13 September Friday

പ്രകൃതിദുരന്ത മുന്നറിയിപ്പ് : കാലഘട്ടത്തിനനുസരിച്ച്‌ മാറ്റം വേണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

തിരുവനന്തപുരം > പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനത്തിൽ കാലഘട്ടത്തിന്‌ അനുസൃതമായ മാറ്റം വേണമെന്നും തീവ്രമഴ പ്രവചനം മെച്ചപ്പെടുത്താൻ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
 
പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റുകൾ തുടങ്ങിയ വിവിധതരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവർത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നത്‌. ദുരന്തങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. ഇത്‌ പലപ്പോഴും കൃത്യമായി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും  ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നത്. എന്നാൽ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമീഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പ്‌ നൽകുന്നത്. മുന്നറിയിപ്പ് രീതിയിൽ കാലോചിതമായ മാറ്റമുണ്ടാകണം.

കാലാവസ്ഥാ വ്യതിയാനംമൂലമുള്ള ദുരന്താഘാതങ്ങൾ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളിൽ ഗവേഷണം നടത്തി സർക്കാരിന് നയപരമായ ഉപദേശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ്‌.

ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും ആഘാതം ലഘൂകരിക്കാനായുള്ള നയപരമായ ഉപദേശങ്ങളും വേണ്ടതുണ്ട്. തീവ്രമഴയുടെ പ്രവചനം മെച്ചപ്പെടുത്താനായി കേരളത്തിന് അനുസൃതമായ മാതൃകകൾ വികസിപ്പിക്കുന്നതിന് പഠനങ്ങൾ നടത്താൻ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടും.

ദുരന്താഘാതത്തിന്റെ വ്യാപ്തി കുറയ്‌ക്കാനും പ്രകൃതി ദുരന്തങ്ങൾക്കെതിരായ പ്രതിരോധം വർധിപ്പിക്കാനും ലക്ഷ്യമിട്ട്‌ അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top