31 March Tuesday

ദേശീയപാത വികസനം: കേന്ദ്രവുമായി ഇത്രയധികം ചർച്ചചെയ‌്ത മുഖ്യമന്ത്രി വേറെയില്ലെന്ന്‌ വി മുരളീധരൻ

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

തിരുവനന്തപുരം> ദേശീയപാത വികസനത്തിന‌് കേന്ദ്രവുമായി ഇത്രയധികം ചർച്ച നടത്തിയ മുഖ്യമന്ത്രി വേറെയില്ലെന്ന‌് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട‌് കേന്ദ്രമന്ത്രി നിധിൻ ഗഡ‌്കരിയുമായി നിരവധി ചർച്ച നടന്നു. അതിൽ താനും പങ്കാളിയാണ‌്. ആലപ്പുഴ ബൈപാസ‌് പൂർത്തീകരണത്തിലെ തടസ്സങ്ങൾ മാറിയതിനാൽ ഉടൻ യാഥാർഥ്യമാകും. കേരളത്തിലെ റെയിൽവേ വികസനത്തിന് തടസ്സം പാതകളില്ലാത്തതാണ്. പുതുതായി ട്രെയിനുകൾ അനുവദിക്കാൻ കഴിയാത്ത അവസ്ഥയാണ‌്. പാതയിരട്ടിപ്പിക്കലോ എലിവേറ്റഡ് പാതയോ അനിവാര്യമാണെങ്കിലും സ്ഥലം ഏറ്റെടുക്കലാണ് തടസ്സം. അതിവേഗ റെയിൽപ്പാത തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട‌്.

തുടർനടപടി വേഗത്തിലാക്കും. റെയിൽവേ വികസനം ചർച്ചചെയ്യാൻ റെയിൽവേ സഹമന്ത്രി സുരേഷ് അഞ്ചാടി ഏപ്രിലിൽ കേരളത്തിലെത്തും. തിരുവനന്തപുരത്തും എറണാകുളത്തും ഉന്നതതലയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയിലുള്ളത് തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്- ആണ‌്. ബിഡിജെഎസിന് അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന അഭിപ്രായമാണ് തനിക്കും ഉള്ളത‌്. പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും മുരളീധരനുമായുള്ള ചർച്ചയിൽ പങ്കെടുത്തു


പ്രധാന വാർത്തകൾ
 Top