Deshabhimani

മുനമ്പം: കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 08:37 AM | 0 min read

കോഴിക്കോട്> കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ മുസ്ലീംലീ​ഗ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ. സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് പോസ്റ്റർ പ്രതിഷേധം.

'മുനവ്വറലി തങ്ങളെ വിളിക്കൂ മുസ്ലിം ലീഗിനെ ലക്ഷിക്കൂ', 'മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക', 'ബിനാമി താൽപര്യങ്ങൾ സംരക്ഷിക്കാൻ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികൾ പണ്ഡിതന്മാർ തിരിച്ചറിയുക' തുടങ്ങിയ പോസ്റ്ററുകളാണ് ഉയർന്നത്.

അതേസമയം മുസ്ലിംലീഗുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിതസഭയായ മുശാവറയുടെ യോഗംചേരുന്നത്‌. ലീഗ്‌ നേതൃത്വത്തിൽ സമസ്തയ്‌ക്കെതിരെ ആദർശ സംരക്ഷണസമിതി രൂപീകരിച്ചതടക്കം യോഗത്തിൽ ചർച്ചയാകും. ലീഗ്‌ സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത്‌ സമാന്തര സംഘടന രൂപീകരിച്ചത്‌ സമസ്തയെ പിളർത്താനാണെന്ന വികാരം പണ്ഡിതനേതൃത്വത്തിൽ ചിലർക്കുണ്ട്‌.

ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ  മുശാവറ അംഗം ഉമർഫൈസി മുക്കം വിമർശിച്ചത്‌ യോഗത്തിൽ ലീഗ്‌ അനുകൂലികൾ ഉന്നയിക്കും. ഉമർഫൈസിയെ മുശാവറയിൽനിന്ന്‌ ഒഴിവാക്കണമെന്നാണ്‌ ആവശ്യം. ഇതിനോട്‌ സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾക്കടക്കം യോജിപ്പില്ലെന്നാണ്‌ സൂചന. ലീഗിലെ ഒരുവിഭാഗം സമസ്തയെയും നേതാക്കളെയും അധിക്ഷേപിക്കുന്നതിൽ നേതാക്കളിലും പ്രവർത്തകരിലും അമർഷമുണ്ട്‌.

കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക്‌ കോളേജസുമായി (സിഐസി) ബന്ധപ്പെട്ട്‌ ലീഗ്‌– സമസ്ത ചർച്ചയിലുണ്ടാക്കിയ ധാരണ പാലിക്കാത്തതാണ്‌ മറ്റൊരു വിഷയം. സമസ്ത വിരുദ്ധനായ സിഐസി ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം ഫൈസി ആദൃശേരിയുടെ പ്രവർത്തനം ലീഗ്‌ നേതൃത്വത്തിന്റെ അറിവോടെയാണ്‌. സമൂഹമാധ്യമങ്ങളിൽ സിഐസി  പ്രചാരകരായി ലീഗ്‌ നേതാക്കൾ മാറിയതിലും സമസ്ത നേതൃത്വത്തിന്‌ അതൃപ്തിയുണ്ട്‌. ഈ പശ്ചാത്തലത്തിൽ സിഐസിയുമായുള്ള  ബന്ധം അവസാനിപ്പിക്കുന്നത്‌ മുശാവറ പരിഗണിക്കും. ജിഫ്രി തങ്ങളെ അവഹേളിച്ച്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പരാമർശങ്ങൾ, പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ പരസ്യത്തെച്ചൊല്ലി സുപ്രഭാതം പത്രത്തിനെതിരായ വിമർശം എന്നിവയും ചർച്ചയാകും.



deshabhimani section

Related News

0 comments
Sort by

Home