13 May Thursday
പത്തുവർഷം എംഎൽഎ എന്ന നിലയിലുള്ള 
വരുമാനത്തിന്റെ പല മടങ്ങ്‌ സ്വത്ത്‌ സമ്പാദിച്ചുകൂട്ടി

ഷാജി ചെറിയ മീനല്ല ; തെളിയുന്നത്‌ ‌അധോലോക മാഫിയാ മുഖം

പി വി ജീജോUpdated: Tuesday Apr 13, 2021


കോഴിക്കോട്‌
അരക്കോടി രൂപയുടെ കള്ളപ്പണം, 491 ഗ്രാം സ്വർണം, വൻതുക വിലമതിക്കുന്ന വിദേശ കറൻസികൾ. മുസ്ലിം ലീഗ്‌ സംസ്ഥാന  സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ വീടുകളിൽ നിന്നുള്ള ‌ വിജിലൻസിന്റെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്‌ അനധികൃത സമ്പാദ്യത്തെക്കുറിച്ച്‌ മാത്രമല്ല; ലീഗ്‌ നേതാവിന്റെ  അധോലോക സമാനമായ സാമ്പത്തിക വളർച്ചയും ഇടപാടുകളുമാണ്‌. പണവും സ്വർണവും വിദേശ കറൻസിയും വിദേശയാത്രാ ഇടപാടുകളുമെല്ലാം പരിശോധിച്ചാൽ   ഷാജിയുടെ അധോലോക മാഫിയാ ബന്ധത്തിന്റെ നേർചിത്രം  കാണാനാകും.

ഒരു എംഎൽഎക്കും  സ്വപ്‌നം കാണാനാകാത്ത  ഞെട്ടിക്കുന്ന സമ്പാദ്യമാണ്‌ ഷാജി കൈവരിച്ചതെന്നാണ്‌ വിജിലൻസിന്‌ ലഭിച്ച രേഖകൾ നൽകുന്ന സൂചന. കൂടുതൽ അന്വേഷണത്തിലേ ഇതേപ്പറ്റി വെളിപ്പെടുത്താനാകൂ എന്ന്‌ പറയുമ്പോഴും ഷാജി ഒരു ചെറിയ മീനല്ല എന്ന നിലപാട്‌ വിജിലൻസ്‌ മറച്ചുവയ്ക്കുന്നില്ല. പത്തുവർഷം എംഎൽഎ എന്ന നിലയിലുള്ള വരുമാനത്തിന്റെ പലമടങ്ങ്‌ സ്വത്ത്‌ സമ്പാദിച്ചുകൂട്ടിയതായാണ്‌ പ്രാഥമിക നിഗമനം.

വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയതിന്‌ കോടതി  നേരത്തെ  ഷാജിയെ അര എംഎൽഎയാക്കിയിരുന്നു‌. അതിനു‌ പിന്നാലെയാണ്‌ അഴീക്കോട്‌ സ്‌കൂളിലെ പ്ലസ്‌‌ടുവിന്‌ കോഴ വാങ്ങിയ സംഭവം.  ലീഗ്‌ നേതാവായിരുന്നു പരാതിക്കാരൻ. ഇത്‌ വിജിലൻസും ഇഡിയും അന്വേഷിച്ചു. ഷാജിയുടെ ഭാര്യ ആശയെ ഇഡി ചോദ്യംചെയ്‌തു. പ്രമുഖ  ‌ നേതാക്കളടക്കം   ഇഡിയ്ക്കു‌ മുന്നിൽ ഹാജരായി. കണ്ണൂർ മണലിലും കോഴിക്കോട്‌ മാലൂർക്കുന്നിലും ‌ ആഡംബര വീടുകൾ‌ വച്ചതും സ്വത്ത്‌ വാങ്ങിയതും‌ ഇഞ്ചിക്കൃഷി നടത്തിയ കോടികൾകൊണ്ടാണെന്നായിരുന്നു അന്ന്‌ ഷാജി അവകാശപ്പെട്ടത്‌.

കർണാടകയിൽ ഇഞ്ചിക്കൃഷി നടത്തിയുണ്ടാക്കിയ സമ്പാദ്യമെന്ന വാദം ലീഗിൽനിന്നടക്കം പരിഹാസം ക്ഷണിച്ചുവരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും സീറ്റ്‌ നൽകുന്നതിൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളടക്കം  എതിർത്തു. എന്നാൽ ഭീഷണിയുമായെത്തിയ  ഉന്നത നേതാക്കളെയടക്കം ബ്ലാക്ക്‌മെയിൽ ചെയ്‌ത്‌ സീറ്റ്‌ സംഘടിപ്പിച്ചു. ഷാജിയുടെ അധോലോക ശൈലിയിൽ അനിഷ്‌ടമുള്ള വലിയൊരു വിഭാഗം നേതാക്കൾ ലീഗിന്റെ എല്ലാ തലത്തിലുമുണ്ട്‌. എൽഡിഎഫ്‌ സർക്കാർ തന്നോട്‌ പകപോക്കുന്നുവെന്ന ഷാജിയുടെ വിലാപം ലീഗിൽ ഭൂരിഭാഗവും മുഖവിലക്കെടുക്കാത്തതും ഇത്‌ കൊണ്ട്‌ തന്നെ.

കണ്ടെടുത്തത് 
72 രേഖകൾ
കെ എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് വിജിലൻസ്‌  വിദേശ കറൻസി ശേഖരവും കണ്ടെത്തി. വിദേശ യാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോർട്ട് രേഖകളും  വിശദാംശങ്ങളും ശേഖരിച്ചു. ഷാജിയുടെ സാമ്പത്തിക – ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ‌  72 രേഖകളും  16 മണിക്കൂർ നീണ്ട പരിശോധനയിൽ കണ്ടെത്തി.  മക്കളുടെ ശേഖരമാണിതെന്ന  വിശദീകരണമാണ് ഷാജി വിജിലൻസിന് നൽകിയത്.  ഇത്‌ മഹസറിൽ രേഖപ്പെടുത്തി  തിരിച്ചേൽപ്പിച്ചു. സ്വർണത്തിനു‌ പുറമെ 40,000 രൂപയും കണ്ടെത്തി. അനുവദനീയമായ അളവായതിനാൽ മഹസറിൽ രേഖപ്പെടുത്തി ഇതും തിരികെ നൽകി.

കണ്ണൂരിലെ വീട്ടിൽ നിന്ന് പണം പിടികൂടിയത് സ്ഥിരീകരിച്ച ഷാജി കോഴിക്കോട്ടെ വസതിയിൽനിന്ന് രേഖകൾ ഒന്നും ലഭിച്ചില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്‌. വീട്ടുപകരണങ്ങളുടെ വാറണ്ടി കാർഡുകൾ   കൊണ്ടുപോയെന്ന് പരിഹസിച്ചു.
വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോർട്ട് രേഖകളും യാത്രാസംബന്ധമായ വിവരങ്ങളും  വിജിലൻസ് ശേഖരിച്ചു‌.  ഷാജി എംഎൽഎ ആയശേഷം 28 തവണയാണ്‌ വിദേശത്തേക്ക്‌ പറന്നത്‌. കോഴിക്കോട്‌ വിമാനത്താവളത്തിൽനിന്ന്‌ ദോഹ, അബുദാബി, ഷാർജ, റിയാദ്‌ എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരുന്നു യാത്രകൾ. ലഭ്യമായ ഈ വിവരങ്ങളും രേഖകളും ആസ്‌പദമാക്കിയാകും വിജിലൻസിന്റെ തുടർ അന്വേഷണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top