24 October Thursday
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് അഞ്ച് അധിക സർവീസ്‌

സംസ്ഥാനത്തുനിന്ന് 30 പുതിയ വിമാന സർവീസ്‌; വിമാനക്കമ്പനികൾക്ക്‌ ഇളവ്‌ നൽകാൻ തയ്യാർ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2019

തിരുവനന്തപുരം > സംസ്ഥാനത്തുനിന്ന് ദിവസം 30 പുതിയ വിമാന സർവീസ് ആരംഭിക്കും. ശനിയാഴ്‌ച തിരുവനന്തപുരത്ത്‌  മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണ്‌ വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പുനൽകിയത്‌. മൂന്നുമാസത്തിനുള്ളിൽ പുതിയ ഷെഡ്യൂൾ വരും. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് അധികമായി അഞ്ച് സർവീസ്‌ ഉണ്ടാകും.

കഴിഞ്ഞ തവണ ചേർന്ന വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയർന്നു.  ഇത് കണക്കിലെടുത്ത് കേരളത്തിലെ മൂന്ന് വിമാനത്താവളത്തിൽ എടിഎഫ് നികുതി 25 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും കണ്ണൂരിൽ ഒരു ശതമാനമായും സർക്കാർ കുറച്ചു.
 

വിമാനക്കമ്പനികൾക്ക്‌ ഇളവ്‌ നൽകാൻ തയ്യാർ: മുഖ്യമന്ത്രി
കേരളത്തിൽ നിന്നും വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയാൽ ഇന്ധന നികുതിനിരക്ക് ഇനിയും കുറയ്ക്കാൻ കേരളം സന്നദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശനിയാഴ്‌ച തിരുവനന്തപുരത്ത്‌ വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ കമ്പനികൾക്ക്‌ കൂടുതൽ ഇളവുനൽകാൻ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണം. ഉത്സവ സമയത്ത്‌ ഗൾഫ് മേഖലയിലേക്കും മറ്റു നഗരങ്ങളിലേക്കും അമിത നിരക്ക് ഈടാക്കുന്ന കാര്യവും മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചു. 2017 മേയിൽ വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ ഉണ്ടായ ധാരണയ്ക്ക് വിരുദ്ധമാണിത്.

യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കനാകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.വ്യോമഗതാഗത മേഖലയിൽ കേരളം നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന്‌ സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള യോഗത്തിൽ പറഞ്ഞു. മൂന്നാം തവണയാണ് ഇത്തരത്തിൽ മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പുതിയ അനുഭവമാണിത്. മറ്റ് സംസ്ഥാനങ്ങളും ഇപ്പോൾ ഈ മാതൃകയിലേക്ക് വരികയാണ്. ഇന്ധന നികുതി നിരക്ക് ഗണ്യമായി കുറയ്ക്കാൻ കേരളം തയ്യാറായത് സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിന് വലിയ പിന്തുണയാകും. തിരുവനന്തപുരംവഴി പോകുന്ന വിദേശ സർവീസുകൾക്ക് ഇവിടെനിന്ന് ഇന്ധനം നിറയ്ക്കാൻ സൗകര്യം നൽകണമെന്ന ആവശ്യം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top