07 February Tuesday
മുസ്ലിംലീഗിനോടുള്ള സമീപനം സ്വീകരിക്കുന്നത്‌ 
അവരുടെ നയവും നിലപാടും അടിസ്ഥാനപ്പെടുത്തി

വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്നവരോട് യോജിക്കാനുള്ള വേദി ഇന്ത്യയിലുണ്ട്; നെഹ്‌റുവിനെ സംരക്ഷിക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല: എം വി ഗോവിന്ദന്‍

പ്രത്യേക ലേഖകൻUpdated: Friday Dec 9, 2022


തിരുവനന്തപുരം
സർവകലാശാലകൾ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന്‌ മാറ്റാനുള്ള ബില്ലിൽ  കോൺഗ്രസിനെ ശരിയായ ദിശയിലേക്ക്‌ എത്തിച്ചത്‌ മുസ്ലിംലീഗിന്റെയും ആർഎസ്‌പിയുടെയും നിലപാടുകളാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ്‌ നിലപാടാണ്‌ ശരിയെന്ന്‌ കോൺഗ്രസിലെ ഒരു വിഭാഗത്തിന്‌ സമ്മതിക്കേണ്ടി വന്നു. ഒരു ബില്ലിലും ഒപ്പിടരുതെന്ന്‌ ഗവർണറോട്‌ ആവശ്യപ്പെട്ടവർക്ക്‌ ഒപ്പിടാതിരിക്കുന്നത്‌ തെറ്റായ പ്രവണതയാണെന്ന്‌ പറയേണ്ടി വന്നു. ഘടകകക്ഷികളുടെ നിലപാടിൽ യുഡിഎഫ്‌ പ്രതിസന്ധിയിലായി. എന്നാൽ, ആർഎസ്‌എസിനെ അനുകൂലിക്കുന്ന നിലപാടാണ്‌ കെ സുധാകരനെപ്പോലുള്ളവർക്ക്‌. നെഹ്‌റുവിനെപ്പോലും ആർഎസ്‌എസ്‌ അനുകൂലിയാക്കിയപ്പോൾ പ്രതിരോധിച്ചത്‌ ഞങ്ങളാണെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വർഗീയതയ്‌ക്കെതിരായി ചിന്തിക്കുന്ന ഏത്‌ പാർടിക്കും ഒന്നിച്ചുനിന്ന്‌ പോരാടാനുള്ള സാഹചര്യം ഇപ്പോൾത്തന്നെയുണ്ട്‌.  മുസ്ലിംലീഗിനോടുള്ള സമീപനം സ്വീകരിക്കുന്നത്‌ അവരുടെ നയവും നിലപാടും അടിസ്ഥാനപ്പെടുത്തിയാണ്‌. നിയമസഭയിൽ ഗവർണർ വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസംഗം അക്കാര്യത്തിൽ അവരുടെ കൃത്യമായ നിലപാടാണ്‌. ന്യൂനപക്ഷങ്ങൾക്കുവേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർടിയാണ്‌ മുസ്ലിംലീഗ്‌. സ്ഥിരമായി ശത്രുവും മിത്രവും എൽഡിഎഫിനില്ല, നിലപാടാണ്‌ പ്രധാനം.

വിഴിഞ്ഞം സമരത്തിൽ ആരുടെയെങ്കിലും വിജയമോ പരാജയമോ ഇല്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ സഹായകരമായ നിലപാടാണ്‌ എപ്പോഴും സർക്കാരിനും എൽഡിഎഫിനുമുള്ളത്‌. ഒരുഘട്ടം കഴിഞ്ഞപ്പോൾ സമരത്തെ  കലാപത്തിലേക്ക്‌ നയിക്കുകയാണ്‌ ചിലർ ചെയ്തത്‌. ലത്തീൻസഭ മുഴുവൻ ആ നിലപാടിനൊപ്പമായിരുന്നില്ല. പ്രശ്നം സങ്കീർണമാക്കി കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള യുഡിഎഫ്‌ ശ്രമമാണ്‌ പൊളിഞ്ഞത്‌.

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രസർക്കാരിന്റെ തുടർച്ചയായ ശ്രമത്തെ പാർലമെന്റിൽ ചോദ്യം ചെയ്യാൻ യുഡിഎഫ്‌ എംപിമാർ തയ്യാറാകുന്നില്ല. സജിചെറിയാനെതിരായി നിലവിൽ കേസുകളൊന്നുമില്ല. മറ്റുകാര്യങ്ങൾ പരിശോധിച്ച്‌ തീരുമാനിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top