19 September Saturday

ലോക്ക്‌ഡൗണിൽ ഇളവ്; മൂന്നാറിൽ എല്ലാ സ്ഥാപനങ്ങളും ഉച്ചവരെ പ്രവർത്തിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

മൂന്നാർ > കണ്ടെയ്‌ൻമെന്റ്‌ മേഖലയായിരുന്ന മൂന്നാർ ടൗണിൽ തിങ്കളാഴ്ച മുതൽ മുഴുവൻ കച്ചവട സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കും. രാവിലെ 10 മുതൽ പകൽ ഒന്നുവരെയായിരിക്കും പ്രവർത്തനം. കലക്ടർ എച്ച് ദിനേശനുമായി നടത്തിയ ചർച്ചയിലാണ്‌ ഇക്കാര്യത്തിൽ തീരുമാനമായത്‌. ആഗസ്‌ത്‌ 10 വരെയാണ്‌ ഇളവ്‌. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന്‌ സബ്‌ കലക്ടർ എസ് പ്രേംകൃഷ്ണൻ പറഞ്ഞു. 

എസ് രാജേന്ദ്രൻ എംഎൽഎ, ദേവികുളം സബ് കലക്ടർ, വ്യാപാരികൾ, വിവിധ സംഘടനാപ്രതിനിധികൾ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ഹോട്ടലുകൾ തുറക്കാമെങ്കിലും പാഴ്സൽ മാത്രമാണ്‌ അനുവദിക്കുക. സ്ഥാപനങ്ങളിൽനിന്ന്‌ സാമൂഹ്യ അകലം പാലിച്ച് സാധനങ്ങൾ വാങ്ങണം. കടയുടമകൾ സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തണം. പത്ത് വയസ്സിനു താഴെ പ്രായമുള്ളവരും 65 വയസ്സ്‌ കഴിഞ്ഞവരും വീടിന് പുറത്തിറങ്ങാൻ പാടില്ല. മാസ്ക് ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് നടത്തുന്ന ആന്റിജെൻ പരിശോധന തുടരും. മൂന്നാറിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും ഇദ്ദേഹം സമ്പർക്കത്തിലേർപ്പെട്ട ആളുകൾക്കും രോഗം സ്ഥിരീകരിച്ചതോടെയാണ്‌ ആശുപത്രി ഉൾപ്പെടുന്ന ടൗൺ പ്രദേശം ജില്ലാ ഭരണം കണ്ടെയ്‌ൻമെന്റ്‌ മേഖലയായി പ്രഖ്യാപിച്ചത്. നിലവിൽ 26 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൂന്നാർ, ദേവികുളം മേഖലകളിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ അറുന്നൂറോളം പേരുമുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top