19 January Tuesday

അഖിലേന്ത്യാ പണിമുടക്ക്‌ : സംസ്ഥാനം നിശ്ചലമാകും: സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020


കൊച്ചി
കേന്ദ്രസർക്കാരിന്റെ തൊഴിലാളി–-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 26ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ സംസ്ഥാനം നിശ്ചലമാകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്‌ച അർധരാത്രി 12 മുതൽ വ്യാഴാഴ്‌ച അർധരാത്രി 12 വരെ നടക്കുന്ന പണിമുടക്കിൽ കേന്ദ്ര-–-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കു പുറമെ തിരുവനന്തപുരം ടെക്നോ പാർക്ക്, കാക്കനാട് ഇൻഫോ പാർക്ക്, കൊച്ചി തുറമുഖം, കഞ്ചിക്കോട് വ്യവസായമേഖല, പൊതു–-സ്വകാര്യ മേഖലാ തൊഴിലാളികൾ പങ്കെടുക്കും. വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. കേന്ദ്ര-–-സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിൽ പങ്കെടുക്കും.
26ന് തിരുവനന്തപുരം കിഴക്കേക്കോട്ടമുതൽ പാളയം രക്തസാക്ഷി മണ്ഡപംവരെ തൊഴിലാളികൾ സാമൂഹിക അകലം പാലിച്ച് റോഡിൽ അണിനിരക്കും. 24, 25 തീയതികളിൽ പ്രധാന നഗരങ്ങളിൽ വിളംബര ജാഥകൾ നടത്തും. കടകൾ അടച്ചും വാഹനങ്ങൾ ഓടിക്കാതെയും എല്ലാവരും സഹകരിക്കണമെന്ന്  നേതാക്കൾ അഭ്യർഥിച്ചു.

പാൽ, പത്രം, ആശുപത്രി, സർക്കാർ പ്രസ്, ശബരിമല തീർഥാടനം, ആരോഗ്യമേഖല എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളെയും ഒഴിവാക്കി. വാർത്താസമ്മേളനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ കെ പി രാജേന്ദ്രൻ, കെ ചന്ദ്രൻപിള്ള, ടോമി മാത്യു, ടി കെ രമേശൻ, സി കെ മണിശങ്കർ, ടി ബി മിനി, കെ എൻ ഗോപിനാഥ്, മനോജ് പെരുമ്പിള്ളിൽ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത്‌ പൂർണമാകും: ടിയു നേതാക്കൾ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ–കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 26ന്‌ നടക്കുന്ന ദേശീയ പണിമുടക്ക്‌ സംസ്ഥാനത്ത്‌ പൂർണമാകും. 25ന്‌ അർധരാത്രി മുതൽ 26ന്‌ അർധരാത്രി വരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. എല്ലാ വിഭാഗം ജനങ്ങളും ‌ പിന്തുണയും സഹായവും നൽകണമെന്ന്‌ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 ഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉയർത്തിയാണ്‌ പണിമുടക്ക്‌.  ബിഎംഎസ്‌ ഒഴികെയുള്ള യൂണിയനുകളെല്ലാം പണിമുടക്കും. ബിഎംഎസിന്റെ പ്രവർത്തകർ അണിനിരക്കും. പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ഹർത്താലിന്‌ ആഹ്വാനം നൽകിയതിനാൽ പ്രക്ഷോഭ ചരിത്രത്തിൽ അവിസ്‌മരണീയമാകും‌. മോട്ടോർ തൊഴിലാളികളും വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കും. കടകമ്പോളങ്ങൾ അടയുകയും മോട്ടോർ വാഹന ഗതാഗതം പൂർണമായി സ്‌തംഭിക്കുകയും ചെയ്യും.   സ്വകാര്യ വാഹനങ്ങൾ പണിമുടക്കിനോട്‌ സഹകരിക്കണം. 26ന്‌ രാവിലെ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ എല്ലാ നഗരങ്ങളിലും ധർണ നടത്തും.

ആശുപത്രികൾ, പത്ര–-മാധ്യമ സ്ഥാപനങ്ങൾ, പാൽ വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കി‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക്‌ തടസ്സമുണ്ടാവില്ല. വാർത്താസമ്മേളനത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, അഹമ്മദ്‌കുട്ടി ഉണ്ണികുളം(എസ്‌ടിയു), മനയത്ത്‌ ചന്ദ്രൻ(ബിഎംഎസ്‌), വിജയൻ കുനിശേരി(എഐടിയുസി), പി കെ മുകുന്ദൻ(സിഐടിയു), വി കെ സദാനന്ദൻ(എഐയുടിയുസി), ബിജു ആന്റണി(ജെഎൽയു) എന്നിവർ പങ്കെടുത്തു.

പരീക്ഷയ്‌ക്ക്‌ തടസ്സമില്ല
യുജിസി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക്‌ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ തടസ്സമുണ്ടാവില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top