കോഴിക്കോട് > വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് പിന്നാലെ നേതൃത്വത്തിലെ ഉന്നതരിലേക്കും അന്വേഷണം നീങ്ങുമോ–- മുസ്ലിംലീഗ് ഇത്തരമൊരു ആശങ്കയിലാണ്. അഴിമതിയെ തള്ളിപ്പറയാതെ അറസ്റ്റിലായ മുൻമന്ത്രിയെ സംരക്ഷിക്കാൻ നേതൃത്വംശക്തമായി രംഗത്ത് വന്നതിന് പിന്നിൽ ഈ ആധി പ്രകടം. മുഖപത്രമായ ചന്ദ്രികയിലേക്കൊഴുകിയ കള്ളപ്പണമടക്കമുള്ള ഇടപാടുകൾ ഇബ്രാഹിംകുഞ്ഞുമായി ബന്ധപ്പെട്ടുണ്ട്. അഴിമതി മാത്രമല്ല ലീഗിന്റെ മറ്റു പല ഇടപാടുകളും ഇബ്രാഹിംകുഞ്ഞിനെ കേന്ദ്രീകരിച്ചായിരുന്നു. ഇക്കാര്യത്തിൽ ലീഗിന് വലിയ ആശങ്കയുമുണ്ട്. പാലം വിഴുങ്ങിയ നേതാവിനെ തള്ളിയാൽ പാർടിയും കുലുങ്ങുമെന്നതും ഉന്നത നേതാക്കളുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു.
പത്തുകോടിയുടെ കള്ളപ്പണം ഇടപാട് മുതൽ പൊതുമരാമത്ത് വകുപ്പിൽ യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ പല കൊള്ളകളും ഇബ്രാഹിംകുഞ്ഞിലൂടെ പുറത്തുവരും. ഈ വെട്ടിപ്പിലെല്ലാം അരഡസൻ നേതാക്കൾക്കെങ്കിലും പങ്കുണ്ട്. ലീഗ് നേതൃത്വത്തിന്റെ വിശ്വസ്തനായ ഇബ്രാഹിംകുഞ്ഞിനെ 2004 ൽ ഐസ്ക്രീംപാർലർ പെൺവാണിഭവുമായി ബന്ധപ്പെട്ട ആരോപണത്തിൽ പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ പകരക്കാരനായി മന്ത്രിയാക്കിയിരുന്നു. കഴിഞ്ഞ തവണ ലീഗിന് ഭരണം ലഭിച്ചപ്പോൾ മന്ത്രിപദവി നൽകിയതും ഈ താൽപ്പര്യത്തിലായിരുന്നു.
രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാണ് ലീഗ് അറസ്റ്റിനെ എതിർക്കുന്നത്. നേരത്തെ കുഞ്ഞാലിക്കുട്ടിയടക്കം പറഞ്ഞത്, വെറും ആരോപണമല്ലേ, അറസ്റ്റ് ചെയ്തിട്ടില്ലല്ലോ എന്നായിരുന്നു. ഭരണം എൽഡിഎഫിന്, എന്നിട്ടും അറ്സ്റ്റ് ചെയ്യാത്തത് തെളിവില്ലാത്തതിനാലല്ലേ എന്നും വാദിച്ചു. നിയമപരമായ നടപടി പാലിച്ച് അറസ്റ്റ് ചെയ്തപ്പോൾ ലീഗ് ഈ വാദമെല്ലാം ഉപേക്ഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..