22 September Sunday
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമം

സംസ്ഥാനത്തെ ഏറ്റവും വലിയ ചരസ‌ുവേട്ട; 13 കോടിയുടെ ചരസുമായി പ്രധാനകണ്ണി പിടിയിൽ- Video

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

കൊച്ചി> എക‌്സൈസ‌് സംഘത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച  അന്താരാഷ‌്ട്ര ലഹരിമരുന്നുകടത്ത‌് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി. പുതുവൈപ്പ‌്‌ ലൈറ്റ‌് ഹൗസിനു സമീപം ആലുവപ്പറമ്പിൽ വർഗീസ‌് ജൂഡ‌്സനാണ‌് (52)  പിടിയിലായത‌്. ഇയാളുടെ വാഹനത്തിൽനിന്ന‌് അന്താരാഷ‌്ട്ര മാർക്കറ്റിൽ 13 കോടി രൂപയോളം വിലവരുന്ന 6.5 കിലോ ചരസ‌് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ചരസ‌ുവേട്ടയാണിതെന്ന‌് എക‌്സൈസ‌് ഡെപ്യൂട്ടി കമീഷണർ കെ ചന്ദ്രപാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  നേപ്പാളിൽ നിർമിച്ച പിസ‌്റ്റളും എട്ടു തിരകളും മഹീന്ദ്ര എക‌്സ‌്‌യുവി വാഹനവും പിടിച്ചെടുത്തിട്ടുണ്ട‌്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ‌്തു.

എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ തിരയുന്ന ലഹരിമരുന്നുകടത്ത‌് സംഘാംഗമാണ‌് വർഗീസ‌് ജൂഡ‌്സൺ. ബുധനാഴ‌്ച പകൽ 12ഓടെ മൂലമ്പിള്ളിയിൽനിന്നാണ‌് പിടിയിലായത‌്.  ‌എക‌്സൈസ‌് സംഘാംഗങ്ങൾ ഇടപാടുകാരായി നടിച്ച‌് വൻ തുക വാഗ‌്ദാനംചെയ‌്താണ‌് വർഗീസ‌് ജൂഡ‌്സണെ വലയിലാക്കിയത‌്. മയക്കുമരുന്ന‌് കൈമാറാനെത്തിയ ജൂഡ‌്സൺ എക‌്സൈസ‌് സംഘത്തെ തിരിച്ചറിഞ്ഞ‌് വാഹനം വേഗത്തിൽ ഓടിച്ചുപോയി. എക‌്സൈസ‌് പിന്തുടർന്ന‌് തടഞ്ഞുനിർത്തിയപ്പോൾ തോക്കുചൂണ്ടി  രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന‌് വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിലൂടെയാണ‌് കീഴ‌്പ്പെടുത്തിയത‌്.

വാഹനമോടിച്ച‌്  നേപ്പാളിൽ പോയാണ‌് ചരസ‌് കേരളത്തിലേക്ക‌് കൊണ്ടുവന്നിരുന്നത‌്.  മയക്കുമരുന്ന‌് വിവിധ ഭാഗങ്ങളിൽ എത്തിക്കാനായി റെന്റ‌് എ കാർ ബിസിനസും നടത്തിയിരുന്നു.  പ്രതിയെ പിടികൂടിയ സംഘത്തിന‌് എക‌്സൈസ‌് കമീഷണർ ഋഷിരാജ‌് സിങ‌് 25,000 രൂപ റിവാർഡ‌് നൽകി. നേതൃത്വം നൽകിയ എക‌്സൈസ‌് സ‌്പെഷ്യൽ സ്‌ക്വാഡ‌് ഇൻസ‌്പെക‌്ടർ പി ശ്രീരാജിന‌് എക‌്സൈസ‌് ഡെപ്യൂട്ടി കമീഷണർ കെ ചന്ദ്രപാലൻ സമ്മാനത്തുക കൈമാറി. പ്രിവന്റീവ‌് ഓഫീസർ കെ ആർ രാംപ്രസാദ‌്, ഇന്റലിജൻസ‌് പ്രിവന്റീവ‌് ഓഫീസർ എ എസ‌് ജയൻ, ഡി സി സ്ക്വാഡ‌് അംഗം റോബി, സിവിൽ എക‌്സൈസ‌് ഓഫീസർമാരായ പി എക‌്സ‌് റൂബൻ, എം എം അരുൺകുമാർ, സിദ്ധാർഥൻ എന്നിവർ ഉൾപ്പെട്ട സംഘമാണ‌് പ്രതിയെ പിടികൂടിയത‌്. അസി. എക‌്സൈസ‌് കമീഷണർ ടി എ അശോക‌്കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top