23 November Saturday

ഭാവിപോരാട്ടങ്ങൾക്ക്‌ വഴികാട്ടാൻ മുത്തൂറ്റ്‌ സമരവിജയം

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2019

കൊച്ചി > മിനിമം വേതനം ഉൾപ്പെടെ നേടിയെടുക്കുന്നതിൽ വിജയിച്ച മുത്തൂറ്റ്‌ ഫിനാൻസ്‌ ജീവനക്കാരുടെ പോരാട്ടം നോൺ ബാങ്കിങ് മേഖലയിലെ കാൽലക്ഷത്തിലേറെ  ജീവനക്കാരുടെ ഭാവിയിലെ യോജിച്ച മുന്നേറ്റങ്ങൾക്ക്‌ വഴികാട്ടും. അഭ്യസ്‌തവിദ്യരായ യുവതീയുവാക്കൾ കൂടുതലായി ആശ്രയിക്കുന്ന നോൺബാങ്കിങ് രംഗത്ത്‌ മറ്റു മേഖലയെ അപേക്ഷിച്ച്‌ തൊഴിൽചൂഷണവും കൂടുതലാണ്‌. നാലുവർഷംമുമ്പ്‌  മാത്രം ഈ രംഗത്തെ തൊഴിലാളികളെ സംഘടിപ്പിച്ച്‌ പ്രവർത്തനമാരംഭിച്ച നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിലാണ്‌ മുത്തൂറ്റ്‌ ഫിനാൻസിലെ 52 ദിവസം നീണ്ട ഐതിഹാസിക പണിമുടക്ക്‌  വിജയംകണ്ടത്‌.

സംസ്ഥാനത്ത്‌ പത്തു ജില്ലകളിലെങ്കിലും സജീവമായ ഇരുപതോളം വൻകിട സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. കാൽലക്ഷത്തിലേറെ ജീവനക്കാരാണ്‌ ഇവിടെ തൊഴിലെടുക്കുന്നത്‌. ഇവർക്ക്‌  മിനിമം വേതനവും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മിക്ക സ്ഥാപനങ്ങളിലും സംഘടനാപ്രവർത്തനത്തിന്‌ വിലക്കുണ്ട്‌. ചോദ്യംചെയ്യുന്നവർക്ക്‌ പിരിച്ചുവിടലും  സ്ഥലംമാറ്റവും മറ്റു ശിക്ഷാനടപടികളും നേരിടേണ്ടിവരുന്നു. മിക്കവാറും സ്ഥാപനങ്ങളിലും സ്‌റ്റാൻഡിങ് ഓർഡറില്ല. ഈ സാഹചര്യത്തിലാണ്‌ നോൺബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) രൂപീകരിച്ചതും പലവിധ ഭീഷണികളെ അതിജീവിച്ച്‌ പ്രവർത്തനമാരംഭിച്ചതും.  സംസ്ഥാനത്താകെ എണ്ണായിരത്തിലേറെപ്പേരാണ്‌ സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്‌.

മാനേജ്‌മെന്റിന്റെ കടുത്ത എതിർപ്പും ഭീഷണിയും പ്രതികാരനടപടികളും നേരിട്ടാണ്‌ മുത്തൂറ്റ്‌ ഫിനാൻസ്‌ ജീവനക്കാർ 52 ദിവസം നീണ്ട സമരത്തെ വീര്യം ചോരാതെ നിലനിർത്തിയത്‌. പ്രധാനമന്ത്രി വന്നു പറഞ്ഞാലും ജീവനക്കാരുടെ സംഘടനാപ്രവർത്തനം അനുവദിക്കില്ലെന്ന്‌ മുത്തൂറ്റ്‌ എംഡി എം ജി ജോർജ്‌ പരസ്യമായി പറഞ്ഞിരുന്നു. സമരത്തെ അകമഴിഞ്ഞ്‌ പിന്തുണച്ച സിഐടിയുവിനെതിരെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുന്നയിച്ചു. ജീവനക്കാർക്കെതിരെ കൈയേറ്റ ശ്രമമുണ്ടായി. കള്ളക്കേസുകളിൽ കുടുക്കി. ഒരുഘട്ടത്തിൽ സംഘടനാനേതാക്കൾ ജോലിയെടുത്തിരുന്ന ശാഖകൾ അടച്ചുപൂട്ടി. ഒത്തുതീർപ്പ്‌ ചർച്ചകളിൽനിന്ന്‌ മാനേജ്‌മെന്റ്‌  ധിക്കാരപൂർവം വിട്ടുനിന്നു. കോടതിയെ സമീപിച്ചും സമരത്തെ തകർക്കാൻ ശ്രമിച്ചു. 

എന്നിട്ടും, സംസ്ഥാനത്താകെയുള്ള 611 മുത്തൂറ്റ്‌ ശാഖകളിലെ 1800 ലേറെ ജീവനക്കാർ സമരത്തിൽനിന്ന്‌ പിന്മാറാതെ ഉറച്ചുനിന്നു. ജീവനക്കാർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളിലും അനുകൂല തീരുമാനം നേടിയെടുത്താണ്‌ സമരം അവസാനിപ്പിച്ചത്‌. മുത്തൂറ്റ്‌ ജീവനക്കാരുടെ സമരവിജയത്തിന്റെ തുടർച്ചയായി സമാനരീതിയിൽ പ്രവർത്തിക്കുന്ന മറ്റു ചില സ്ഥാപനങ്ങളിലെ ജീവനക്കാരും സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top