്യാസ് എത്തിച്ച് എൽഡിഎഫ് സർക്കാരിന്റെ ചരിത്ര നേട്ടം. ​ഗെയിൽ പൈപ്പ് ലൈനിലൂടെ വീടുകളിൽ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ​ഗ്യാസ്) എത്തി. ആദ്യഘട്ടത്തിൽ പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളിലെ വീടുകളിലാണ് ​ഗ്യാസ് എത്തിച്ചത്. ​ആദ്യ ​ഗ്യാസ് കണക്ഷൻ പുതുശേരി പഞ്ചായത്തിൽ പ്രസിഡന്റ് എൻ പ്രസീത ഉദ്ഘാടനം ചെയ്തു. കൊച്ചിയിലും ആലപ്പുഴയിലും നേരത്തെ വീടുകളിലേക്ക് ​പൈപ്പ്‍ലൈൻ ​ഗ്യാസ് എത്തിച്ചിരുന്നു. 
   ആദ്യ ദിനത്തിൽ പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളിലെ 12 വീടുകളിലേക്കാണ് ​ഗ്യാസ് എത്തിയത്. രണ്ടാഴ്ചയ്ക്കകം രണ്ട് പഞ്ചായത്തുകളിലെ 150 വീടുകളിൽ ​ഗ്യാസ് എത്തും. രണ്ട് പഞ്ചായത്തുകളിലും മുഴുവൻ വീട്ടിലും ​ഗ്യാസ് എത്തിയ ശേഷം പാലക്കാട് ന​ഗരസഭയിലേക്കും ​​ഗ്യാസ് എത്തും. ഈ വർഷം മാർച്ചിൽ വീടുകളിലേക്ക് ​ഗ്യാസ് നൽകാനായിരുന്നു സർക്കാരിന്റെയും വിതരണ ഏജൻസിയായ ഇന്ത്യൻ ഓയിൽ അദാനി ​ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പദ്ധതി. എന്നാൽ നേരത്തെ നിർമാണം  പൂർത്തിയായതിനാൽ ജനുവരിയിൽ തന്നെ വിതരണം ചെയ്യുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ വെല്ലുവിളിയായി എറ്റെടുത്ത പദ്ധതിയാണ് ലക്ഷ്യത്തിലെത്തിയത്. ​
ബില്ലടയ്ക്കാൻ 
3 മാർ​ഗങ്ങൾ
മൂന്നുതരത്തിൽ ​സിഎൻജി ബിൽ അടയ്ക്കാവുന്ന രീതിയിലാണ് പദ്ധതി. 6,000 രൂപ ഡെപ്പോസിറ്റ്‌ നൽകുന്നതാണ്‌ ആദ്യ സ്‌കീം. പിന്നീട് ഉപയോഗിക്കുന്ന ഗ്യാസിന് മാത്രം പണം നൽകിയാൽ മതി. ഡെപ്പോസിറ്റ് തുക മൂന്ന് തവണയായി നൽകി ഗ്യാസിന് ബില്ല് അടയ്ക്കുന്നതാണ് രണ്ടാം സ്കീം. മൂന്നാമത്തെ സ്കീമിൽ ഉപയോഗിക്കുന്ന ഗ്യാസിന്റെ തുകയ്ക്കൊപ്പം എല്ലാ മാസവും മീറ്റർ ചാർജായി 50 രൂപ വീതം നൽകണം. ​ മീറ്റർ റീഡിങ്ങിന്‌ രണ്ട് മാസത്തിലൊരിക്കൽ കമ്പനി പ്രതിനിധികൾ വീട്ടിലെത്തും.
ഗ്യാസ് വിതരണത്തിന്‌ 10 സബ് സ്റ്റേഷൻ
​ഗ്യാസ് വിതരണത്തിനായി ജില്ലയിൽ 10 സിഎൻജി സബ് സ്റ്റേഷനാണ് ഇന്ത്യൻ ഓയിൽ അദാനി ​ഗ്രൂപ്പ് പൂർത്തിയാക്കിയത്. കഞ്ചിക്കോട് കനാൽപിരിവ്, കൽമണ്ഡപം, ആലത്തൂർ, വാണിയംകുളം, ചെർപ്പുളശേരി, പട്ടാമ്പി, കോങ്ങാട്, കല്ലേക്കാട് എന്നിവിടങ്ങളിൽ ഓരോ സ്റ്റേഷനും വടക്കഞ്ചേരിയിൽ രണ്ട് സ്റ്റേഷനും പൂർത്തിയായി. ഇതിനുപുറമേ മുണ്ടൂർ, കോട്ടായി, അലനല്ലൂർ, വാളയാർ ട്രോൾ പ്ലാസ എന്നിവിടങ്ങളിലെ സബ് സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലാണ്. ഇത് കൂടി കമീഷൻ ചെയ്യുന്നതോടെ ജില്ലയിൽ എല്ലായിടത്തേക്കും ​ഗ്യാസ് എത്തിക്കാനാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top