തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി മോഹവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചരടുവലി സജീവമാക്കി. വയനാട്ടിലെ കൽപ്പറ്റ മണ്ഡലത്തിൽ മത്സരിക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. മത്സര സാധ്യത തള്ളാതെ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നപ്പോൾ മുസ്ലിംലീഗും ജില്ലയിലെ സ്ഥാനാർഥി മോഹികളായ കോൺഗ്രസ് നേതാക്കളും എതിർപ്പ് പരസ്യമാക്കി.
പാർടി പറഞ്ഞാൽ സ്ഥാനാർഥിയാകുമെന്നാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കൽപ്പറ്റ സീറ്റിൽ അവകാശവാദവുമായി മുസ്ലിംലീഗ് വയനാട് ജില്ലാ നേതൃത്വം മുന്നോട്ടുവന്നു. മുല്ലപ്പള്ളി മത്സരിക്കുന്നതിനോട് അഭിപ്രായം പറയാൻ പികെ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. കൽപ്പറ്റയിൽ ആരു മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചത്. എകെ ആന്റണിയുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് മുല്ലപ്പള്ളിയുടെ സ്ഥാനാർഥി മോഹത്തിന് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടിയത്. എഐസിസിയുടെ പിന്തുണയോടെ രംഗത്തിറങ്ങിയാൽ കോൺഗ്രസിലെ എതിരാളികളെ തളയ്ക്കാൻ കഴിയുമെന്നാണ് മുല്ലപ്പള്ളിയുടെ കണക്കുകൂട്ടൽ.
സ്ഥാനാർഥിത്വത്തിനെതിരെ കെ മുരളീധരൻ ഒളിയമ്പെയ്തെങ്കെിലും പ്രതികരിക്കാൻ മുല്ലപ്പള്ളി തയ്യാറായില്ല. ലോക്സഭയിൽ മത്സരിക്കാതെ മാറിനിന്ന മുല്ലപ്പള്ളി ഇപ്പോൾ രംഗത്ത് വരുന്നതിലെ അനൗചിത്യമാണ് കെ മുരളീധരൻ ചൂണ്ടിക്കാട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി വടകരയിൽ മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവിൽ യുഡിഎഫിന് തോൽക്കേണ്ടിവരില്ലെന്നാണ് മുരളീധരന്റെ വാദം.
മുല്ലപ്പള്ളി സ്ഥാനാർഥിയായാൽ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശക്തമാണ്. വർക്കിങ് പ്രസിഡന്റായ കെ സുധാകരൻ അടക്കം ഇക്കാര്യം ഉന്നയിക്കുമെന്നാണ് സൂചന. അതേസമയം കെപിസിസി അധ്യക്ഷ പദവി ഒഴിയാതെയാണ് രമേശ് ചെന്നിത്തല മുമ്പ് നിയമസഭയിൽ മത്സരിച്ചതെന്ന വാദം മുല്ലപ്പള്ളി അനുകൂലികൾ ഉയർത്തുന്നു.
കൽപ്പറ്റയിൽ അംഗീകരിക്കില്ല: മുസ്ലിംലീഗ്
നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കത്തിനെതിരെ ലീഗ്. മുല്ലപ്പള്ളിയെ അംഗീകരിക്കില്ലെന്നും കൽപ്പറ്റ മണ്ഡലം ലീഗിന് അവകാശപ്പെട്ടതാണെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കൽ പറഞ്ഞു. മണ്ഡലത്തിൽ ആകെയുള്ള 12 തദ്ദേശസ്ഥാപനങ്ങളിൽ ആറിടത്ത് ലീഗ് അധ്യക്ഷന്മാരാണുള്ളത്. യുഡിഎഫിൽ ലീഗിനാണ് ശക്തി. നിലവിൽ കോൺഗ്രസിന്റെ സീറ്റുമല്ല.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻ ഹാജിയും സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിയും പങ്കെടുത്ത് കൽപ്പറ്റയിൽ ചേർന്ന ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിൽ, കൽപ്പറ്റയിൽ ലീഗ് മത്സരിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഔദ്യോഗികമായി ഇക്കാര്യം ലീഗ് സംസ്ഥാന കമ്മിറ്റി യുഡിഎഫ് നേതൃത്വത്തെ അറിയിക്കും. പുറത്തുനിന്ന് ഒരാൾ കൽപ്പറ്റയിൽ വന്ന് മത്സരിക്കേണ്ട സാഹചര്യമില്ലെന്നും യഹ്യാഖാൻ പറഞ്ഞു.
മുല്ലപ്പള്ളിക്ക് ഇരട്ടത്താപ്പ്: കെ മുരളീധരൻ
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനെതിരെ കെ മുരളീധരൻ. കെപിസിസി പ്രസിഡന്റാണെന്ന കാരണം പറഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന മുല്ലപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യപ്പെടുന്നതിൽ ഇരട്ടത്താപ്പുണ്ട്.മുല്ലപ്പള്ളി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പും കോൺഗ്രസിന്റെ തോൽവിയും ഒഴിവാക്കാമായിരുന്നു–- മുരളീധരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..