16 June Sunday

കഥയുറങ്ങും ‘മുത്തപ്പൻ’ പള്ളി

അരുൺ തിരുമാറാടിUpdated: Monday Feb 18, 2019

പള്ളിയിൽ ഒരുക്കിയ കൊത്തുപണികളും പ്രസംഗപീഠവും ചുവർചിത്രവും

കൂത്താട്ടുകുളം
പണ്ടുപണ്ടേ സങ്കടങ്ങൾക്കും രോഗങ്ങൾക്കും അറുതിവരുത്താനാണ‌്  ആളുകൾ ആരാധനാലയങ്ങളിൽ പോയിരുന്നത‌്. എന്നാൽ, കന്നുകാലികൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ ഭേദമാക്കാൻ  വഴിപാട‌് സമർപ്പിക്കാൻ ഒരു പള്ളിയുണ്ട‌്. വടകരക്കാരുടെ സ്വന്തം മുത്തപ്പൻ പള്ളി. പശുക്കൾ, കന്നുകുട്ടികൾ, ആട്, കോഴി, പാൽ മുതലായവയൊക്കെയാണ‌് ഇവിടെ  വഴിപാട‌്. ശബരിമല തീർഥാടകരും മുത്തപ്പന്റെ കുരിശടിയിൽ വഴിപാട് സമർപ്പിച്ചാണ്  യാത്രചെയ്യുന്നതെന്നതും ശ്രദ്ധേയം. വാസ്തുശിൽപ്പ പഠിതാക്കൾക്കും ഗവേഷകർക്കും കൗതുകമുണർത്തുകയാണ‌് ജാതിമതവർഗലിംഗ ഭേദങ്ങളില്ലാത്ത മുത്തപ്പൻ പള്ളി.

വടകര സെന്റ് ജോൺസ് സിറിയൻ പള്ളി എന്ന മുത്തപ്പൻ പള്ളിക്ക‌് പറയാനുള്ളത‌് നൂറ്റാണ്ടുകളുടെ ചരിത്രമാണ‌്. ഇന്നത്തെ  കോഴിക്കോട് ജില്ലയിലെ വടകരയിൽനിന്ന‌് എട്ടാംനൂറ്റാണ്ടിൽ എത്തിയ കാൽനടതീർഥാടകർ തങ്ങിയപ്പോഴുണ്ടായ ദിവ്യാനുഭവത്തെത്തുടർന്ന‌് പള്ളി സ്ഥാപിച്ചെന്നും അതിന‌് സ്വന്തം നാടിന്റെ പേരിട്ടുവെന്നുമാണ‌് ഐതിഹ്യം. പൂർണമായും പേർഷ്യൻ ശിൽപ്പകലയിലാണ‌് രൂപകൽപ്പന. കാലാന്തരത്തിൽ  കൂട്ടിച്ചേർക്കലുകൾ നടന്നെങ്കിലും  പഴമയുടെ പുതുക്കത്തിന‌് കോട്ടമില്ല. പള്ളിക്കകത്ത്  ഒറ്റത്തടിയിൽ പേർഷ്യൻ കൊത്തുപണികളോടെ തീർത്തിട്ടുള്ള പ്രസംഗപീഠമുണ്ട‌്. സ്‌നാപകയോഹന്നാന്റെ ചിത്രവും  ചുവർചിത്രങ്ങളും  കൊത്തുപണികളും  ഇരുനില മച്ചിൻപുറവും പ്രത്യേകം നിർമിച്ചിരിക്കുന്ന തൂക്കുവിളക്കും പള്ളിമേടയും ദർബാർ ഹാളും  വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന മേംപൂട്ടും അറയും കൂറ്റൻ പള്ളിമണിയുമെല്ലാം ആകർഷകമാണ‌്. 

നാടകകൃത്തും നിരൂപകനുമായിരുന്ന സി ജെ തോമസിന്റെ പിതാവും പള്ളിയിലെ പുരോഹിതനുമായിരുന്ന ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്കോപ്പയാണ‌് പള്ളിവക ചാപ്പലിനുസമീപത്ത‌് ഒരു മലയാളം സ്കൂൾ സ്ഥാപിച്ചത‌്. പിന്നീട് ഒരുരൂപ വർഷംതോറും നൽകി തിരുവിതാംകൂർ മഹാരാജാവ് 99 വർഷത്തേക്ക‌് സ്കൂൾ ഏറ്റെടുത്തു. ഇതാണ് ഇപ്പോഴത്തെ കൂത്താട്ടുകുളം ഗവ. യുപി സ്‌കൂൾ. കൊളോണിയൽ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി മാർ ഔഗേൻ ബാവ സ്ഥാപിച്ച സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളും ടിടിഐയും പള്ളിവകയായി പ്രവർത്തിക്കുന്നു.

പണ്ട് പത്രങ്ങളുടെയും കന്നുകാലികളുടെയും ഏറ്റവും വലിയ മാറ്റച്ചന്തയായിരുന്നു വടകര പള്ളി മൈതാനിമുതൽ ഒലിയപ്പുറംവരെയുള്ള പ്രദേശങ്ങൾ. കുംഭം എട്ടിന‌് നടക്കുന്ന പെരുന്നാളിന് പങ്കെടുക്കാൻ ഇതരപ്രദേശങ്ങളിൽനിന്ന‌് ആളുകളെത്താറുണ്ട‌്.


പ്രധാന വാർത്തകൾ
 Top