19 February Wednesday

മുത്തൂറ്റ്: ശമ്പളവര്‍ധനവ് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ്; ചര്‍ച്ച തുടരുമെന്ന് തൊഴില്‍ മന്ത്രി

സ്വന്തം ലേഖകന്‍Updated: Monday Sep 9, 2019

കൊച്ചി > പണിമുടക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമായില്ല. എന്നാല്‍  മാനേജ്മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി  തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി  ഇരുഭാഗത്തും കൂടുതല്‍ കൂടിയാലോചനകള്‍ വേണ്ടിവരുമെന്നും ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച നടക്കുമെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം  മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ 21 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ ഇതുവരെ മാനേജ്മെന്റ്  സന്നദ്ധമായിരുന്നില്ല. മുമ്പ് സര്‍ക്കാര്‍ ഇടപെട്ട് വിളിച്ച ചര്‍ച്ചക്ക് അവര്‍ ഹാജരായില്ല. തിങ്കളാഴ്ച പകല്‍ മൂന്നിന് ഗസ്റ്റ്ഹൗസില്‍ വിളിച്ച ചര്‍ച്ചക്ക് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ എത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ചര്‍ച്ചയില്‍ പങ്കെടുക്കാതെ മടങ്ങി. വിവാഹാവശ്യത്തില്‍ പങ്കെടുക്കാനുണ്ടെന്ന് മന്ത്രിയെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. തുടര്‍ന്ന് ആരംഭിച്ച ചര്‍ച്ച നാലു മണിക്കൂര്‍ നീണ്ടു. ശമ്പളവര്‍ധന അംഗീകരിക്കാന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ തയ്യറായില്ല. എന്നാല്‍ ഇടക്കാലാശ്വാസം അനുവദിച്ച് സമരം ഒത്തുതീര്‍ക്കാനുള്ള ജീവനക്കാരുടെ അസോസിയേഷന്റെ നിര്‍ദ്ദേശത്തോട്  മാനേജ്മെന്റ് അനുഭാവത്തോടെ പ്രതികരിച്ചു. അതിന് കൂടുതല്‍ കൂടിയാലോചന വേണമെന്നും അവര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ സമരം തുടരുമെന്ന് ചര്‍ച്ചക്ക് ശേഷം നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി സി സി രതീഷ് പറഞ്ഞു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി  കെ ചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, അസോസിയേഷന്‍ പ്രസിഡന്റ് എ എം ആരിഫ് എംപി, മുത്തൂറ്റ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍, സംസ്ഥാന കമ്മിറ്റിയംഗം മായ എസ് നായര്‍, മുത്തൂറ്റ് ജനറല്‍ മാനേജര്‍(എച്ച്ആര്‍) സി വി ജോണ്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ തോമസ് ജോണ്‍, ലീഗല്‍ ഓഫീസര്‍ ജിജോ എന്‍ ചാക്കോ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ജീവനക്കാരുടെ പണിമുടക്ക് മൂന്നാഴ്ചക്ക് ശേഷവും ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ മുത്തൂറ്റ് ശാഖകളും അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ സമരത്തിലേറപ്പെട്ട ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യം 15 ഉം പിന്നീട് 28 ഉം ശാഖകള്‍ മാനേജ്മെന്റ് പൂട്ടി. ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിരിക്കുകയാണ്. സമരം തുടര്‍ന്നാല്‍ കൂടുതല്‍ ശാഖകള്‍ പൂട്ടുമെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് മുമ്പ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top