22 October Tuesday

മുത്തൂറ്റ് മാനേജ്മെന്റ് പിടിവാശി ഉപേക്ഷിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

തിരുവനന്തപുരം> മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ ആഗസ്‌ത്‌ 20 മുതൽ തുടരുന്ന പണിമുടക്ക് ഒത്തുതീർക്കാൻ മാനേജ്മെന്റ് സന്നദ്ധമാകണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സിഐടിയു സെന്ററിൽ  സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി.

ശമ്പള പരിഷ്കരിക്കുക, പ്രതികാര നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തൊഴിലാളികൾ സമരം ആരംഭിച്ചത്. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽപ്രശ്നങ്ങളിൽ ലേബർ കമീഷണർ   ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്മെന്റ് നടപ്പാക്കിയില്ല. മൂന്നുവർഷംമുമ്പ് ജീവനക്കാർ യൂണിയൻ രൂപീകരിച്ചതുമുതൽ പകപോക്കുന്ന വിധമാണ് മാനേജ്മെന്റ് പെരുമാറുന്നത്. നോൺ ബാങ്കിങ്‌ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളഘടന നിശ്ചയിച്ച്‌ 2016ൽ സർക്കാർ ഇറക്കിയ വിജ്ഞാപനം മുത്തൂറ്റ് ഉടമ കോടതിമുഖേന സ്റ്റേ ചെയ്യിച്ചു. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടത്.

ആഗസ്‌ത്‌ 17ന് സംസ്ഥാന ലേബർ കമീഷണർ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും മാനേജ്മെന്റിന്റെ പിടിവാശിമൂലം  തീർപ്പുണ്ടാക്കാനായില്ല. തുടർന്ന് സെപ്തംബർ ഒമ്പതിന് സംസ്ഥാന തൊഴിൽമന്ത്രി ടി പി രാമകൃഷ്‌ണൻ അനുരഞ്ജന ചർച്ച സംഘടിപ്പിച്ചു. അപ്പോഴും മാനേജ്മെന്റ്‌ നിസ്സഹകരണം തുടരുകയായിരുന്നു.  2018–-19ൽ 2100 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാപനത്തിൽ ജീവനക്കാർക്ക് ന്യായമായ വേതനമില്ല. ട്രേഡ് യൂണിയൻ അംഗങ്ങളായവരുടെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നു. സമരത്തിന്റെ പേരിൽ സിഐടിയുവിനെ കരിവാരിത്തേക്കാൻ കള്ളപ്രചാരണം നടത്തുകയാണ്‌.  ന്യായമായ അവകാശസമരത്തെ സഹായിക്കാൻ സംസ്ഥാനത്തെ എല്ലാ തൊഴിലാളികളും സന്നദ്ധരാകണമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി എളമരം കരീം റിപ്പോർട്ട്‌ അവതരിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top