16 October Wednesday

മുല്ലപ്പെരിയാർ: ഇ ശ്രീധരന്റെ നിർദേശങ്ങൾ അപ്രായോഗികം; കേരളത്തിന് തിരിച്ചടിയാകുമെന്ന് വിദഗ്ധർ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
കുമളി > മുല്ലപ്പെരിയാർ അണക്കെട്ട് പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ ഇ ശ്രീധരൻ പറഞ്ഞ നിർദേശങ്ങൾ അപ്രായോഗികവും കേരളത്തിന് തിരിച്ചടികൾ ഉണ്ടാക്കുന്നതുമാണെന്ന് വിദഗ്ധർ. ‘പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാർ ഭീഷണിക്ക് പരിഹാരവും, എന്ന വിഷയത്തിൽ കോഴിക്കോട് ദേശീയ ഹിന്ദു ലീഗ് സംഘടിപ്പിച്ച സെമിനാറിൽ കേരളത്തിന് തിരിച്ചടിയുണ്ടാക്കുന്ന നിർദേശങ്ങളാണ് ഇദേഹം മുന്നോട്ടുവച്ചത്. ഈ നിർദേശങ്ങൾ തമിഴ്നാട് അംഗീകരിക്കാനും സാധ്യതയില്ല.  
 
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് 50 വർഷം കഴിഞ്ഞ് മതിയെന്നാണ് ഇ ശ്രീധരന്റെ പ്രധാന നിർദ്ദേശം. മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണം. ഈ തുരങ്കങ്ങളിലൂടെ തമിഴ്നാട്ടിലേക്ക് വെള്ളമെത്തിച്ചാൽ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല. ജലം ശേഖരിക്കാൻ തമിഴ്നാട് ചെറിയ സംഭരണികൾ ഒരുക്കണം. നാല് കിലോമീറ്റർ നീളത്തിലും ആറ്മീറ്റർ വിസ്താരത്തിലും തുരങ്കം നിർമിക്കണം. അണക്കെട്ടിലെ ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്നും ആവശ്യപ്പെടും. ഈ നിർദേ ശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും ശ്രീധരൻ പറയുന്നു. 
 
 എന്നാൽ വർഷം  60–- 70 ടിഎംസി വെള്ളം മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നുണ്ടെന്നാണ് ഏകദേശം കണക്ക്. വെള്ളം സ്റ്റോർ ചെയ്യാനുള്ള സംവിധാനങ്ങൾ വൈഗയിൽ ഒരുക്കാനാവില്ല.
 
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ രാമവർമയുടെ കാലത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നതിന് അനുമതിനൽകിയത്. പെരിയാർ തീരങ്ങളിലെ അതിപ്രളയം തടയാൻ കഴിയും.  925 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന തേക്കടി വനമേഖലയിലെ വന്യജീവികളുടെ നിലനിൽപ്പ് തേക്കടി തടാകം ആണ്. ജലനിരപ്പ് 100 അടിയിലേക്ക് താഴ്ത്തിയാൽ തേക്കടിയിലെ ബോട്ട് സവാരി നടക്കില്ല, കുടിവെള്ള വിതരണം, വന്യമൃഗസംരക്ഷണം തുടങ്ങി എല്ലാം അട്ടിമറിക്കപ്പെടും. മുല്ലപ്പെരിയാർ അണക്കെട്ട് ഇല്ലെങ്കിൽ തേക്കടി തടാകത്തിലെ ജെെവവെെവിധ്യം നശിക്കും. ഈ പ്രശ്നത്തിന്റെ ഏക പരിഹാരം പുതിയ അണക്കെട്ട് നിർമിച്ച് തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഒരുക്കുക  മാത്രമാണ്. 
 
മറക്കരുത് 
മഹാപ്രളയങ്ങളെ
 
3000 വർഷത്തെ ചരിത്രമുള്ള  മുസിരിസ് തുറമുഖം ചരിത്രത്തിൽനിന്നും ഇല്ലാതായത് പെരിയാർ നദിയിൽ 1341ൽ ഉണ്ടായ അതിപ്രളയത്താലായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതിനുശേഷമാണ് 99 ലെ വെള്ളപ്പൊക്കമുണ്ടാകുന്നത്. അന്നത്തെ മഹാപ്രളയത്തിൽ പെരിയാർപാലം കവിഞ്ഞൊഴുകി എന്നാണ് പറയുന്നത്. 1961ലും വലിയതോതിലുള്ള പ്രളയം പെരിയാർ തീരങ്ങളിലുണ്ടായി. ഇടുക്കി ആർച്ച് ഡാം കമീഷൻ ചെയ്തശേഷം ഉണ്ടായ ഏറ്റവും വലിയ പ്രളയം 2018ലായിരുന്നു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ പെരിയാർ തീരങ്ങളിൽ പ്രവചിക്കാൻ കഴിയാത്തതരത്തിൽ വലിയനാശമുണ്ടാകുമായിരുന്നു.
 
തേക്കടി തടാകം 
അപ്രത്യക്ഷമാകും
 
മുല്ലപ്പെരിയാർ അണക്കെട്ട് ഇല്ലാതായാൽ തേക്കടി തടാകം അപ്രത്യക്ഷമാകും. തടാകത്തിലെ ആയിരക്കണക്കിന് മരങ്ങളിലുള്ള പതിനായിരക്കണക്കിന് പക്ഷികളുടെയും നീർനായ ഉൾപ്പെടെയുള്ള ജലജീവികളുടെയും നാശത്തിന് ഇടയാക്കും. ലോകത്തിൽ തേക്കടി തടാകത്തിൽ മാത്രം കാണുന്ന അപൂർവയിനം മത്സ്യങ്ങളുടെ നാശമുണ്ടാകും. മീൻ പിടിച്ചു  ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ വരുമാനം നഷ്ടമാകും.  
 
ടൂറിസത്തെ ബാധിക്കും
 
വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിലെ വൻകിട ഹോട്ടലുകളും, റിസോർട്ടുകളും, ഹോംസ്റ്റേ, ലോഡ്ജ്, വിവിധങ്ങളായ സ്ഥാപനങ്ങൾ, ഓട്ടോ–ടാക്സി  ഉൾപ്പെടെ 10,000 കണക്കിന് ജനങ്ങളുടെ ജീവിതോപാധിയാണ് കുമളിയിലെ ടൂറിസം. ടൂറിസത്തിന്റെ തകർച്ച ഇവരുടെ നിലനിൽപ്പിനെയും ബാധിക്കും. കുമളി, ചക്കുപള്ളം, വണ്ടൻമേട് പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ആളുകളുടെ ശുദ്ധജല സ്രോതസ്സാണ് തേക്കടി തടാകം. കുമളി ഒക്‌മെന്റേഷൻ വാട്ടർ സ്കീം ഉൾപ്പെടെ കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് വിവിധ കുടിവെള്ളപദ്ധതികൾ സർക്കാർ നടപ്പാക്കിയത്. കുമളി പഞ്ചായത്തിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോസാപ്പുകണ്ടം, താമരക്കണ്ടം, ലബ്ബക്കണ്ടം, ആദിവാസി നഗറുകൾ, കൊല്ലംപട്ടട, അമരാവതി നൂലാംപാറ, അട്ടപ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരക്കണക്കിനാളുകളുടെ ഏക ആശ്രയം ഇവിടുത്തെ ജലമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top