30 January Monday
എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ അപൂർവം

നാരായണൻ നായർ വധക്കേസ്‌ ; 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം

എം വി പ്രദീപ്‌Updated: Monday Nov 14, 2022

നാരായണൻനായർ വധക്കേസിലെ പ്രതികളെ പൊലീസ് വാഹനത്തിൽ കോടതിയിലേക്ക് കൊണ്ടുവരുന്നു


നെയ്യാറ്റിൻകര (തിരുവനന്തപുരം)
ആനാവൂർ നാരായണൻനായരെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം തടവ്‌. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്‌ ജഡ്‌ജി കവിതാ ഗംഗാധരനാണ്‌ തിങ്കൾ പകൽ 3.30ന്‌ ശിക്ഷ വിധിച്ചത്‌. ഒരു കേസിൽ എല്ലാവർക്കും ജീവപര്യന്തം വിധിക്കുന്നത്‌ അപൂർവമാണ്‌. പ്രതികൾ ഒരു മനുഷ്യന്റെ അഭയകേന്ദ്രമായ വീട്ടിൽ അതിക്രമിച്ചു കയറി ജീവനെടുക്കുകയും മാരകായുധങ്ങളുമായി സംഘടിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തതായി കോടതി കണ്ടെത്തി. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരനും കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗവും വിട്ടിയറം ശ്രീകണ്‌ഠ ശാസ്‌താക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമായിരുന്നപ്പോഴാണ്‌ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻനായർ കൊലചെയ്യപ്പെടുന്നത്‌.


 

കീഴാറൂർ സ്വദേശികളായ ബിഎംഎസ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളാംകൊള്ളി രാജേഷ്‌ (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്‌കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്‌കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്‌ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്‌താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത്‌ വീട്ടിൽ ഗിരീഷ്‌ എന്ന അനിക്കുട്ടൻ (48) എന്നിവർക്കാണ്‌ ജീവപര്യന്തം ശിക്ഷ വിധിച്ചത്‌. ഇതിൽ ഒന്നും  രണ്ടും നാലും പ്രതികളായ രാജേഷ്‌, പ്രസാദ്‌കുമാർ, ആർ പ്രേംകുമാർ എന്നിവർക്ക്‌ മാരകായുധങ്ങളുമായി സംഘടിച്ച്‌ വീട്ടിൽ അതിക്രമിച്ചു കയറിയതിന്‌  20 വർഷം അധികതടവും വിധിച്ചിട്ടുണ്ട്‌. ഈ മൂന്നുപേരും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കുന്നില്ലെങ്കിൽ ഒരു വർഷം കൂടി തടവ്‌ അനുഭവിക്കണം.

മൂന്നും അഞ്ചും പ്രതികളായ ഗിരീഷ്‌കുമാർ, അരുൺകുമാർ എന്നിവർക്ക്‌ ജീവപര്യന്തത്തിനു പുറമെ 50,000 രൂപ വീതം പിഴ ഒടുക്കണം. ഇവർക്ക്‌ മാരകായുധങ്ങളുമായി സംഘടിച്ചെത്തി അതിക്രമിച്ചു കയറിയതിന്‌ 17 വർഷം അധിക തടവുമുണ്ട്‌. ആറുമുതൽ 11 വരെ പ്രതികളായ ബൈജു, അനിൽ, അജയൻ, സജികുമാർ, ബിനുകുമാർ, ഗിരീഷ്‌ എന്നിവർക്ക്‌ 15 വർഷം അധിക ശിക്ഷയും 25,000 രൂപ വീതം പിഴയുമുണ്ട്. ജീവപര്യന്തമായതിനാൽ ശിക്ഷ ജീവിതകാലം മുഴുവൻ ഒന്നിച്ച്‌ അനുഭവിച്ചാൽ മതി.

2013 നവംബർ അഞ്ചിനു രാത്രി പത്തോടെയാണ്‌ മാരകായുധങ്ങളുമായെത്തിയ ആർഎസ്‌എസുകാർ അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന നാരായണൻനായരെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്‌.  മകനും എസ്‌എഫ്‌ഐ വെള്ളറട ഏരിയ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ കൊല്ലാനാണ് സംഘം എത്തിയത്. ഇതിന് തടസ്സംനിന്ന നാരായണൻനായരെ വെട്ടിക്കൊല്ലുകയായിരുന്നു. ശിവപ്രസാദിന്റെ സഹോദരൻ ഗോപകുമാറിനെയും വെട്ടി.  നാരായണൻനായരുടെ ഭാര്യ പി വിജയകുമാരി, മക്കളായ ഗോപകുമാർ, ശിവപ്രസാദ്‌ എന്നിവരും നാടിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ പൊതു പ്രവർത്തകരും ശിക്ഷാവിധി കേൾക്കാനെത്തി.  സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാർ, ആർ സൂരജ്‌ നായർ, എസ്‌ അഹല്യ എന്നിവരാണ്‌  പ്രോസിക്യൂഷനുവേണ്ടി ഹാജരായത്‌.

ശിക്ഷാവിധിക്ക്‌ പിന്നാലെ ജഡ്‌ജിയുടെ വീട്ടിൽ 2 അജ്‌ഞാതർ
ആനാവൂർ നാരായണൻ നായരെ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന കേസിൽ 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം ശിക്ഷ  വിധിച്ചതിന്‌ പിന്നാലെ ജഡ്‌ജിയുടെ ആലപ്പുഴ മാന്നാറിലുള്ള വീട്ടിൽ രണ്ട്‌ അജ്ഞാതരെത്തി.  ജഡ്‌ജിയുടെ അച്ഛനമ്മമാർ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ജഡ്‌ജിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന്‌ അച്ഛനമ്മമാർ അറിയിച്ചു. തുടർന്ന്‌ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ്‌ ഉടൻ വീടിന്‌ കാവൽ ഏർപ്പെടുത്തി.   മാന്നാറിലെയും പരിസരങ്ങളിലെയും സിസിടിവി കാമറകൾ പൊലീസ്‌  പരിശോധിച്ചുവരികയാണ്‌.

മുന്നൂറിലേറെ പേജുള്ള ശിക്ഷാവിധിയുടെ പകർപ്പ്‌ പ്രതികളായ 11 പേർക്കും നൽകി തിങ്കൾ രാത്രി പത്തോടെയാണ്‌ കോടതി നടപടികൾ പൂർത്തിയാക്കിയത്‌. കുടുംബ വീട്ടിൽ അജ്ഞാതരെത്തിയെന്ന വിവരത്തെ തുടർന്ന്‌ ജഡ്‌ജിയുടെ തലസ്ഥാനത്തെ വസതിക്കും പൊലീസ്‌ സുരക്ഷ ഏർപ്പെടുത്തി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top