20 September Friday

എറണാകുളം ജനറൽ ആശുപത്രിയിൽ പുതിയ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

കൊച്ചി > കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഭാഗമായി പൂർത്തീകരിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 25 കോടി രൂപ ചെലവിലാണ് ആറ് നിലകളിലുള്ള ക്യാൻസർ സെന്റർ നിർമിച്ചത്. നൂറ് രോഗികളെ കേന്ദ്രത്തിൽ കിടത്തിച്ചികിത്സിക്കാനാവും.

ആധുനിക സംവിധാനങ്ങളോടെ സജ്ജമായ പുതിയ ബ്ലോക്കിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന് ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും പദ്ധതിയിൽ ഉള്‍പ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. ഇൻകെൽ ആണ് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനു വേണ്ടി നിർവഹണം നടത്തിയത്.

കൊച്ചിയിലെ ആരോഗ്യമുന്നേറ്റത്തിന് പുത്തൻ കുതിപ്പാകും ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനികവും വിദഗ്ധവുമായ ചികിത്സയ്ക്കുള്ള പശ്ചാത്തല സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തെ കൂടുതൽ സ്മാർട്ടാക്കാൻ ആരോഗ്യസൗകര്യങ്ങളുടെ ആധുനികവത്കരണം അനിവാര്യമാണ്. എറണാകുളം ജില്ലയിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിലെ ക്യാൻസർ ബ്ലോക്ക് ജില്ലയ്ക്കാകെ മുതൽക്കൂട്ടാകും - മന്ത്രി പറഞ്ഞു. ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് സാധ്യമാക്കിയ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനെ മന്ത്രി അഭിനന്ദിച്ചു.

ക്യാൻസർ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകള്‍ക്കും പുരുഷന്മാർക്കുമായി പ്രത്യേക വാർഡ്, കൂട്ടിരിപ്പുകാർക്കുള്ള ഡോർമറ്ററി തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ് ലെറ്റിന്റെ അളവ് കുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്. ഓരോ നിലകളിലും നഴ്സിംഗ് സ്റ്റേഷനും ഡോക്ടർമാരുടെ പ്രത്യേക മുറികളും രോഗികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top