16 June Sunday

ഈ യാത്ര സാംസ‌്കാരികമുന്നേറ്റത്തിന‌് ഇന്ധനം : അശോകൻ ചരുവിൽ

പി വി ജീജോUpdated: Saturday Feb 9, 2019

കോഴിക്കോട‌് 
കേരളീയ കലാ-സാംസ്കാരിക സമൂഹം വല്ലാത്ത ആശങ്കയിലാണ്. എങ്ങോട്ടാണ് ഈ നാടിന്റെ പോക്കെന്നതിൽ വലിയ ഉൽക്കണ്ഠയും സന്ദേഹവുമുണ്ട‌് എഴുത്തുകാർക്ക‌്. കവികളും കഥാകൃത്തുക്കളും ചിത്രകാരന്മാരും സിനിമാ–--നാടക പ്രവർത്തകരുമെല്ലാം ഭീതിയുടെ ഈ അന്തരീക്ഷം അനുവദിച്ചുകൂടാ എന്നതിൽ ഒറ്റ പക്ഷത്താണ്‌. നാടിന്റെ ഈ സാംസ്കാരിക മനസ്സ‌് തൊട്ടറിയാനും ഉണർത്താനും സാധിക്കുന്നു എന്നതാണ്  സാംസ്കാരികയാത്ര പകരുന്ന മഹത്തായ അനുഭവം –- നവകേരള സാംസ്കാരിക യാത്രയുടെ വടക്കൻ മേഖലാ ജാഥയുടെ നായകനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ പറയുന്നു.

എഴുത്തുകാർ മാത്രമല്ല വ്യത്യസ‌്ത രംഗങ്ങളിൽ പ്രവർത്തിക്കുന്ന യുവാക്കളും സ്ത്രീകളും തൊഴിലാളികളുമെല്ലാം താൽപ്പര്യപൂർവമാണ് യാത്രയെ കാണുന്നത്. സംഘം എന്തു ചെയ്യുന്നു, പറയുന്നു എന്നറിയാൻ വിവിധ ശ്രേണികളിലുള്ളവർ ഉത്സുകരാണ്. ഈ താൽപ്പര്യവും ഉത്സാഹവും കേരളത്തിൽ പുത്തൻ സാംസ്കാരിക മുന്നേറ്റത്തിന് ഇന്ധനമാകും. നവകേരള സാംസ്കാരികയാത്രക്ക് മുമ്പും ശേഷവുമെന്നവിധം സാംസ്കാരിക ചരിത്രം അടയാളപ്പെടുത്തും.

പല കാരണങ്ങളാൽ സംഘവുമായി അകന്നിരുന്നവരും വിയോജിപ്പുള്ളവരുമായ എഴുത്തുകാരടക്കം നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശങ്ങളോട് ഐക്യപ്പെടുകയാണ്. വെറുമൊരു ജാഥ എന്നതിലുപരി സാംസ്കാരികവും ഗ്രാമീണവുമായ ജനകീയോത്സവമായി ഇത‌് മാറിയിട്ടുണ്ട്. 

കാസർകോട‌് കാറഡുക്കയിൽ ഒരു ഗ്രാമമൊന്നാകെയുണ്ടായിരുന്നു ഉദ്ഘാടന ചടങ്ങിൽ. ഉദ്ഘാടകനായ തമിഴ് എഴുത്തുകാരൻ സൂ വെങ്കിടേശനെ പരിചയമില്ലായിരുന്നു ആ നാട്ടുകാർക്ക്. പക്ഷേ കേരളമാണ് ഇന്ത്യയുടെ പ്രതീക്ഷ, അത് തകർക്കപ്പെട്ടുകൂടാ എന്ന സൂ വെങ്കിടേശന്റെ വാക്കുകൾ നിറഞ്ഞ ആരവത്തിലാണ് സദസ്സ‌് സ്വീകരിച്ചത്‌. ഇത്തരമൊരു ഹൃദയവികാരം എല്ലായിടത്തുമുണ്ടായി. പ്രസംഗം, ദീർഘമായ പ്രഭാഷണം എന്ന നിലയിലല്ല യാത്രയുടെ പ്രയാണം. പാട്ടു വണ്ടിയുണ്ട്, ചിലയിടത്ത്  തെയ്യവും തിറയും പൂരക്കളിയുമായി ഉത്സവഹർഷത്തിലാണ് പരിപാടികൾ. എഴുത്തുകാരെ, കലാകാരന്മാരെ, സംഘത്തിന്റെ പഴയ പ്രവർത്തകരെ എല്ലാം കണ്ടും കേട്ടുമാണ് ഞങ്ങളുടെ വരവ്.

കാസർകോട് ഉദിനൂരിലെ സ്വീകരണം അതിൽ പ്രധാനമാണ്. സ്ത്രീകളുടെ പൂരക്കളിയായിരുന്നു അവിടെ അരങ്ങേറിയത്. അനുഷ‌്ഠാന കലയായ പുരുഷന്മാർ മാത്രം കളിച്ചിരുന്ന പൂരക്കളി അമ്മമാർ അവതരിപ്പിച്ചു. അതിൽ തൊഴിലുറപ്പ് തൊഴിലാളികൾ, അധ്യാപികമാർ അങ്ങനെ പല തട്ടിലുള്ളവരുമുണ്ടായിരുന്നു. ജാഥയുടെ ലിംഗനീതി എന്ന  മുദ്രാവാക്യത്തിന്റെ സാർഥകമായ സർഗാത്മകതയാണവിടെ കണ്ടത്. വടകരയിൽ കവി കടത്തനാട്ട് മാധവിയമ്മയുടെ വീട്ടിൽ പോയി. ദേശീയപ്രസ്ഥാനത്തോട് ഐക്യപ്പെട്ട് മാധവിയമ്മ നടത്തിയ പ്രവർത്തനങ്ങൾ മക്കൾ വിവരിച്ചു.
മലയാളത്തിന്റെ മഹാനായ കഥാകാരൻ ടി പത്മനാഭന്റെ ആശംസയും അഭിവാദനവും കണ്ണൂരിലുണ്ടായി. എൻ പ്രഭാകരനും എൻ ശശിധരനും വരാനാകാത്ത അസൗകര്യം അറിയിച്ചു. വയനാട്ടിൽ സി എസ് ചന്ദ്രിക പങ്കാളിയായി. സംഘത്തിലംഗമല്ലെങ്കിലും ഈ യാത്രയിൽനിന്ന് മാറി നിൽക്കാനാവില്ലെന്ന് പറഞ്ഞാണ് കോഴിക്കോട്ട‌് കഥാകൃത്ത് പി കെ പാറക്കടവ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഞങ്ങളുടെ ഇടപെടൽ സാഹിത്യമണ്ഡലം വലിയ പ്രസക്തിയോടെ കാണുന്ന ആഹ്ലാദകരമായ അനുഭവങ്ങളിൽ ചിലതാണിവിടെ പരാമർശിച്ചത്. ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പി, നിരൂപകൻ വി രാജകൃഷ്ണൻ തുടങ്ങി ഒട്ടനവധി പേർ ജാഥ പ്രഖ്യാപിച്ചയുടൻ ആശംസയും പിന്തുണയും അറിയിച്ചിരുന്നു.

വലിയൊരു ആപത്ത് നാളെ സംഭവിച്ചേക്കാം, അതു പാടില്ല, ചെറുക്കണം, സാംസ്കാരിക പ്രതിരോധം വളർത്തിയേ തീരൂ എന്ന ബോധം ചിന്തിക്കുന്ന എല്ലാ മനുഷ്യരിലും ശക്തമാണ്. അത് നേരിട്ടറിയാൻ കഴിഞ്ഞ സന്തോഷവും കേരളത്തിന്റെ സാംസ്കാരിക ജാഗ്രതയിലുള്ള ആത്മവിശ്വാസം ബലപ്പെടുത്തുന്ന അനുഭവവും സംഘമേറ്റെടുത്ത ദൗത്യം  കരുത്തോടെ മുന്നോട്ട് നയിക്കാനുള്ള ഊർജവുമെല്ലാം പകരുന്ന  ആവേശം ചെറുതല്ല–- അശോകൻ ചരുവിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top