04 July Saturday

കോൺഗ്രസിന്റെ വാളയാർ സമരത്തിൽ അമർഷം ശക്തം; പാലക്കാട്‌ നൂറോളം ലീഗ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐഎമ്മിനൊപ്പം

വേണു കെ ആലത്തൂർUpdated: Thursday May 28, 2020
പാലക്കാട്‌ > കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ പാലക്കാട്‌ ജില്ല കുതിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നു വന്നവരെ പാസില്ലാതെ സംസ്ഥാനത്തേക്ക്‌ കടത്തിവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ വാളയാറിൽ സമരംചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾ അണികളിൽനിന്ന്‌ ഒറ്റപ്പെടുന്നു. ഇവരുടെ സമരം സർക്കാരിന്റെ പ്രതിരോധശ്രമങ്ങൾക്ക്‌ തുരങ്കംവച്ചെന്ന്‌ അണികൾ‌ ആരോപിക്കുന്നു. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന കോൺഗ്രസ്‌ ജനപ്രതിനിധികളുടെ നടപടിയിൽ പ്രതിഷേധിച്ചും ഇക്കാര്യത്തിൽ മുസ്ലിംലീഗ്‌ ജില്ലാ നേതൃത്വം തുടരുന്ന മൗനത്തിൽ അമർഷം പ്രകടിപ്പിച്ചും നൂറോളം ലീഗ്‌പ്രവർത്തകർ രാജിവച്ച്‌ സിപിഐഎമ്മിനൊപ്പം ചേർന്നു.
 
മെയ്‌ ഒമ്പതിനാണ്‌ വാളയാറിൽ കോൺഗ്രസ്‌ ജനപ്രതിനിധികൾ സമരം ചെയ്‌തത്‌. പാസില്ലാതെയും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ കടത്തിവിടണമെന്നാണ്‌ സമരത്തിൽ ഉന്നയിച്ച ആവശ്യം. അന്ന്‌ ജില്ലയിലെ അവസാന കോവിഡ്‌ ബാധിതനും സുഖംപ്രാപിച്ച്‌ ആശുപത്രിവിട്ട്‌ കോവിഡ്‌മുക്ത ജില്ലയെന്ന്‌ ആശ്വസിക്കാനിരിക്കെയായിരുന്നു കോൺഗ്രസിന്റെ സമരനാടകം. എംപിമാരായ ടി എൻ പ്രതാപൻ, വി കെ ശ്രീകണ്‌ഠൻ, രമ്യ ഹരിദാസ്‌, എംഎൽഎമാരായ അനിൽ അക്കര, ഷാഫി പറമ്പിൽ എന്നിവരാണ്‌ സമരത്തിനു‌ നേതൃത്വം കൊടുത്തത്‌.
 
അന്നുരാത്രി‌ വാളയാറിൽ ചെന്നൈയിൽനിന്നുവന്ന മലപ്പുറംസ്വദേശിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു‌. അതോടെ അവിടെ കൂടിനിന്ന അമ്പതോളം മാധ്യമപ്രവർത്തകർ ഉൾപ്പെടെ എല്ലാവരെയും ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ്‌ നിർദേശിച്ചു. പാർടിയുടെ മുതിർന്ന നേതാക്കളോട്‌ ആലോചിക്കാതെ ആയിരുന്നു സമരം. കോവിഡ്‌കാലത്ത്‌ ഓടിനടന്ന്‌ ജോലി ചെയ്യുന്നത്‌ യുവാക്കളാണെന്നായിരുന്നു പാലക്കാട്‌‌ ഡിസിസി പ്രസിഡന്റ്കൂടിയായ വി കെ ശ്രീകണ്‌ഠൻ എംപിയുടെ പ്രസ്താവന. 
കോൺഗ്രസ്‌ സമരത്തോടെ തമിഴ്‌നാട്ടിൽനിന്ന്‌ പാസ്‌ ഇല്ലാതെ ഊടുകഴികളിലൂടെ ആളുകൾ വരാൻ തുടങ്ങി. പരീക്ഷ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നവർ‌ പാസ്‌ ഇല്ലാതെ ആളുകളെ കയറ്റിവിടണമെന്ന്‌ പറയുന്നത് വിരോധാഭാസമാണെന്നും കോൺഗ്രസ്‌ അണികൾ വിമർശിക്കുന്നു.ജനപ്രതിനിധികളുടെ ഈ നടപടിയിൽ അണികൾ ഗ്രൂപ്പ്‌ഭേദമന്യേ രംഗത്തുണ്ട്‌. മുതിർന്ന നേതാക്കളെ അപമാനിച്ചും രോഗത്തിന്റെ ഗൗരവം അറിയാതെ നിരുത്തരവാദ പ്രസ്താവന നടത്തിയെന്നും ആക്ഷേപമുണ്ട്‌. കോവിഡ്‌കാലത്തെ ജനസേവനം‌ എങ്ങനെയാകണമെന്ന പ്രാഥമികധാരണയില്ലാത്ത നേതൃത്വമാണ്‌ കോൺഗ്രസിന്റേതെന്ന വിമർശനവും അണികളിൽ ശക്തം.
 
പ്രധാന ഘടകക്ഷിയായ മുസ്ലിംലീഗും മറ്റ്‌ ഘടകകക്ഷികളും കോൺഗ്രസിനോട്‌ അമർഷം അറിയിച്ചു‌. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കരിമ്പുഴ, പുതുനഗരം എന്നിവിടങ്ങളിൽനിന്നാണ്‌ നൂറോളംപേർ ലീഗിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പംചേർന്നത്‌. കരിമ്പുഴയിൽ ലീഗിന്റെ പഞ്ചായത്തംഗം‌ ഉൾപ്പെടെ അമ്പതോളംപേർ രാജിവച്ചു. മെയ്‌ ഒമ്പതിനുതന്നെ മഹാരാഷ്ട്രയിൽനിന്നുവന്ന ഒരാൾക്കും കഴിഞ്ഞ ദിവസം കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിനുപുറമെ ക്വാറന്റൈൻ ലംഘിച്ച്‌ ചെന്നൈയിൽനിന്ന്‌ വാളയാർവഴി വന്ന ഒരാളെ പരിചരിക്കുന്നതിനിടെ രണ്ട്‌ ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ഇതോടെ വാളയാറിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ദിവസവും ജില്ലയിലെ രോഗികളുടെ എണ്ണം കൂടിവരുമ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസ്‌ സമരത്തിൽ രൂക്ഷമായ എതിർപ്പാണ്‌ രൂപപ്പെടുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top