18 February Monday

മനുഷ്യക്കടത്ത്: ഗുരുവായൂരിൽ താമസിച്ചത‌് 91 പേർ ; മുഖ്യ പ്രതി ശ്രീകാന്തന്റെ വീട് അന്വേഷണസംഘം പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


ഗുരുവായൂർ/കൊടുങ്ങല്ലൂർ
മുനമ്പം മനുഷ്യക്കടത്തിൽ അകപ്പെട്ടവർ താമസിച്ചതെന്ന് കരുതുന്ന ഗുരുവായൂരിലെ മൂന്നുഹോട്ടലുകളിൽ അന്വേഷക സംഘം പരിശോധന നടത്തി. 91 പേർ ഇവിടെ താമസിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ്  പറഞ്ഞു. കിഴക്കേ നടയിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള  പ്രസാദം ഇൻ, പ്രാർഥന ഇൻ,  സി എ ടവർ എന്നീ ലോഡ‌്ജുകളിലാണ് കൊടുങ്ങല്ലൂർ സിഐ കെ വി ബൈജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഈ മൂന്ന് ലോഡ്ജുകളിലുമായി 91 അംഗ സംഘം ഈ മാസം അഞ്ചുമുതൽ ഒമ്പതുവരെ താമസിച്ചത്.

ശ്രീലങ്കൻ തമിഴ‌് വംശജരായ രണ്ടുപേരുടെ പാസ‌്പോർട്ടിന്റെ കോപ്പിയും പൊലീസിനു ലഭിച്ചു. തമ്പിരാജ‌്, സത്യരാജ‌്  എന്നിവരുടെ പാസ‌്പോർട്ടിന്റെ കോപ്പികളാണ‌് കിട്ടിയത‌്. മനുഷ്യക്കടത്തിന്റെ പ്രധാന കണ്ണിയായ ശ്രീകാന്തൻ ചെന്നൈയിൽ നിന്നും കൊണ്ടുവന്നവരാണ‌് ലോഡ‌്ജുകളിൽ താമസിച്ചിരുന്നത‌്. കഴിഞ്ഞ 11ന‌് വൈകീട്ട‌് നാലരക്കാണ‌് ഇവർ ലോഡ‌്ജ‌് വിട്ടത‌്. ബോട്ടിൽ വിദേശരാജ്യത്തേക്ക‌് കടത്തിയവർ ക്ഷേത്രനഗരികളിലാണ‌് തങ്ങിയത‌്. ചോറ്റാനിക്കര, ഗുരുവായൂർ, കൊടുങ്ങല്ലൂർ ക്ഷേത്രനഗരികളിൽ നിന്നാണ‌് പ്രത്യേക വാഹനങ്ങളിൽ ഇവരെ എറണാകുളം ജില്ലയിലെ മുനമ്പത്ത‌് എത്തിച്ചത‌്. വിദേശത്തേക്ക‌് കടത്തുന്നതിനായി കൊണ്ടുവന്നവരെ മുനമ്പത്ത‌്‌ എത്തിച്ച വാഹനങ്ങൾ കണ്ടെത്താൻ തെരച്ചിൽ തുടങ്ങിയതായി ലോഡ‌്ജുകളിൽ റെയ‌്ഡ‌് നടത്തുന്നതിന‌് നേതൃത്വം നൽകിയ കൊടുങ്ങല്ലൂർ എസ‌്ഐ ഇ ആർ ബൈജു പറഞ്ഞു.

മനുഷ്യക്കടത്ത്: ശ്രീകാന്തന്റെ വീട് പരിശോധിച്ചു
കോവളം
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മുഖ്യ പ്രതി ശ്രീകാന്തന്റെ വീട് വീണ്ടും അന്വേഷണസംഘം പരിശോധിച്ചു. വെങ്ങാനൂർ ചാവടിനട പരുത്തിവിളയിലെ വീട്ടിലാണ് അന്വേഷണസംഘം ശനിയാഴ്ചയും പരിശോധന നടത്തിയത്.ശ്രീകാന്തന്റെ കിടപ്പുമുറിയിൽനിന്ന‌് 6 പാസ്പോർട്ട‌്, സ്ത്രീകളുടെയും പുരുഷൻമാരുടെയും ഉൾപ്പെടെ നിരവധി പേരുടെ ആധാർ കാർഡ‌്, തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലുള്ള ആധാരങ്ങളുടെ പകർപ്പുകൾ, നിരവധി ബാങ്കുകളുടെ പാസ് ബുക്കുകളും ചെക്ക് ബുക്കുകളും, നിരവധി ആൾക്കാരുടെ തിരിച്ചറിയൽ കാർഡുകൾ, സമുദായ സർട്ടിഫിക്കറ്റുകൾ, നിരവധി പേരുടെ പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പൂരിപ്പിച്ച പാസ്പോർട്ട് അപേക്ഷകൾ, 500 ന്റെ 40 കറൻസി നോട്ട‌് എന്നിവ കണ്ടെടുത്തു. വീടിന്റെ രണ്ടുമുറിയിൽനിന്നാണ് ഇവ കണ്ടെത്തിയത്. 20000 രൂപ കൂടാതെ  നാണയശേഖരവും കണ്ടെത്തി.  നാണയതുട്ടുകൾ പൊതിഞ്ഞ് നേർച്ചയ്ക്കായി സമർപ്പിക്കുന്ന രീതിയിൽ ചന്ദനവും കുങ്കുമവും പുരട്ടിയ നിരവധി പൊതികളും കണ്ടെത്തി. 3 മൊബൈൽ ഫോണും കണ്ടെത്തി. പ്രതികളെന്ന് സംശയിക്കുന്നവർ ഉൾപ്പെട്ട ഒരു കല്യാണ ആൽബവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് കുന്നത്തുനാട് എസ്ഐ ടി ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ‌്ക്കെത്തിയത്. രാത്രി 9 വരെ പരിശോധന തുടർന്നു.
കഴിഞ്ഞ 16ന് വീടിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകടന്ന സംഘം സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെത്തിയിരുന്നു. എന്നാൽ, അലമാരകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച എറണാകുളത്തുനിന്ന‌് വിദഗ‌്ധ ആശാരിയെയുംകൊണ്ടാണ് അന്വേഷണ സംഘം എത്തിയത്. കണ്ടെടുത്ത വിസിറ്റിങ‌് കാർഡുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ശ്രീകാന്തന്റെ ജില്ലയിലെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇവിടെ ചെറിയ ഇടപാടുകൾ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ‌് അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞത്. മറ്റു അക്കൗണ്ടുകളെക്കുറിച്ച് നിരവധി സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. എസ്ഐയ‌്ക്ക് പുറമേ എഎസ്ഐമാരായ സക്കറി,  കുരിയച്ചൻ, രാജൻ, എസ്‌സിപിഒ ജമാൽ എന്നിവരും ഉണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top