21 February Thursday

മനുഷ്യക്കടത്ത‌്: 80 പേരുടെ പട്ടികയായി; എഫ‌്ഐആർ സമർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jan 23, 2019

കൊച്ചി > മുനമ്പത്ത‌് നിന്നും മത്സ്യ ബന്ധനബോട്ടിൽ ഓസ‌്ട്രേലിയയിലേക്ക‌് കടന്നുവെന്ന‌് സംശയിക്കുന്ന 80 പേരുടെ പട്ടിക തയ്യാറായി. ഇവരുടെ ചിത്രവും അന്വേഷണ സംഘത്തിന‌് ലഭിച്ചു. കേസിൽ ക്രിമിനൽ നടപടി ചട്ടം 102 പ്രകാരം തോപ്പുംപടി കോടതിയിൽ പ്രഥമ വിവര  റിപ്പോർട്ട‌് സമർപ്പിച്ചു. മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന നിലയിലാണ‌് എഫ‌്ഐആർ നൽകിയിട്ടുള്ളത‌്.

ബോട്ടിൽ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ‌് പൊലീസ‌് നിഗമനം. നവജാത ശിശു ഉൾപ്പെടെയുള്ള കുട്ടികളും സ‌്ത്രീകളും സംഘത്തിലുണ്ട‌്. ശ്രീലങ്കൻ അഭയാർഥി കുടുംബങ്ങളും തമിഴ‌്നാട്ടുകാരുമാണ‌് ബോട്ടിലുള്ളത‌്. മിക്കവരും അടുത്ത ബന്ധുക്കളുമാണ‌്. സ്വന്തം താൽപര്യപ്രകാരമാണ‌് ഇവർ യാത്രക്ക‌് പുറപ്പെട്ടതെന്ന‌ും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ മുനമ്പം, വടക്കേക്കര പൊലിസ‌് സ‌്റ്റേഷനുകളിൽ സ്വമേധയ എടുത്ത കേസിന്റെ തുടർച്ചയായിട്ടാണ‌് എഫ‌്ഐആർ നൽകിയത‌്.  മോഷണ വസ‌്തുവോ ഏതെങ്കിലും കുറ്റകൃത്യത്തിന‌് ഉപയോഗിക്കപ്പെട്ട വസ‌്തുവോ എന്ന നിലയിലാണ‌് ഉപേക്ഷിക്കപ്പെട്ട  71 ബാഗുകൾ കണ്ടെത്തിയതി‌ന‌് രണ്ട‌് സ‌്റ്റേഷനുകളിലും കേസ‌് രജിസ‌്റ്റർ ചെയ‌്തത‌്.

മുനമ്പത്ത‌് നിന്നും വാങ്ങിയ ദയാമാത–-2 ബോട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ‌് ആളുകളെ കയറ്റിയതെന്നും കണ്ടെത്തി. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകൾ പൊളിച്ച‌് ഒറ്റ ഹാൾ പോലെയാക്കി. പകൽ സമയങ്ങളിൽ ബോട്ടിന്റെ പുറത്ത‌് നിന്നാണ‌് യാത്ര. പൊലീസിന്റെ കസ‌്റ്റഡിയിലുള്ള പ്രഭുവും രവിയും നൽകിയ മൊഴികളിൽ നിന്നാണ‌് ഇക്കാര്യം വ്യക്തമായത‌്. ജനുവരി 12ന‌് രാത്രി മാല്യങ്കരയിലെ സ്വകാര്യ ബോട്ട‌് ജെട്ടിയിൽ നിന്നാണ‌് ബോട്ട‌് പുറപ്പെട്ടു. ബോട്ട‌് കണ്ടെത്താനായി നാവിക സേനയും കോസ‌്റ്റ‌് ഗാർഡും തെരച്ചിൽ തുടരുകയാണ‌്. കടലിൽ ആയിരക്കണക്കിന‌് മത്സ്യ ബന്ധന ബോട്ടുള്ളതിനാൽ ദയാമാത ബോട്ടിനെ കണ്ടെത്തുക ദുഷ‌്കരമാകുമെന്നാണ‌് നാവിക സേനയുടെ വിലയിരുത്തൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top