18 August Sunday

പ്രളയാനന്തര കേരളം: ഒന്നും തരാതെ മോഡിയുടെ വക ‘അഴിമതിത്തള്ളലും’

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

തിരുവനന്തപുരം> പ്രളയകാലത്ത‌് കേരളത്തെ ദ്രോഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരും വിശ്വസിക്കാത്ത അഴിമതിയാരോപണം ഉന്നയിച്ച‌് അവസാനത്തെ അടവ‌് പയറ്റുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനിരയായ സംസ്ഥാനത്തിന‌് പുറത്തുനിന്നുള്ള സഹായം മുടക്കി, കേന്ദ്രത്തോട‌് ചോദിച്ചത‌് തരാതെ, തന്നത‌് തിരിച്ചുചോദിച്ച‌് സംസ്ഥാനത്ത‌് പരസ്യയുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും മതിയാകാതെയാണ‌് തിരുവനന്തപുരത്തെ പൊതുയോഗത്തിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഴിമതി ആരോപണവും ഉന്നയിച്ചത‌്.

പ്രളയഫണ്ട‌്: കൃത്യമായ കണക്കുണ്ടിവിടെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കേന്ദ്രം നൽകിയ 2904 കോടിയിൽ അഴിമതി കാട്ടിയെന്നാണ‌് പ്രധാനമന്ത്രി പറയുന്നത‌്. പ്രളയത്തിൽ 31,000 കോടിയുടെ നഷ്ടത്തിന‌് മാനദണ്ഡപ്രകാരം കേരളം ചോദിച്ചത‌് 5616 കോടിയായിരുന്നു. എന്നാൽ, അനുവദിച്ചതാകട്ടെ 2904 കോടി. ഇതിൽ 1800 കോടിയോളം രൂപ ഇതിനകം 22 ഇനങ്ങളിലായി വിനിയോഗിച്ചു. മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം, കെട്ടിടനിർമാണം, റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി പ്രളയകാലത്ത‌് മറ്റ‌് സംസ്ഥാനങ്ങൾ തന്ന പാൽ, കേന്ദ്രം തന്ന അരി, മണ്ണെണ്ണ, സേനാ വിമാനങ്ങൾ ഉപയോഗിച്ചതിനുള്ള കൂലി തുടങ്ങിയവയും ഈ പണം ഉപയോഗിച്ചാണ‌് നൽകുന്നത‌്. കേന്ദ്രം നൽകിയത‌് തികയാത്തതിനാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ‌്ഡിആർഎഫ‌്) ലഭിച്ച പണവും ചേർത്താണ‌് ചെലവുചെയ്യുന്നത‌്. മതിയായ പണം നൽകാത്ത, തന്നതുതന്നെ തിരിച്ചുചോദിക്കുകയുംചെയ്ത അതേ മോഡിയാണ‌് ഇപ്പോൾ അഴിമതി ആരോപിക്കുന്നത‌്.

കേന്ദ്ര ദുരന്ത പ്രതികരണനിധി വകമാറ്റാനാകില്ല

കേന്ദ്രത്തിന്റെ ദുരന്ത പ്രതികരണ നിധിയിൽനിന്ന‌് അനുവദിക്കുന്ന തുക വകമാറ്റി ചെലവഴിക്കാനാകില്ല. ഒപ്പം പുനർനിർമാണത്തിന‌് ഈ പണം ഉപയോഗിക്കാനുമാകില്ല. ഉദാഹരണത്തിന‌് പ്രളയത്തിൽ തകർന്ന റോഡ‌് സഞ്ചാരയോഗ്യമാക്കാൻമാത്രമാണ‌് ഉപയോഗിക്കാനാകുക. അല്ലാതെ റോഡ‌് പൂർണമായി പുനർനിർമിക്കാനാകില്ല.  സഞ്ചാരയോഗ്യമാക്കാൻ കേന്ദ്രം നൽകിയ പണത്തിൽനിന്ന‌് ആകെ ഉപയോഗിക്കാനാകുക വെറും ഒരുലക്ഷം രൂപമാത്രം. ഈ പണം കുഴിയടയ‌്ക്കാൻപോലും തികയില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ജനങ്ങൾ സംഭാവനചെയ്ത പണംകൂടി ഉപയോഗിച്ചാണ‌് ജോലികൾ പൂർത്തിയാക്കുക.

കേന്ദ്രസഹായത്തിന്റെ ഇരട്ടിയോളം സംസ്ഥാനം മുടക്കി

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച‌് പ്രളയത്തിൽ തകർന്ന 1390 വീടാണ‌് കേരളം പുനർനിർമിച്ചത‌്. ഇതിനുപുറമെ അറ്റകുറ്റപ്പണിക്കായി 1272 കോടി വിതരണംചെയ്തു. ഇവയിൽ കേന്ദ്രവിഹിതം നാമമാത്രമാണ‌്. നാലുലക്ഷം രൂപയാണ‌് വീട‌് നിർമിക്കാൻ സർക്കാർ നൽകുന്നത‌്. ഈയിനത്തിൽമാത്രം 5560 കോടിയാണ‌് സംസ്ഥാനം മുടക്കിയത‌്. കേന്ദ്രസഹായത്തിന്റെ ഇരട്ടിയോളം തുക വീടുനിർമാണത്തിനുമാത്രമായി  മുടക്കിക്കഴിഞ്ഞു. കേരളത്തിന്റെ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിനാലാണ‌് മുഖ്യമന്ത്രിക്ക‌്  ജനീവയിൽ നടക്കുന്ന ലോക പുനർനിർമാണ സമ്മേളനത്തിൽ (ഡബ്ല്യുആർസി) പങ്കെടുക്കാൻ ക്ഷണം ലഭിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top