Deshabhimani

യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം: പ്രതി ലക്ഷ്യമാക്കിയത്‌ ഇരട്ടക്കൊലപാതകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 08:58 AM | 0 min read

കൊല്ലം > കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത്‌ രണ്ടുപേരെ. കേസിലെ പ്രതി പത്മരാജൻ ലക്ഷ്യമിട്ടത്‌ ഭാര്യ അനിലയെയും ബേക്കറി ബിസിനസിൽ പങ്കാളിയായ ഹനീഷിനെയും കൊലപ്പെടുത്താനായിരുന്നു. ഭാര്യ അനില സഞ്ചരിച്ച കാറിൽ ഹനീഷും ഉണ്ടെന്ന ധാരണയിലായിരുന്നു. എന്നാൽ, കാറിൽ ബേക്കറി ജീവനക്കാരൻ സോണിയാണ്‌ ഉണ്ടായിരുന്നത്‌. ഇയാൾ കാറിൽനിന്നിറങ്ങി ഓടി മാറിയതിനാൽ ജീവൻ രക്ഷിക്കാനായി.

അനിലയ്‌ക്ക് ഹനീഷുമായുണ്ടായിരുന്ന സൗഹൃദത്തിൽ പത്മരാജനുള്ള എതിർപ്പാണ്‌ കൊലയ്ക്കു കാരണമെന്നാണ്‌ പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്‌. കൊലപ്പെടുത്താൻ ഉപയോഗിച്ച പെട്രോൾ 300 രൂപയ്ക്ക് തഴുത്തലയിലെ പമ്പിൽനിന്നാണ് പ്രതി വാങ്ങിയത്. അനില ബേക്കറിയിൽനിന്ന് ഇറങ്ങിയതു മുതൽ പത്മരാജന്റെ നിരീക്ഷണത്തിലായിരുന്നു. ചെമ്മാംമുക്കിൽ എത്തിയപ്പോൾ കാറിലേക്ക് ഒമ്‌നിവാൻ അപകടകരമായി ചേർത്തുനിർത്തി പെട്രോൾ ഒഴിച്ച്‌ തീ കത്തിക്കുകയായിരുന്നു. സ്റ്റീൽ പാത്രത്തിലാണ് പെട്രോൾ സൂക്ഷിച്ചിരുന്നത്. സാരമായി പൊള്ളലേറ്റ സോണി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്‌. സംഭവശേഷം പത്മരാജൻ ഓട്ടോറിക്ഷയിൽ കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവർക്ക് പത്താം ക്ലാസ്‌ വിദ്യാർഥിയായ മകളുണ്ട്.  പത്മരാജൻ, ഭാര്യ അനില സഞ്ചരിച്ച കാറിനെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ ലഭ്യമായിട്ടില്ല.

പൊലീസ്‌ പ്രതിയെ ബുധനാഴ്ച സംഭവസ്ഥലത്തും വീട്ടിലും പെട്രോൾ പമ്പിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം ആസൂത്രണം ചെയ്‌തത്‌ സംബന്ധിച്ച്‌  പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം പൊലീസ്‌ അന്വേഷിക്കും. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി -രണ്ട്‌ റിമാൻഡ്ചെയ്തു.

കൊലപാതകത്തിലേക്കു നയിച്ചത് കൊടുംപക

കൊല്ലം > നാടിനെ നടുക്കിയ കൊലപാതകത്തിലേക്കു നയിച്ചത് വിവിധ കാരണങ്ങൾ കൊണ്ടുള്ള കൊടുംപക. ഒരുമാസം മുമ്പാണ്‌ അനില ആശ്രാമത്ത് ഡോ. നായേഴ്‌സ്‌ ആശുപത്രിക്കു സമീപം ബേക്കറി തുടങ്ങിയത്‌. പത്മരാജൻ സാമ്പത്തിക പിന്തുണ നൽകി. എന്നാൽ, അനില സുഹൃത്ത് ഹനീഷിനെ ബിസിനസ് പങ്കാളിയാക്കി. ഇതിൽ പത്മരാജന്റെ എതിർപ്പ്‌ അനില ഗൗനിച്ചിരുന്നില്ല. പിന്നീട്‌ പത്മരാജനും ഹനീഷുമായി കടയിൽ വാക്കുതർക്കം ഉണ്ടാകുകയും കൈയാങ്കളിയിലേക്ക്‌ എത്തുകയും ചെയ്തിരുന്നു. തന്നെ കൺമുന്നിൽ മർദിച്ചിട്ടും ഭാര്യ തടസ്സപ്പെടുത്താതിരുന്നത്‌ പത്മരാജന്റെ വിരോധം ഇരട്ടിയാക്കി. ഇരുവരും തമ്മിലുള്ള പ്രശ്‌നം പഞ്ചായത്ത്‌ അംഗം ആർ സാജൻ മധ്യസ്ഥതയിൽ ചർച്ച നടത്തി പരിഹരിക്കാൻ ശ്രമം നടന്നു. ബിസിനസിൽ മുടക്കിയ ഒന്നരലക്ഷം രൂപ തിരിച്ചുനൽകിയാൽ ഹനീഷ്‌ പിരിഞ്ഞുപോകാമെന്നും ധാരണയായി. ഈ മാസം പത്തിനു പണം നൽകാമെന്നായിരുന്നു സംഭവ ദിവസം രാവിലെ ധാരണയായത്‌.  എന്നാൽ, അതേ ദിവസം രാത്രി ഒമ്പതോടെയാണ്‌ ദാരുണമായ കൊലപാതകം നടന്നത്‌.



deshabhimani section

Related News

0 comments
Sort by

Home