13 November Wednesday

മുത്തൂറ്റ് സമരത്തിന് ഐതിഹാസിക വിജയം; വേതനവര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊച്ചി > മുത്തൂറ്റ് ജീവനക്കാര്‍ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധനവ് എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു. തൊഴിലാളികള്‍ നാളെ മുതല്‍ ജോലിക്ക് ഹാജരാകും. എല്ലാ ജീവനക്കാര്‍ക്കും 1.10.19 മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാനേജ്‌മെന്റ് അംഗീകരിക്കും.

തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. പണിമുടക്കിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്യപ്പെട്ട എല്ലാ ജീവനക്കാരെയും തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കും. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍വ്വീസില്‍ തിരിച്ചെടുക്കും.. പണിമുടക്കിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല.

സ്ഥാപനത്തില്‍ സര്‍ട്ടിഫൈഡ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും. എല്ലാ ജീവനക്കാര്‍ക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും. തടഞ്ഞുവച്ച 25% വാര്‍ഷിക ഇംക്രിമെന്റ് 1.4.19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിതരണം ചെയ്യും.

പണിമുടക്ക് പിന്‍വലിച്ചതിനാല്‍ സംസ്ഥാനത്തെ 611 ബ്രാഞ്ചുകളും വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.  ജീവനക്കാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പരിഗണിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും  മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) പ്രതിനിധികളും ഒപ്പുവച്ചു.

ഹൈക്കോടതി നിരീക്ഷകന്‍ അഡ്വ. ലിജി വടക്കേടം ചര്‍ച്ചക്ക് നേതൃത്വം നല്‍കി.  അഡീഷണല്‍ ലേബര്‍ കമീഷണര്‍മാരായ ബിച്ചു ബാലന്‍, കെ ശ്രീലാല്‍, പി രഞ്ജിത്  മനോഹര്‍, ആര്‍ ഹരികുമാര്‍ എന്നിവരും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള , സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, ജില്ലാ സെക്രട്ടറി സി കെ മണി ശങ്കര്‍ , നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി സി രതീഷ്,  നിഷ കെ ജയന്‍,  മായ എസ് നായര്‍, ശരത് ബാബു എന്നിവരും മാനേജ്‌മെന്റിനു വേണ്ടി ജനറല്‍ മാനേജര്‍ സി വി ജോണ്‍,  തോമസ് ജോണ്‍,  ലിജു എം ചാക്കോ എന്നിവരും പങ്കെടുത്തു.

മാനേജ്മെന്റുമായുണ്ടാക്കിയ സേവനവേതന കരാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ആഗസ്ത് 20 മുതല്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ പണിമുടക്ക് സമരമാരംഭിച്ചത്. നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷ(സിഐടിയു) ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ 611 ശാഖകളിലും 11 റീജ്യണല്‍ ഓഫീസുകളിലുമുള്ള 1800  ജീവനക്കാര്‍ സമരത്തില്‍ അണിനിരന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top