16 January Saturday

താക്കീത്‌ ; രാജ്യവ്യാപക മുന്നേറ്റം ; പണിമുടക്കിയത്‌ 25 കോടിയിലേറെ തൊഴിലാളികൾ

എം പ്രശാന്ത്‌Updated: Thursday Nov 26, 2020

ഡൽഹി ജന്തർ മന്ദറിൽ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ സംസാരിക്കുന്നു ഫോട്ടോ: കെ എം വാസുദേവൻ

 

ന്യൂഡൽഹി
അവകാശങ്ങൾ തട്ടിപ്പറിക്കുന്ന ബിജെപി സർക്കാരിനെതിരെ ജ്വലിച്ചുയർന്ന തൊഴിലാളി പ്രതിഷേധത്തിൽ രാജ്യം സ്‌തംഭിച്ചു. വ്യവസായശാലകളും കൃഷിയിടങ്ങളും പണിമുടക്കിൽ നിശ്‌ചലമായി. തൊഴിലാളികളും കർഷകരും തെരുവിലിറങ്ങിയത്‌ കേന്ദ്ര സർക്കാരിന്‌ താക്കീതായി. തൊഴിൽദ്രോഹ ചട്ടങ്ങൾ പിൻവലിക്കുന്നതടക്കം സുപ്രധാനമായ ആവശ്യങ്ങളുന്നയിച്ച്‌ 25 കോടിയിലേറെ തൊഴിലാളികളാണ്‌ വ്യാഴാഴ്‌ച പണിമുടക്കിയത്‌. തൊഴിലാളികൾക്ക്‌ പിന്തുണയുമായി കർഷകരും കർഷകത്തൊഴിലാളികളും അണിനിരന്നതോടെ നഗരങ്ങളും ഗ്രാമങ്ങളും സ്‌തംഭിച്ചു. കേരളം, ബംഗാൾ, ത്രിപുര, അസം തുടങ്ങി പല സംസ്ഥാനങ്ങളും നിശ്ചലമായി. കേന്ദ്ര സർക്കാരിനെതിരായി സമീപകാലത്തൊന്നും കാണാത്ത ജനമുന്നേറ്റമാണ്‌ ദൃശ്യമായത്‌.

രാജ്യത്തുണ്ടായിരുന്ന 44 തൊഴിൽ നിയമം ദുർബലപ്പെടുത്തി നാല്‌ ചട്ടമാക്കി മാറ്റിയ മോഡി സർക്കാരിനെതിരെയുള്ള തൊഴിലാളി മുന്നേറ്റമായി പണിമുടക്ക്‌. കോർപറേറ്റുകൾക്കു വേണ്ടി തയ്യാറാക്കിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കണമെന്നും കോവിഡ്‌ പ്രതിസന്ധി കണക്കിലെടുത്ത്‌ പ്രതിമാസം 7500 രൂപ ധനസഹായം അനുവദിക്കണമെന്നും അടക്കം പ്രധാനമായും ഏഴ്‌ ആവശ്യം ഉന്നയിച്ചായിരുന്നു പണിമുടക്ക്‌. ബിഎംഎസ്‌‌ ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്‌ത 24 മണിക്കൂർ പണിമുടക്കിന്‌ ബുധനാഴ്‌ച അർധരാത്രി തുടക്കമായി. 

പണിമുടക്ക്‌ അടിച്ചമർത്താൻ ബിഹാറും ഒഡിഷയും എൻഎസ്‌എ പ്രഖ്യാപിച്ചപ്പോൾ യുപിയിൽ ആറുമാസത്തേക്ക്‌ എസ്‌മ നടപ്പാക്കി. മറ്റ്‌ ബിജെപി ഭരണസംസ്ഥാനങ്ങളും കേന്ദ്രവും പൊലീസിനെ ഉപയോഗിച്ച്‌ പണിമുടക്ക്‌ അടിച്ചമർത്താൻ ശ്രമിച്ചു. ഡൽഹിയിൽ പാർലമെന്റ്‌ സ്‌ട്രീറ്റിൽ ട്രേഡ്‌ യൂണിയൻ നേതാക്കൾ തൊഴിലാളികളെ അഭിവാദ്യം ചെയ്‌തു. തൊഴിലാളികളുടെയും കർഷകരുടെയും യോജിച്ചു ള്ള മുന്നേറ്റമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.  അശോക്‌ സിങ്‌ (ഐഎൻടിയുസി), അമർജീത് കൗർ (എഐടിയുസി), ഹർഭജൻസിങ്‌ സിദ്ദു (എച്ച്‌എംഎസ്‌) എന്നിവരും മറ്റ്‌ ട്രേഡ്‌ യൂണിയൻ നേതാക്കളും പാർലമെന്റ്‌ സ്‌ട്രീറ്റിലെ പ്രക്ഷോഭത്തിൽ അണിനിരന്നു.

കേരളത്തിൽ പൂർണം
തൊഴിലാളികൾക്കും കർഷകർക്കുമൊപ്പം ജനങ്ങളാകെ പണിമുടക്ക്‌ ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്ചലമായി. പൊതുഗതാഗതം നിലച്ചു. വ്യാപാരസ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തനം പൂർണമായി നിലച്ചു. ഇരുചക്ര വാഹനങ്ങളും ഏതാനും സ്വകാര്യവാഹനങ്ങളും മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ആശുപത്രികളിലും ജോലിചെയ്യുന്ന ജീവനക്കാരും തെരഞ്ഞെടുപ്പു ചുമതലയുള്ളവരും ഹാജർ രേഖപ്പെടുത്താതെ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  അസംഘടിത മേഖലയിലെ തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും തൊഴിലുറപ്പു തൊഴിലാളികളും അണിചേർന്നു. കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിന്‌ പിന്തുണ അറിയിച്ച്‌ സംസ്ഥാനത്തൊട്ടാകെ പ്രകടനങ്ങൾ നടത്തി.

തപാൽ, ആർഎംഎസ്, എംഎംഎസ്, ഇൻകം ടാക്സ്, ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ്, സെൻട്രൽ എക്സൈസ് തുടങ്ങിയ കേന്ദ്ര സർവീസ്‌ മേഖലയും പൂർണമായും സ്തംഭിച്ചു. റെയിൽവേ, പ്രതിരോധ ജീവനക്കാർ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനങ്ങൾ നടത്തി. പണിമുടക്കിയവര്‍ തൊഴിൽ കേന്ദ്രങ്ങളിലും മണ്ഡലം, ഏരിയ കേന്ദ്രങ്ങളിലും സംഗമിച്ചു.

ലാത്തികൾ തോറ്റു; കർഷകർ മുന്നോട്ട്‌
വഴിയിൽ തടഞ്ഞുനിർത്താനുള്ള ബിജെപി സർക്കാരുകളുടെ സന്നാഹങ്ങളെല്ലാം അവഗണിച്ച്‌ അതിശക്തമായ പ്രതിഷേധവുമായി കർഷകർ ഡൽഹിയിലേക്ക്‌‌. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചും അർധസൈനികവിഭാഗങ്ങളെ വിന്യസിച്ചും കോൺക്രീറ്റ് ബാരിക്കേഡ്‌  സ്ഥാപിച്ചും കർഷകമാർച്ച്‌ തടയാൻ  നടത്തിയ ശ്രമം വിഫലമായി. അരലക്ഷത്തിൽപ്പരം കർഷകർ വ്യാഴാഴ്‌ച വൈകിട്ട്‌ ഡൽഹി അതിർത്തികളിലെത്തി. തലസ്ഥാനത്തെയാകെ വരിഞ്ഞുമുറുക്കിയിട്ടും നൂറുകണക്കിനു കർഷകരും വർഗബഹുജനസംഘടനാ പ്രവർത്തകരും ജന്തർമന്ദറിൽ പ്രതിഷേധം ഉയർത്തി. ഇവരെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു.

കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും തൊഴിലാളിപണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചും അഖിലേന്ത്യാ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം. പഞ്ചാബ്‌, ഹരിയാന, ഉത്തർപ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ കർഷകർ ഡൽഹിയിൽ എത്തുന്നത്‌ തടയാൻ രണ്ട്‌ ദിവസമായി വൻസന്നാഹമാണ്‌‌‌ കേന്ദ്രആഭ്യന്തരമന്ത്രാലയവും ഹരിയാന, ഉത്തർപ്രദേശ്‌ സർക്കാരുകളും ഒരുക്കിയത്‌‌. 

പഞ്ചാബ്‌ ഹരിയാന അതിർത്തിയിൽ കർഷകർനേരെ ജലപീരങ്കിയും കണ്ണീർവാതകവളം പ്രയോഗിച്ചു. ഹരിയാനയിലെ ബിജെപി സർക്കാർ കർഷകർ കടന്നുവരുന്ന വഴികളിൽ മണ്ണുനിറച്ച ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തിയും തടയാൻ ശ്രമിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top