25 February Thursday

മുഖ്യമന്ത്രിയുടെ കേരള പര്യടനം; കമ്യൂണിസ്‌റ്റുകാരുടെ പരിപാടിയിൽ പങ്കെടുക്കരുതെന്ന്‌ ആലിക്കുട്ടി മുസ്ല്യാരെ വിലക്കിയെന്ന്‌ ലീഗ്‌ നേതാവ്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 6, 2021

കോഴിക്കോട്‌ > മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതിൽ സമസ്‌ത  കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരെ വിലക്കിയെന്ന്‌ സമ്മതിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം സി മായിൻഹാജി. ഇക്കാര്യം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. കമ്യൂണിസ്‌റ്റുകാരുടെ പരിപാടിയിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടിരുന്നു‌. താനല്ല, ബന്ധപ്പെട്ടവർ ആലിക്കുട്ടി മുസ്ല്യാരോട്‌ പോകരുതെന്ന്‌ പറഞ്ഞതായാണ്‌‌ ലീഗ്‌ നേതാവ്‌ പറയുന്നത്‌.

‘‘ആലിക്കുട്ടി മുസ്ല്യാരോട്‌ പോകരുതെന്ന്‌ ആവശ്യപ്പെട്ടത് ‌ആരാണെന്നറിയം, എന്നാൽ അത്‌ പറയില്ല. ഉമർ ഫൈസി മുക്കം സമസ്‌തയുടെ വലിയ നേതാവല്ല,  മുശാവറ അംഗം മാത്രമാണ്’’–-‌ മായിൻഹാജി ഫോണിൽ പറയുന്നു‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌‌ പിന്തുണതേടി രാഷ്ട്രീയ പരിപാടിയാണ്‌ മുഖ്യമന്ത്രി സംഘടിപ്പിച്ചത്‌. അതിൽ സമസ്‌ത പങ്കെടുക്കുന്നത്‌ ശരിയല്ല. എന്നാൽ താൻ അക്കാര്യം സമസ്‌ത നേതാക്കളോടൊന്നും ആവശ്യപ്പെട്ടില്ല–-ഖത്തറിൽനിന്ന്‌ വിളിച്ച കണ്ണൂർക്കാരനുമായുള്ള  സംഭാഷണത്തിൽ മായിൻഹാജി പറയുന്നു ‌.

ഡിസംബർ 29–-ന്‌ മലപ്പുറത്ത്‌ നടന്ന മുഖ്യമന്ത്രിയുടെ കേരളപര്യടനത്തിൽ പങ്കെടുക്കുന്നതിൽനിന്നാണ്‌ സമസ്‌ത ജനറൽ സെക്രട്ടറിയെ ലീഗ്‌  വിലക്കിയത്‌. എന്നാൽ സമസ്‌തയിലെ മറ്റു നേതാക്കൾ പങ്കെടുത്തിരുന്നു. സംഘടനയെ നിയന്ത്രിക്കാനുള്ള ലീഗ്‌ ശ്രമത്തിൽ സമസ്‌ത‌‌ക്കുള്ളിൽ വലിയ അമർഷവും എതിർപ്പുമുണ്ട്‌. ഇത്‌ ശക്തമാകുന്നതിനിടെയാണ്‌  ലീഗ്‌ ഇടപെടൽ സമ്മതിച്ചുള്ള ശബ്ദരേഖ പുറത്തുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top