തിരുവനന്തപുരം > കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തെന്ന് ബോധ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ജുഡീഷ്യൽ കമീഷൻ ശുപാർശ. നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണം അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഈ നിർദേശം. കസ്റ്റഡി മർദനത്തിലാണ് രാജ്കുമാർ മരിച്ചതെന്നും കമീഷൻ സ്ഥിരീകരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കമീഷൻ വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണത്തിൽ കുറ്റക്കാരാണെന്നതിന് തെളിവുള്ളവർക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്തതായി റിപ്പോർട്ട് സമർപ്പിച്ചശേഷം ജസ്റ്റിസ് നാരായണക്കുറുപ്പ് പ്രതികരിച്ചു. ചികിത്സിക്കുന്നതിൽ ആശുപത്രി അധികൃതർക്കും ഗുരുതര വീഴ്ച സംഭവിച്ചു. ഇത് ആവർത്തിക്കാൻ പാടില്ല.
2019 ജൂൺ 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്നപേരിൽ നാലു ദിവസം ക്രൂരമായി മർദിച്ചു. പിന്നീട് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂൺ 21നു ജയിലിൽ മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കം ഏഴ് പൊലീസുകാർ അറസ്റ്റിലായി. ജൂലൈ നാലിന് സമഗ്രാന്വേഷണത്തിന് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചു.
കമീഷൻ ഒന്നരവർഷത്തിനിടെ 73 സാക്ഷികളിൽനിന്ന് തെളിവെടുത്തു. എസ്ഐയുടെ മുറിയിലും ഒന്നാം നിലയിലെ വിശ്രമ മുറിയിലും രാജ്കുമാറിനെ മർദിച്ചതായുള്ള സാക്ഷിമൊഴികൾ വസ്തുതാപരമാണെന്നു കണ്ടെത്തി. കമീഷന്റെ ഇടപെടലിൽ റീ പോസ്റ്റ്മോർട്ടവും നടത്തി. കസ്റ്റഡി മരണത്തിലെ ഉദ്യോഗസ്ഥ വീഴ്ചകൾ, ഇവ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടെയാണ് കമീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..