06 December Friday

ആളൂരിൽ വീട്ടമ്മ കൊല്ലപ്പെട്ടത് കവർച്ചാശ്രമത്തിനിടെയെന്ന്‌ സൂചന

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

ഇരിങ്ങാലക്കുട > ആളൂരിൽ വീടിനുള്ളിൽ വീട്ടമ്മ കൊല്ലപ്പെട്ടത്‌ കവർച്ചാശ്രമത്തിനിടെയെന്ന്‌  സൂചന. . ഈസ്റ്റ് കോമ്പാറ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആലീസി (58) നെയാണ്‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. ഇന്നലെ രാത്രി എട്ടുമണിയോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.

ആലിസ്‌  ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ട്.  നാല് മക്കളുള്ള ആലീസിന്റെ മകൻ ഇംഗ്ലണ്ടിലാണ്. മറ്റ് മൂന്ന് പെൺമക്കളുടെ വിവാഹം കഴിഞ്ഞതിനാൽ അവർ ഭർതൃവീട്ടിലാണ് താമസം. ഭർത്താവിന്റെ മരണശേഷം ആലീസ് തനിച്ചാണ്  താമസിച്ചിരുന്നത്‌. രാത്രിയിൽ സഹായിയായി കിടക്കാൻ  സമീപത്തെ വീട്ടിലെ സ്ത്രീ വരാറുണ്ട്. അവർ കൂട്ട് കിടക്കാൻ വൈകിട്ട് എത്തിയപ്പോൾ വാതിൽ പുറമെ നിന്ന് താഴിട്ടതായാണ് കണ്ടത്. വാതിൽ തുറന്ന് കയറിയപ്പോഴാണ്‌ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ആലീസിനെ കണ്ടത്.പകലാണ്‌ കൊലപാതകം നടന്നിട്ടുള്ളതെന്ന്‌ സംശയിക്കുന്നു. പകൽ സമയത്ത്‌ ആലീസ്‌ ഒറ്റക്കാണെന്ന്‌ മനസിലാക്കിയ ആളാകാം കൊലപാതകത്തിന്‌ പിന്നിൽ.

സംഭവമറിഞ്ഞ്  തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ട് വിജയകുമാരൻ സ്ഥലത്തെി. ഇരിങ്ങാലക്കുട സിഐ പി ആർ ബിജോയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കാനും മൊബൈൽ ഫോണിൽ വിളിച്ചവരെക്കുറിച്ചും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. വീടുകളിൽ കയറി ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും മറ്റും വിൽക്കാൻ വരുന്നവരെ ക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാർക്കറ്റിൽ ഇറച്ചി വ്യാപാരിയായിരുന്ന കൂനൻ പോൾസൻ രണ്ട് വർഷം മുമ്പാണ് മരിച്ചത്. മക്കൾ: ധന്യ, സ്മിത സീമ, അന്തോണീസ്. മരുമക്കൾ: നിക്സൺ, ബോബി, ബൈജു, സ്റ്റെഫി.


പ്രധാന വാർത്തകൾ
 Top