27 November Saturday
ജലനിരപ്പ്‌ 137 അടിയാക്കണമെന്ന നിലപാടിൽ മാറ്റമില്ല

മുല്ലപ്പെരിയാര്‍ വെള്ളിയാഴ്‌ച രാവിലെ തുറക്കും; മുന്നൊരുക്കങ്ങള്‍ പൂർത്തിയായി, സംസ്ഥാനം സജ്ജം: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ സംബന്ധിച്ച്‌ സംസ്ഥാനത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മഴ ശക്തമായാൽ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കം പൂർത്തിയായതായി റവന്യൂ മന്ത്രി കെ രാജനും പറഞ്ഞു. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കം സംബന്ധിച്ച യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു ഇരുവരും.

ജലനിരപ്പ്‌ 137 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം, ഇതിൽ മാറ്റമില്ല. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത്‌ 31 വരെ മഴസാധ്യതയുണ്ട്‌. ഇത്‌ അണക്കെട്ടിലേക്ക്‌ കൂടുതൽ വെള്ളമെത്താൻ കാരണമാകും. ഇതിനാൽ പരമാവധി ജലം തമിഴ്‌നാട്‌ എടുക്കണം. തീവ്രമായ മഴയിൽ അണക്കെട്ടിൽ അപ്രതീക്ഷിതമായി ജലനിരപ്പ്‌ ഉയരാറുണ്ട്‌. ഇത്‌ മേൽനോട്ടസമിതിയെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി റോഷി അഗസ്റ്റിൽ പറഞ്ഞു.

അണക്കെട്ട്‌ തുറക്കാൻ സജ്ജമാണ്‌. ഡാമിന്റെ 27 കിലോമീറ്റർ പരിധിയിലെ 884 കുടുംബത്തിലെ 3320ഓളം അംഗങ്ങളുടെ വിവരവും ഫോൺ നമ്പരും ശേഖരിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ രണ്ട് ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തി. സ്‌ത്രീകൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങി പ്രത്യേക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കിയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

   വിഷയത്തിൽ അനാവശ്യഭീതി പ്രചരിപ്പിക്കുന്നതിനെതിരെയാണ് മുഖ്യമന്ത്രി നിയമസഭയിൽ സംസാരിച്ചത്‌. ഇതിനെ അണക്കെട്ടിൽ ആശങ്കയില്ലെന്ന തരത്തിൽ വളച്ചൊടിക്കാനാണ് സുപ്രീംകോടതിയിൽ തമിഴ്‌നാടിന്റെ അഭിഭാഷകൻ ശ്രമിച്ചത്‌. അനാവശ്യ ഭീതി സൃഷ്ടിക്കുന്നവർക്കെതിരെ കേസെടുക്കൻ ജില്ലാ ഭരണസംവിധാനത്തിന്‌ നിർദേശം നൽകിയെന്നും മന്ത്രി രാജൻ പറഞ്ഞു.

തമിഴ്നാട് കൂടുതൽ വെള്ളം എടുത്തു തുടങ്ങി
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും തമിഴ്നാട് കൂടുതൽ വെള്ളം എടുത്തുതുടങ്ങി.  തിങ്കൾവരെ ശരാശരി 2200 ഘനയടി വെള്ളമാണ് ഓരോ സെക്കൻഡിലും കൊണ്ടുപോയിക്കൊണ്ടിരുന്നത്. ചൊവ്വ രാവിലെ ആറ് മുതൽ 2300 ആയി വർധിപ്പിച്ചു. നാല് പെൻസ്റ്റോക്ക് പൈപ്പുവഴി ഓരോ സെക്കൻഡിലും ആകെ 1600 ഘനയടിവീതവും ഇരച്ചിൽപാലം കനാലിലൂടെ 600 ഘനയടി വെള്ളവുമാണ് എടുത്തിരുന്നത്.  600 ഘനയടിയിൽനിന്ന്‌ 700 ആയി വർധിപ്പിച്ചു. ഇത് തമിഴ്നാടിന് കൊണ്ടുപോകാവുന്ന പരമാവധി അളവാണ്. ബുധൻ രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ  സെക്കൻഡിൽ അണക്കെട്ടിലേക്ക് 2130 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. അണക്കെട്ട് പ്രദേശത്ത് അഞ്ച്‌ മി. മീറ്റർ മഴപെയ്തു. ബുധൻ ഉച്ചയ്ക്കുശേഷം വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴപെയ്തു. ബുധൻ വൈകിട്ടുവരെ 137.7 അടിയാണ്‌ ജലനിരപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top