09 October Wednesday

സങ്കടങ്ങളേ മടങ്ങൂ അവർ പഠിക്കട്ടെ ; 
സ്‌കൂളുകളിൽ പഠനം 
പുനരാരംഭിച്ചു

വി ജെ വർഗീസ്‌Updated: Monday Sep 2, 2024


മുണ്ടക്കൈ സ്കൂളിലെ റിയ മെഹ്റിനും വെള്ളാർമല സ്കൂളിലെ മുഹമ്മദ് 
ഹസീബിനും മന്ത്രി വി ശിവൻകുട്ടി 
ഉമ്മ നൽകി സ്വീകരിക്കുന്നു ഫോട്ടോ-: എം എ ശിവപ്രസാദ്


മേപ്പാടി
കണ്ണീർ പൊട്ടിയൊലിച്ച മുഖത്ത്‌ അതിജീവനച്ചിരിയുമായി അവരെത്തി. മേപ്പാടി അങ്ങാടിയിലെ കുന്നിൻ മുകളിലെ അക്ഷരമുറ്റത്തവർ മറ്റൊരു പുഞ്ചിരിമട്ടം തീർത്തു.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ പൊലിഞ്ഞ 43 കൂട്ടുകാരുടെ ഓർമയിലൂടെ അവർ പുതുപാഠങ്ങളിലേക്ക് നടന്നു. ദുരന്തം തകർത്ത വിദ്യാലയത്തിന്‌ ഒരു മാസംകൊണ്ട് ബദലൊരുക്കി തോൽക്കില്ലെന്ന്  നാട്  പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല, മുണ്ടക്കൈ സ്‌കൂൾ വിദ്യാർഥികൾ അധ്യയനം പുനരാരംഭിച്ചു.  മന്ത്രി വി ശിവൻകുട്ടി കുട്ടികളുടെ കൈപിടിച്ച്‌ പ്രവേശനോത്സവത്തിന്‌  തിരികൊളുത്തി.

ദുഃഖങ്ങളെല്ലാം മായ്‌ച്ച്‌‌ ദുരന്തമേഖലയിലെ 607 കുട്ടികൾ ക്ലാസിലെത്തി. ആടിയും പാടിയുമവർ പുനഃപ്രവേശനം ഉത്സവമാക്കി. തിങ്കൾ രാവിലെ ചൂരൽമലയിൽനിന്ന്‌ മൂന്ന്‌ കെഎസ്‌ആർടിസി ബസുകളിലാണ്‌ അവരെത്തിയത്‌. മന്ത്രിമാരായ വി ശിവൻകുട്ടിയും ഒ ആർ കേളുവും  ഗെയിറ്റിലെത്തി കുട്ടികളെ കൈപിടിച്ച്‌ മുറ്റത്തേക്ക്‌ നയിച്ചു. ബാൻഡ്‌‌ മേളം അകമ്പടിയായി. റോഡിന്‌ ഇരുവശവും  വർണബലൂണുകൾ നിറഞ്ഞു. നാട്ടുകാർ മധുരം വിളമ്പി.  വെള്ളാർമല ജിവിഎച്ച്‌എസ്‌എസ്‌ മേപ്പാടി ഗവ. ഹയർസെക്കൻഡറിയോട്‌ ചേർന്നും മുണ്ടക്കൈ ഗവ. എൽപിഎസ്‌ ക്ലാസ്‌ പഞ്ചായത്തിന്റെ എ പി ജെ ഹാളിലുമാണ്‌ ആരംഭിച്ചത്‌. മന്ത്രി എ കെ ശശീന്ദ്രൻ, ടി സിദ്ദിഖ്‌ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top