13 December Friday
2025 മാർച്ച്‌ 30ന്‌ പ്രഖ്യാപിക്കും

സമ്പൂർണ ശുചിത്വ കേരളം ; ഒക്ടോബർ രണ്ടുമുതൽ മാർച്ച്‌ 30വരെ 
ജനകീയ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

 

തിരുവനന്തപുരം
2025 മാർച്ച്‌ 30ന്‌ സംസ്ഥാനത്തെ ‘സമ്പൂർണ ശുചിത്വ കേരള’മായി  പ്രഖ്യാപിക്കും. ഒക്ടോബർ രണ്ടിന്‌ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച്‌ മാർച്ച് 30ന്‌ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനംവരെ നീളുന്ന ‘മാലിന്യമുക്തം നവകേരളം’ ജനകീയ പ്രചാരണത്തിന്റെ പരിസമാപ്‌തിയിലാകും പ്രഖ്യാപനം. മുഖ്യമന്ത്രി  പിണറായി വിജയൻ വിളിച്ച സർവകക്ഷിയോഗം ഇതിനുള്ള കർമപരിപാടികൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. 

മാലിന്യ സംസ്‌കരണ മാതൃകകൾ ഉദ്ഘാടനം ചെയ്താകും പ്രചാരണം ആരംഭിക്കുകയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങൾ‌ സെപ്‌തംബർ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടന ഒരുക്കങ്ങൾ സെപ്‌തംബർ 30നകം പൂർത്തിയാക്കും. 

കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും. ചെക്പോസ്റ്റുകളെ ഹരിത ചെക്പോസ്റ്റുകളാക്കി നാമകരണം ചെയ്യും. മത, സാമുദായിക, രാഷ്ട്രീയ, യുവജന, വിദ്യാർഥി, മഹിള, -സാംസ്‌കാരിക സംഘടനകളുടേതുൾപ്പെടെ പൊതുപരിപാടികൾ ഹരിതചട്ടം പാലിച്ച് നടത്താനും മുഖ്യമന്ത്രി അഭ്യർഥിച്ചു.

വിലയിരുത്താൻ ഉന്നതതല 
നിർവഹണ സമിതി
മാലിന്യമുക്ത നവകേരളം പ്രചാരണം മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല നിർവഹണ സമിതി വിലയിരുത്തും. പ്രതിപക്ഷ നേതാവ്, തദ്ദേശഭരണം, ജലവിഭവം, കൃഷി, ആരോഗ്യം, പൊതുമരാമത്ത്–- ടൂറിസം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം മന്ത്രിമാർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവർ ഉപാധ്യക്ഷരും ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. മന്ത്രിമാർ, ചീഫ് വിപ്പ്, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥ നേതൃത്വം, റസിഡൻസ് അസോസിയേഷൻ, യുവജന, വിദ്യാർഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും.

തദ്ദേശ ഭരണസ്ഥാപനങ്ങളിൽ വാർഡുതല നിർവഹണ സമിതി രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാർടി, യുവജന, വിദ്യാർഥി, വനിതാ, സന്നദ്ധ സംഘടന പ്രതിനിധികളുണ്ടാകും. തദ്ദേശ സ്ഥാപന, വാർഡുതല സമിതികൾ രണ്ടാഴ്ചയിലൊരിക്കൽ യോഗംചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാലിന്യ നിർമാർജനത്തിന് തടസമാകുന്ന നിരോധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കാൻ കർശന സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മാലിന്യ രഹിത സംസ്ഥാനമെന്ന പേര്‌ നേടിയെടുക്കുന്നത് അഭിമാനകരമാണെന്നും അതിനുള്ള പ്രവർത്തനങ്ങൾക്ക് ക്രിയാത്മക പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെനിർത്താൻ കഴിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അച്യുത്ശങ്കർ എസ് നായർ, ഇ ചന്ദ്രശേഖരൻ, അഡ്വ. എൻ ഷംസുദീൻ, കെ അനന്തകുമാർ, പി ജെ ജോസഫ്, മാത്യു ടി തോമസ്, പി എം സുരേഷ് ബാബു, കെ ജി പ്രേംജിത്‌, അഡ്വ. ഷാജ  ജി എസ് പണിക്കർ, കെ ആർ ഗിരിജൻ, സി കൃഷ്ണകുമാർ, ഡോ. വർഗീസ് ജോർജ്, ബാബു ദിവാകരൻ, കാസിം ഇരിക്കൂർ, പി സി ജോസഫ് എന്നിവർ സർവകക്ഷി യോഗത്തിൽ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top