23 November Monday

‘അക്കിത്തം, ഇത്‌ വാസുവാണ്’‌... ഓർമകളുടെ മഞ്ഞുപുതച്ച്‌ എം ടി

പി വി ജീജോUpdated: Friday Oct 16, 2020

കോഴിക്കോട്‌ > ‘‘അക്കിത്തം... ഇത്‌ അക്കിത്തത്തിന്റെ വാസുവാണ്‌, വാസു... മഹാകവിക്ക്‌ ജ്ഞാനപീഠം സമ്മാനിക്കുന്ന ചടങ്ങിൽ എം ടി അയച്ച സന്ദേശമാണിത്‌. ആഹ്ലാദകരമായ ആ സന്ദർഭത്തിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖം പറഞ്ഞായിരുന്നു എം ടി വാസുദേവൻ നായർ അക്കിത്തത്തിന്‌ സ്‌നേഹാശംസ അറിയിച്ചത്‌. മൂന്നാഴ്‌ച മുമ്പ്‌ കുമരനെല്ലൂരിലെ വീട്ടിൽ നടന്ന ചടങ്ങിൽ അനാരോഗ്യംമൂലം എം ടിക്ക്‌ പോകാനായില്ല. ആ സന്തോഷമുഹൂർത്തം കോഴിക്കോട്‌ കൊട്ടാരംറോഡിലെ സിതാരയിലിരുന്ന്‌ കണ്ടു. ദിവസങ്ങൾക്കിപ്പുറം പ്രിയപ്പെട്ടൊരാൾ വിടപറഞ്ഞതറിയുമ്പോൾ മൗനത്തിൽ ദുഃഖം പൂഴ്‌ത്തിയിരിക്കയാണ്‌ എം ടി.
ജ്യേഷ്‌ഠ സഹോദരനായി, ഗുരുനാഥനായി കാണുന്ന അക്കിത്തം എംടിക്ക്‌  അത്രമേൽ പ്രിയങ്കരനാണ്.

ഫെബ്രുവരി 10നാണ്‌  അവസാനമായി കണ്ടത്‌. കുമരനെല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥിയായ അക്കിത്തത്തിന്‌ നാട്ടുകാർ നൽകിയ സ്വീകരണമായിരുന്നു ചടങ്ങ്‌. മറ്റൊരു പൂർവവിദ്യാർഥി എം ടി ഉദ്‌ഘാടകനും. ചടങ്ങിൽ വികാരനിർഭരമായി, അക്കിത്തം നാടകത്തിൽ അഭിനയിച്ചത്‌‌ കണ്ട്‌ താൻ കരഞ്ഞതെല്ലാം വിവരിച്ചിരുന്നു.
 
കൂടല്ലൂരിലെ വീട്ടിൽനിന്ന്‌ പറക്കുളം കുന്നുകയറി അക്കിത്തത്തിന്റെ മനയിൽ പോയായിരുന്നു എം ടിയുടെ വായന. കവിയുടെ ലൈബ്രറിയിലൂടെയാണ്‌ ലോകസാഹിത്യം താനറിഞ്ഞതെന്ന്‌‌ എം ടി ആദരവോടെ ഓർത്തിരുന്നു. കോഴിക്കോട്ട്‌‌ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത്‌ അക്കിത്തത്തിനൊപ്പമായിരുന്നു താമസം. അന്ന്‌ കവിത എഴുതി, വാസൂ, ഇതൊന്ന്‌ വായിച്ചുനോക്കൂ എന്ന്‌ പറഞ്ഞത്‌ തന്റെ സാഹിത്യവാസന ഉണർത്തിയതും കേരളപത്രികയിൽ  കഥ അച്ചടിച്ചുവന്നത്‌ കണ്ട്‌ ഭേഷ്‌ എന്ന്‌ എഴുതിയത്‌ പ്രചോദനമായെന്നുമെല്ലാം എം ടി എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top