07 July Tuesday
പിടിയിലായവരിൽ ദമ്പതിമാർ, അച്ഛനു മക്കളും

മുനമ്പം മനുഷ്യക്കടത്ത‌്; സ‌്ത്രീ ഉൾപ്പെടെ 7 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

കൊച്ചി/പറവൂർ> മുനമ്പം മനുഷ്യക്കടത്തു കേസിൽ സ്ത്രീ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. കേസിലെ മുഖ്യസൂത്രധാരൻ കോയമ്പത്തൂർ പാപ്പനാക്കിയം പാളയം കാളിയമ്മൻ സ‌്ട്രീറ്റ‌് നമ്പർ 37ൽ ശെൽവം(49), ചെന്നൈ പോളപ്പാക്കം സഭാപതി നഗറിൽ ബി ബ്ലോക്കിൽ അറുമുഖം(43), ചെന്നൈ തിരുവള്ളൂർ വിഘ‌്നേശ്വര നഗർ 448ൽ താമസക്കാരായ ഇളയരാജ(39), ഇളയരാജയുടെ ഭാര്യ രതി(34) ദീപൻ രാജ‌്(49), ദീപൻ രാജിന്റെ മക്കളായ അജിത‌്(24), വിജയ‌്(22) എന്നിവരാണ‌് അറസ‌്റ്റിലായത‌്.

രതിയെ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. മറ്റ് ആറു പേരെ 7 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടക്കേക്കര പൊലീസ‌് രജിസ‌്റ്റർ ചെയ‌്ത കേസിലാണ‌് നടപടി. പാസ‌്പോർട്ട‌് നിയമം, ഫോറിനേഴ‌്സ‌് നിയമം എന്നിവ കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മനുഷ്യക്കടത്ത് വകുപ്പ്കൂടി ചുമത്തി കേസ് എടുത്തു. രണ്ടര മാസത്തിന‌്ശേഷമാണ‌് മുഖ്യസൂത്രധാരൻ ഉൾപ്പെടെയുള്ള പ്രതികൾ പിടിയിലാകുന്നത‌്. കേസിലെ ഒന്നാം പ്രതി തമിഴ‌്നാട‌് സ്വദേശി ശ്രീകാന്തൻ, രവീന്ദർ, മണിവണ്ണൻ, ശ്രീലങ്കൻ സ്വദേശികളായ അരുൺ പാണ്ഡ്യൻ, പാണ്ഡ്യരാജ‌് എന്നിവർ ഒളിവിലാണ‌്. കേസിൽ 15 പേരാണ‌് പ്രതികൾ.

 മനുഷ്യക്കടത്ത‌് തടയൽ നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട‌്. രഹസ്യവിവരത്തെത്തുടർന്നു തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. മുനമ്പം മനുഷ്യക്കടത്തിൽ ഇവർ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും റിമാൻഡ‌് റിപ്പോർട്ടിൽ പൊലീസ‌് വ്യക്തമാക്കി. ഗൂഡാലോചനയുടെ ഭാഗമായി ഇവർ പലതവണ ഫോണിൽ ബന്ധപ്പെടുകയും നേരിൽ കാണുകയും ചെയ‌്തു.

അംഗീകൃത നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ബോട്ട്മാർഗം ന്യൂസിലന്റിൽ എത്തിക്കാമെന്നു പറഞ്ഞു ഡൽഹി മദൻഗിർ അംബേദ്കർ കോളനി നിവാസികൾ, തമിഴ് വംശജർ, ശ്രീലങ്കൻ പൗരന്മാർ, മറ്റ് ഇതരസംസ്ഥാനക്കാർ അടക്കം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെപ്പേരെ രാജ്യത്തുനിന്നു കടത്തിയെന്നും ഓരോരുത്തരിൽ നിന്നും 3 ലക്ഷം രൂപ ഈടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യക്കടത്തിൽ ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശി ശ്രീകാന്തന്റെ ബന്ധുവാണ് ശെൽവം. ഇവരെ ചെന്നൈയിൽ നിന്ന‌് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. നേരത്തെ ഡൽഹി അംബേദ്കർ കോളനിയിൽ നിന്ന് പിടിയിലായ പ്രഭു ദണ്ഡപാണി, രവി സനൂപ്, അനിൽകുമാർ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശെൽവം കുടുങ്ങിയത്. കൂടെ പിടിയിലാവർ തമിഴ്, ശ്രീലങ്കൻ വംശജരാണ്. തന്റെ മൂന്ന് മക്കളും ഓസ്‌ട്രേലിയയിലേക്ക് ബോട്ടിൽ പുറപ്പെട്ടുവെന്നാണ് സെൽവന്റെ മൊഴി. പിടിയിലായവരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.

ജനുവരി 12നാണ‌് ദയമാത മത്സ്യബന്ധന ബോട്ടിൽ മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയിൽ നിന്നും ദയമാത മത്സ്യബന്ധന ബോട്ടിൽ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയത‌്. ബോട്ട‌് ഓസ്‌ട്രേലിയയിലോ ന്യൂസിലാൻഡിലോ എത്തിയിട്ടില്ലെന്നും എന്നാൽ ബോട്ട‌് മുങ്ങിയതായി സ്ഥിരീകരണമില്ലെന്നും പൊലീസ‌് വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top