23 July Tuesday

മനുഷ്യക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; കുറ്റം രാജ്യത്തിന്റെ പരമാധികാരത്തേയും സുരക്ഷയേയും ബാധിക്കുന്നത്

നിയമകാര്യ ലേഖകൻUpdated: Monday Mar 25, 2019

കൊച്ചി> മുനമ്പം മനുഷ്യക്കടത്ത് കേസിലെ രണ്ട‌് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാംപ്രതിയും തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയുമായ അനിൽകുമാർ, ഡൽഹി സ്വദേശിയും ഏഴാംപ്രതിയുമായ രവി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാർ തള്ളിയത്. പ്രതികൾക്കെതിരായ ആരോപണങ്ങൾ അതീവ ഗൗരവമേറിയതും രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയേയും ബാധിക്കുന്നതുമാണെന്നും കോടതി പറഞ്ഞു.

വിദേശത്തേക്ക് കടന്നവരെ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. അതിനാൽത്തന്നെ ഇവരെല്ലാം എന്തിനാണ് വിദേശത്ത് പോയതെന്ന് വ്യക്തമല്ല. രാജ്യസുരക്ഷ കണക്കിലെടുക്കുമ്പോൾ അജ്ഞാത സ്ഥലത്തേക്ക് ആളുകൾ പോയതിനെ നിസാരമായി കാണാനാകില്ല. അന്വേഷണം ശൈശവ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തിൽ ഇടപെടലുണ്ടാകാനും കാരണമാകുമെന്നും കോടതി പറഞ്ഞു.

കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റംകൂടി ചുമത്തിയെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുഖ്യപ്രതി ശെൽവനടക്കം ആറ് പ്രതികളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 370 വകുപ്പ് പ്രകാരമുള്ള കുറ്റം (മനുഷ്യക്കടത്ത് ) കൂടി ചുമത്തിയതെന്ന് സീനിയർ ​ഗവ. പ്ലീഡർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു.

കേസിലെ ഒന്നാംപ്രതി ശ്രീകാന്തനും ശെൽവനും ചേർന്ന് ന്യൂസിലൻഡിൽ ജോലി വാഗ്ദാനംചെയ്ത് ഇരകളിൽനിന്ന് പണം വാങ്ങിയതായി ശെൽവനെയും സംഘത്തെയും ചോദ്യം ചെയ്തതിൽനിന്ന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയെന്നും സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. കഴിഞ്ഞ ജനുവരി 12 നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 87 പേരുള്ള സംഘം ബോട്ടിൽ വിദേശത്തേക്ക് പോയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top