26 June Wednesday

മുസ്‌ലിം ലീഗ്‌ ‐ എസ്‌ഡിപിഐ കൂട്ടുകെട്ട്‌ അപകടകരമായ വർഗീയ കാർഡ്‌ കളി; ഇതിൽ കോൺഗ്രസിന്റെ നിലപാട്‌ വ്യക്‌തമാക്കണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

കൊച്ചി> മുസ്‌ലിം ലീഗ്‌  എസ്‌ഡിപിഐ കൂട്ടുകെട്ട്‌ വളരെ അപകടകരകരമായ വർഗീയ കാർഡ്‌ കളിയാണെന്നും പരാജയഭീതിയാണ്‌ ലീഗിനും യുഡിഎഫിനുമെന്നും  സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

എസ്‌ഡിപിഐയുമായി  ചർച്ച നടന്നിട്ടില്ലെന്ന്‌ ലീഗിന്റെ നേതാവ്‌ ഇ ടി മുഹമ്മദ്‌ ബഷീർപറയുമ്പോൾ എസ്‌ഡിപിഐ ചർച്ച നടന്നു എന്ന്‌ പരസ്യമാക്കിയിട്ടുണ്ട്‌. ചർച്ച നടത്തിയിട്ടും ഇല്ലാ എന്ന്‌ പറയുന്നത്‌ വസ്‌തുതകൾ മറച്ചുവെയ്‌ക്കാനുള്ള ലീഗ്‌ നേതൃത്വത്തിന്റെ  ആസൂത്രിത നീക്കമാണ്‌. എസ്‌ഡിപിഐ ചില മണ്‌ഡലങ്ങളിൽ സ്‌ഥാനാർത്ഥികളെ നിർത്തും എന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. സ്‌ഥാനാർത്ഥികളെ നിർത്തി വോട്ട്‌ മറിക്കുക എന്നതാണ്‌ എസ്‌ഡിപിഐയും  ലീഗും തമ്മിലുണ്ടാക്കിയ ധാരണ. ഈ കൂട്ടുകെട്ട്‌ അപകടകരമാണ്‌. ഈ കൂട്ടുകെട്ടിനെ കുറിച്ച്‌ കോൺഗ്രസ്‌ നിലപാട്‌ എന്താണെന്ന്‌ കെപിസിസി വ്യക്‌തമാക്കണം.  യുഡിഎഫും നിലപാട്‌ വ്യക്‌തമാക്കണം. 

പരാജയഭീതിയിൽനിന്ന്‌ ആർഎസ്‌എസുമായി കൂട്ടുകൂടാനും യുഡിഎഫ്‌ ധാരണയുണ്ടാക്കുന്നുണ്ട്‌.  ചില മണ്‌ഡലങ്ങളിൽ കോൺഗ്രസും ആർഎസ്‌എസും ധാരണയുണ്ടാക്കാൻ ശ്രമമുണ്ട്‌.  ഇങ്ങനെ വിശാല ഇടതുപക്ഷ വിരുദ്ധ  കൂട്ടുകെട്ട്‌ ഉണ്ടാക്കി മൽസരിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. മുസ്‌ലീം  തീവ്രവാദികളേയും ഹിന്ദുത്വ വർഗീയ ശക്‌തികളേയും ഏകോപിപ്പിക്കാനുള്ള തുടക്കമാണ്‌ ഈ ചർച്ച.

മുമ്പും മുസ്‌ലിം ലീഗ്‌ പ്രതിസന്ധിയിൽപ്പെട്ടപ്പോൾ ഇത്തരം കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടുണ്ട്‌. അതിന്റെ ആവർത്തനമാണ്‌ ഇപ്പോഴുണ്ടായത്‌. അപകടകരമായ ഈ വർഗീയ കാർഡ്‌ കളിക്കെതിരെ മതനിരപേക്ഷ ശക്‌തികൾ രംഗത്ത്‌ വരണം. പ്രത്യേകിച്ച്‌ മുസ്‌ലീം ജനവിഭാഗം രംഗത്ത്‌ വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top