27 January Thursday

കൃത്രിമമെങ്കിലും ‘മനസ്സറിഞ്ഞ്‌’ ചലിക്കും ഈ കൈ

സി എ പ്രേമചന്ദ്രൻUpdated: Tuesday Dec 7, 2021

നിപ്‌മർ പരിചയപ്പെടുത്തുന്ന ലോകോത്തര കൃത്രിമ കൈ പ്രദർശിപ്പിച്ചപ്പോൾ

തൃശൂർ > കൈപ്പത്തിയും വിലരുകളും മടക്കാം, നിവർത്താം. കൃത്രിമ കൈയാണെങ്കിലും മനസ്സറിഞ്ഞ്‌ ചലിക്കും. പേനയും പന്തുമെല്ലാം പിടിക്കാനും വാഹനം ഓടിക്കാനും സാധാരണ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും. സാധാരണ കൈപോലെ തോന്നിക്കാൻ തൊലിയുടെ നിറമുള്ള കവർ ഉണ്ടാകും.  ലോകോത്തരമായ കൃത്രിമകൈ കേരളത്തിലാദ്യമായി പരിചയപ്പെടുത്തുന്നത്‌ ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റിഹാബിലിറ്റേഷൻ (നിപ്‌മർ) ആണ്‌.  

ഭിന്നശേഷിക്കാരെ കൈപിടിച്ചുയർത്താൻ കൊച്ചു സഹായക ഉപകരണങ്ങളുൾപ്പെടെ ഐടി തട്ടുകടയും നിപ്‌മറിലുണ്ട്. അറ്റ  കൈകളുടെ ഞെരമ്പുകളിൽ തലച്ചോറിൽനിന്നുള്ള നിർദേശങ്ങൾ വന്നു നിൽക്കും. ഇതിനെ ഞരമ്പുകളുടെ തുടർച്ചപോലെ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബയോ മെക്കാനിക്കൽ ഇംപൾസാക്കി മാറ്റും. അതുവഴി മയോ ഇലക്‌ട്രിക്, മൾട്ടി ആർട്ടിക്യുലേറ്റിങ് പ്രോസ്‌തെറ്റിക് ഹാൻഡ് (കൃത്രിമ കൈ ) സുഗമമായി പ്രവർത്തിക്കും. പ്രവർത്തിക്കേണ്ട പേശികളെ ആദ്യം തിരിച്ചറിയും. അവ നിയന്ത്രിക്കുന്നതിന്‌ ഇലക്‌ട്രോണിക്‌  സഹായത്തോടെ  പ്രത്യേക പേശി സിഗ്നലുകൾ ഉപയോഗിക്കുന്നു. ഈ സിഗ്‌നൽ കൃത്രിമകൈയുടെ മൊട്ടോറുമായി ഘടിപ്പിക്കുകയാണ്‌. ബയോസിം ആൻഡ്‌ മൈ ഐ ലിംപ്‌ സോഫ്‌റ്റ്‌വെയർ സഹായത്തോടെയും പ്രവർത്തിപ്പിക്കാം. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചും പ്രവർത്തിപ്പിക്കാം.  40 ലക്ഷത്തോളം രൂപയാണ്‌  ഉപകരണത്തിന്റെ വില.

യുഎസ്‌എ ആസ്ഥാനമായ ഒഷുർ അക്കാദമിയാണ്‌   ഉപകരണത്തിന്റെ ഹാർഡ്‌ വെയർ വികസിപ്പിച്ചത്‌.  ഇത്തരം ഉപകരണം ആവശ്യക്കാർക്ക്‌ ഘടിപ്പിച്ചു നൽകാനുള്ള വിദഗ്‌ധർ നിപ്‌മറിലുണ്ട്‌. ക്ലിനിക്കൽ വിഭാഗം പരിശോധിച്ച്‌ ആവശ്യകത തിരിച്ചറിഞ്ഞശേഷമാണ്‌ ഉപകരണം നിർദേശിക്കുക. ഭിന്നശേഷിക്കാർക്ക്‌ ഏറ്റവും നൂതന ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയുമാണ്‌ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‌ കീഴിലുള്ള  നിപ്‌മർ ലക്ഷ്യമിടുന്നതെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ഇൻചാർജ്‌  സി ചന്ദ്രബാബു പറഞ്ഞു. വിവിധ കൃത്രിമ കൈകളും കാലുകളും നിർമിക്കുന്നുണ്ട്‌.   രണ്ടായിരം രൂപമുതൽ ഒരു ലക്ഷം വരെയുള്ള വീൽചെയറുണ്ട്‌. വെറും 25 രൂപമുതലുള്ള സഹായ ഉപകരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തട്ടുംമുട്ടും തടയാൻ  തട്ടുകട


ശാരീരിക ബുദ്ധിമുട്ടുകളാൽ  ജീവിതവൃത്തി ഏറ്റെടുക്കാൻ കഴിയാത്തവരെ സഹായിക്കാൻ നിപ്‌മർ ഒരുക്കുന്ന ഐടി തട്ടുകട. അവശതയുടെ തോതനുസരിച്ച് സഹായക സാങ്കേതിക  വിദ്യകൾ  തട്ടുകടയിൽ ഒരുക്കിയിട്ടുണ്ട്‌.
 
കിടക്കയിൽ നിന്ന് കസേരയിലേക്ക് മാറുക, തടസ്സം കൂടാതെ വീടിലെ എല്ലാ ഭാഗത്തും സഞ്ചരിക്കുക, പേന  പിടിക്കുക, വെള്ളം കുടിക്കുന്നതിനുള്ള കപ്പ്‌  ഉപയോഗിക്കുക  എന്നീ കാര്യങ്ങൾക്കായി അനുയോജ്യമായ  സാങ്കേതിക  വിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്‌. ഓരോ വ്യക്തിയുടെയും ആവശ്യകതക്കനുസരിച്ച്‌   ചെറുതും വലുതുമായ സഹായ ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന  ഹാൻസ്  സപ്ലമെന്റ്‌ യൂണിറ്റ്‌, പ്രോസ്‌തെറ്റിക്‌ ആൻഡ്‌ ഓർത്തോടിക്‌ യൂണിറ്റ്‌  എന്നിവ  നിപ്‌മറിൽ  പ്രവർത്തിക്കുന്നു.

പേനയോ, പെൻസിലോ ഉപയോഗിക്കാനോ, വിരലുകൾ കൊണ്ട്‌  അക്ഷരങ്ങളോ, അക്കങ്ങളോ തൊട്ടുകാണിക്കാൻ പ്രയാസമുള്ളവർക്കായി സ്‌റ്റാമ്പ്‌ ബേസ്‌ഡ്‌ അഡാപ്‌റ്റീവ്‌ ഡിവൈസ്‌ വികസിപ്പിച്ചു.  റബർ സ്റ്റാമ്പിലെ സാങ്കേതിക  വിദ്യ  ഉപയോഗിച്ച് അക്ഷരങ്ങൾ പഠിക്കുകയും അതുപയോഗിച്ച് വാക്കുകൾ പഠിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയും വികസിപ്പിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top